2018 ജൂൺ. നാടുമുഴുവൻ നിപ വൈറസ് ഭീതിയിൽ പുറത്തിറങ്ങാതെ കഴിച്ചുകൂട്ടിയ നാളുകൾ. വിദേശത്തുള്ളവർ ഇന്ത്യയിലേക്കും വടക്കേ ഇന്ത്യയിലുള്ളവർ കേരളത്തിലേക്കുമുള്ളസന്ദർശനങ്ങൾ ഒഴിവാക്കി. തെക്കൻ കേരളത്തിലുള്ളവർ കോഴിക്കോട്ടേക്കും കോഴിക്കോട്ടുകാർ പേരാമ്പ്രയിലേക്കും പോകാൻ മടിച്ച രാപകലുകൾ. അതിലൊരു ദിനം ആ രോഗത്തിന്റെ ഭീതിയും നിസ്സഹായതയുമെല്ലാം ആറ്റിക്കുറുക്കിയ ചിത്രവുമായാണ് 'മാതൃഭൂമി'യുടെ ഒന്നാംപേജ് ജനങ്ങളിലേക്കെത്തിയത്. ബഹിരാകാശ സഞ്ചാരികളുടേതിന് സമാനമായ വസ്ത്രം ധരിച്ച് നിപരോഗികളുടെ മാലിന്യവും വഹിച്ചുള്ള സ്ട്രെച്ചർ ഉന്തിപ്പോകുന്ന ആ രണ്ട് ജീവനക്കാരുടെ ചിത്രം നിപയെന്ന മഹാവ്യാധിയുടെ എല്ലാ ഭീതിയും ബോധ്യപ്പെടുത്തി. മൂടിപ്പൊതിഞ്ഞ ആ മനുഷ്യർ ഇതുവരെ ലോകത്തിന് അജ്ഞാതരായിരുന്നു. മാതൃഭൂമി ഫോട്ടോഗ്രാഫർ സാജൻ വി. നമ്പ്യാരെടുത്ത ആ ചിത്രത്തിലെ മുഖമില്ലാത്ത രണ്ട് മനുഷ്യർ ഇതാ മലയാളികൾക്ക്മുന്നിൽ... നിപ ബാധിച്ച രോഗികളുടെ തുപ്പലും ഛർദിലുമെല്ലാം വാരിക്കോരി വൃത്തിയാക്കിയാണ് കോഴിക്കോട് കാരപ്പറമ്പ് സ്വദേശി കെ.യു. ശശിധരനും പാഴൂർ സ്വദേശി ഇ.പി. രജീഷും നിപനാളുകളിൽ മെഡിക്കൽ കോളേജിൽനിന്ന് തങ്ങളുടെ വീടുകളിലേക്ക് മടങ്ങിയത്. മരണവാർഡുകൾ തൂത്തും തുടച്ചും വൈറസുകളെ പടരാതെ മാലിന്യക്കൂനകളിൽ തളച്ചിട്ടത് രജീഷും ശശിയും ഉൾപ്പെട്ട ശുചിത്വ തൊഴിലാളികളായിരുന്നു. ഡോക്ടർമാരും നഴ്സുമാരും രോഗികളെ ശുശ്രൂഷിച്ചപ്പോൾ അക്ഷരാർഥത്തിൽ വൈറസിനെ മുഖാമുഖം കണ്ട് ഇവർ പൊരുതി. നിപരോഗികൾ ചികിത്സ തേടിയെത്തിയ കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്ന് പല ജീവനക്കാരും ജോലി ഉപേക്ഷിച്ചുപോയ ഘട്ടത്തിലാണ് ഇവരെപ്പോലുള്ളവർ ആശുപത്രിക്കൊപ്പം നിന്നത്. ഓരോ രോഗിയും മരിച്ചുവീഴുന്ന വാർത്തകൾ പുറത്തുവരുമ്പോൾ ശശി അമ്മയോട് ചോദിക്കും: ''ഞാൻ ചത്തുപോയാൽ നിങ്ങളെന്ത് ചെയ്യും. മകനെന്ന നിലയിൽ നിങ്ങക്കെന്നോട് ഒരു താത്പര്യവുമില്ലേ'' എന്ന്. അപ്പോൾ ആ അമ്മ പറഞ്ഞു: ''അറ്റാക്ക് വന്നാലും മനുഷ്യർ മരിക്കും. നീ ചെയ്യുന്നത് സേവനമാണ്. അതിൽ അന്തസ്സും അഭിമാനവും ഉണ്ടായിരിക്കണം.'' നിപരോഗികളുടെ സ്പർശനമേറ്റ, ഉമിനീരിറ്റിയ സർവയിടങ്ങളും തുടച്ചു വൃത്തിയാക്കിയും അവരുപയോഗിച്ച കക്കൂസും കുളിമുറിയും ബ്ലീച്ചിങ് പൗഡറിട്ട് കഴുകിയും രോഗം പടരാതെ കാത്തത് ശശിയെയും രജീഷിനെയും പോലുള്ള ദിവസവേതന തൊഴിലാളികളാണ്. അതിനാലാവാം നിപകാലത്തെ അടയാളപ്പെടുത്തിയ ആ ഫോട്ടോയിലെ കഥാപാത്രങ്ങൾ ആവാനുള്ള യോഗം അവർക്ക് ലഭിച്ചതും. അമ്മ പറഞ്ഞതുപോലെ അന്തസ്സോടെ ജോലിചെയ്തപ്പോൾ കാലം അവരെ ആ ചിത്രത്തിലൂടെ അടയാളപ്പെടുത്തുകയായിരുന്നു. അതേ ചിത്രം നിപ രോഗപശ്ചാത്തലത്തിൽ ആഷിക് അബു ഒരുക്കുന്ന 'വൈറസ്' എന്ന സിനിമയുടെ പോസ്റ്ററുമായിത്തീർന്നത് നിമിത്തം മാത്രം. അന്ന്, ജൂൺ മൂന്നിന് നിപ വാർഡിലെ രോഗികളുപയോഗിച്ച വസ്ത്രങ്ങളും മറ്റവശിഷ്ടങ്ങളും കൊണ്ടുപോകാൻ ഉത്തരവാദപ്പെട്ട ജീവനക്കാരൻ ഭയംകൊണ്ട് അതിന് തയ്യാറായില്ല. അങ്ങനെയാണ് ദൗത്യം ശശിധരൻ ഏൽക്കുന്നത്. കൂട്ടിന് രജീഷിനെയും വിളിച്ചു. രണ്ടുപേരും ചേർന്ന് വൈറസുകൾ അടങ്ങിയ സകല സാമഗ്രികളും കവറുകളിലാക്കി കെട്ടി സ്ട്രച്ചറിൽ ഉന്തിക്കൊണ്ടുപോവുകയായിരുന്നു. അപ്പോ ൾ പെരുമഴ പെയ്യുന്നുണ്ടായിരുന്നു. പക്ഷേ, കാത്തുവെക്കാൻ വയ്യ. എത്രയും പെട്ടെന്ന്് കോമ്പൗണ്ടിനുള്ളിൽനിന്ന് കടത്തിയേ തീരൂ. സാധാരണ കത്തിക്കാനുള്ള കടലാസുകൾ പച്ചക്കവറിലും ബോട്ടിലുകൾ കറുപ്പ് കവറിലും ഗ്ലൗസുകൾ ചുവപ്പു കവറിലുമാക്കിയാണ് വർഗീകരിച്ചിരുന്നത്. എന്നാൽ, നിപകേസിൽ മാലിന്യങ്ങൾ വർഗീകരിക്കേണ്ടതില്ല. എല്ലാം ഒരുമിച്ച് സംസ്കരിക്കുകയായിരുന്നു. അപ്പോഴാണ് ആ ദൃശ്യം സാജൻ വി. നമ്പ്യാരുടെ ക്യാമറക്കണ്ണുകളിലുടക്കുന്നത്. മരണവാർഡിലെ പണി മരിച്ചുപോകുമോയെന്ന് പേടിയുള്ളപ്പോഴും മരിച്ചാൽ വീട്ടുകാർക്ക് കാശെന്തെങ്കിലും ലഭിക്കുമല്ലോ എന്ന ഗതികേടിന്റെ നെരിപ്പോടുകളാണ് നിപ വാർഡിലേക്ക് രജീഷിനെ കൊണ്ടെത്തിച്ചത്. നാട്ടിൽ പണി കുറവുള്ള സമയം. മൂന്നുമാസം വീട്ടിലിരിക്കുന്നതിനെക്കാൾ ഭേദം ജോലിചെയ്യുകയാണെന്ന ബോധ്യത്തിൽ, പത്രത്തിൽ പരസ്യം കണ്ട്് ഇന്റർവ്യൂവിന് വരികയായിരുന്നു രജീഷ്. മേയ് 22-നാണ് നിപ വാർഡിലേക്കായി താത്കാലിക ശുചിത്വ തൊഴിലാളികളുടെ അഭിമുഖം നടക്കുന്നത്. ആയിരത്തോളം ആളുകൾ വരാറുണ്ടായിരുന്ന ഇന്റർവ്യൂവിന് അന്നെത്തിയത് 10 പേർ മാത്രം. മേയ് 23-ന് രജീഷ് ജോലിയിൽ പ്രവേശിച്ചു. ''ഇതൊരുയുദ്ധമാണ്. ആ യുദ്ധത്തിലെ പടയാളികളാണ് നമ്മളോരോരുത്തരും. എന്തും സംഭവിക്കാം. മരണം മാത്രമേ മുന്നിലുള്ളൂ. ഒരു രോഗിയെയെങ്കിലും രക്ഷപ്പെടുത്താനായാൽ അത് ചരിത്രമാകും'' എന്നാണ് ജോലിയിൽ പ്രവേശിക്കുമ്പോൾ ജൂനിയർ ആർ.എം.ഒ. രജീഷിനോട് പറഞ്ഞത്. ''നിപ വാർഡിനുള്ളിൽ എല്ലാവരും സമൻമാരായിരുന്നു. ഡോക്ടർ, നഴ്സ്, ക്ലീനിങ് സ്റ്റാഫ് എന്ന വ്യത്യാസമില്ലാതെ എല്ലാവരും ഒരേ വേഷത്തിൽ, പി.പി. കിറ്റ് (പ്രൊട്ടക്ഷൻ കിറ്റ്) ധരിച്ചാണ് വാർഡിനുള്ളിൽ അത്ര ദിവസവും കഴിച്ചുകൂട്ടിയത്. ഇതെങ്ങനെ ധരിക്കണമെന്ന്് ക്ലാസൊന്നും ലഭിച്ചിരുന്നില്ല. ഗോഗിൾസിനുള്ളിൽ (കണ്ണട) പലപ്പോഴും ആവി കയറി. അതിനുപുറമേ അരണ്ടവെളിച്ചവും മൂലം മിക്ക സമയങ്ങളിലും കണ്ണുകാണാതെ തപ്പിത്തടഞ്ഞാണ് നടന്നിരുന്നത്'' -രജീഷ് പറയുന്നു.തപ്പിത്തപ്പി രജീഷ് ആദ്യം പോയത് ഉബീഷ് കിടന്ന 27-ാം നമ്പർ മുറിയിലേക്കാണ്. നിപ സ്ഥിരീകരിച്ചശേഷം രക്ഷപ്പെട്ട രണ്ടുപേരിലൊരാളാണ് ഉബീഷ്. ''എന്നെ കണ്ടതും ഭക്ഷണം കഴിക്കുകയായിരുന്ന ഉബീഷ് അത് നിർത്തി വായ പൊത്തി ഇരുന്നു. എനിക്കൊന്നും മനസ്സിലായില്ല. മറ്റുള്ളവർക്ക് വരേണ്ടെന്ന് കരുതി വാ പൊത്തുന്നതാണെന്ന് ബൈസ്റ്റാൻഡർ പറഞ്ഞു. മുന്നിൽ മരണം മാത്രം കാത്തുകിടക്കുന്ന ഉബീഷ് ഉള്ളിനെ വല്ലാതെ കുലുക്കി.'' ''ആദ്യം 12 മണിക്കൂറായിരുന്നു തൂപ്പ് തൊഴിലാളികളുടെ ഡ്യൂട്ടി. കിറ്റ് ധരിച്ചുകൊണ്ട് നേരാംവണ്ണം ഓക്സിജൻ വലിക്കുന്നതു ബുദ്ധിമുട്ടുള്ള കാര്യമായതിനാൽ ആരോഗ്യപ്രവർത്തകർ ഇടപെട്ട് ഡ്യൂട്ടി ആറുമണിക്കൂറാക്കി. നിപകാലത്ത്് ഈ തൊഴിലാളികളെല്ലാം വീട്ടിൽ പോയിരുന്നു. പോകാൻ നേരം പി.പി. കിറ്റ് അഴിച്ച് കുളിച്ച് യൂണിഫോമിടും. പിന്നീട് യൂണിഫോം അലക്കി സ്വന്തം വസ്ത്രം ധരിച്ചാണ് വീട്ടിൽ പോകുന്നത്. അപ്പോഴേക്കും ഓരോരുത്തരും മൂന്നും നാലും കുളി കഴിഞ്ഞിട്ടുണ്ടാകും''- രജീഷ് കൂട്ടിച്ചേർത്തു. വാർഡിൽ മരണം കാത്തുകിടന്ന ഒരു രോഗിയിൽനിന്ന് രോഗബാധിതനായെന്ന് രജീഷ് ഒരിക്കൽ ആശങ്കപ്പെട്ടിരുന്നു. കുനിഞ്ഞിരുന്ന് അവർ കിടന്നിരുന്ന കട്ടിലിന്റെ അടി തുടയ്ക്കുമ്പോഴാണ് ആ രോഗി രജീഷിന്റെ മുതുകിലേക്ക് ഛർദിക്കുന്നത്. പിറ്റേന്നുതന്നെ ആ രോഗി മരിച്ചു. അവർ കിടന്നിരുന്ന മുറിയും കട്ടിലും സാധനസാമഗ്രികളും തുടച്ചുവൃത്തിയാക്കിയതും അവശിഷ്ടങ്ങളെല്ലാം കെട്ടി സുരക്ഷിത സ്ഥലത്തെത്തിച്ചതുമെല്ലാം രജീഷായിരുന്നു. നിപ പ്രതീക്ഷിച്ചാണ് പിന്നീടങ്ങോട്ട് ഓരോ ദിവസവും രജീഷ് തള്ളിനീക്കിയത്. എന്തു കണ്ടിട്ടാണ് എടുത്തുചാടിയതെന്ന് പലപ്പോഴും രജീഷ് ആലോചിച്ചിട്ടുണ്ട്. മരിച്ചുകഴിഞ്ഞാൽ സർക്കാർ നഷ്ടപരിഹാരം തരുകയാണെങ്കിൽ നമ്മള് പോയാലും കുടുംബം രക്ഷപ്പെടുമല്ലോ എന്ന തോന്നലിൽ ജോലിയിൽ തുടരുകയായിരുന്നു. ''ആരും ചെയ്യാത്ത കാര്യം ചെയ്യുമ്പോഴല്ലേ നമ്മുടെ ജീവിതത്തിനും അർഥൊള്ളൂ... മരിച്ചുകഴിഞ്ഞാലും ഓർമിക്കപ്പെടണമെന്ന മോഹം ഏതൊരു സാധാരണക്കാരനെയുംപോലെ എനിക്കുമുണ്ടായിരുന്നു. ആ ധൈര്യം വെച്ചിറങ്ങിയതാണ് ഞങ്ങൾ''- രജീഷ് അഭിമാനത്തോടെ പറഞ്ഞു. ആളൊഴിഞ്ഞആശുപത്രി വരാന്തകൾ നിപ മരണങ്ങൾ ഓരോ ദിവസവും റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ പലരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജോലിക്ക് വരാൻ മടിച്ചു. ജോലിയിൽ പ്രവേശിക്കണമെന്ന് പലരോടും ഓഫീസിൽനിന്ന് വിളിച്ച് അഭ്യർഥിച്ചെങ്കിലും മിക്കവരും തയ്യാറായില്ല. ആ സമയങ്ങളിൽ ഷൂട്ടിങ്ങിന് മണ്ണാർക്കാട് പോയതായിരുന്നു ശശിധരൻ. ജൂനിയർ ആർട്ടിസ്റ്റായി നൂറുകണക്കിന് സിനിമകളിൽ ശശിധരൻ വേഷമിട്ടിട്ടുണ്ട്. പക്ഷേ, നിപ വാർഡിൽ വേണ്ടത്ര ജീവനക്കാരില്ലെന്ന വിവരം കിട്ടിയ ഉടൻ നിർമാതാവിനോടും സംവിധായകനോ ടും ഒന്നും പറയാതെ അന്ന് രാത്രിതന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ബസ് കയറി. താൻ ജോലിചെയ്യാൻ തയ്യാറാണെന്ന് അധികൃതരെ അറിയിച്ചു. പിറ്റേന്നുതന്നെ ജോലിയിൽ പ്രവേശിച്ചു. പി.പി. കിറ്റ് ധരിച്ചാണ് നിപ വാർഡിലുള്ള എല്ലാ ജീവനക്കാരും ജോലിചെയ്തത്. ഈ വസ്ത്രം ധരിച്ച് ആറുമണിക്കൂറിലധികം നിന്നാൽ ശരീരം തളർന്ന് ബോധമില്ലാത്ത അവസ്ഥയിലേക്കെത്തുമായിരുന്നുവെന്ന് ശശിധരൻ പറയുന്നു. വസ്ത്രം ഒരുവട്ടം അഴിച്ചാൽ പിന്നെ പുതിയവ ധരിക്കണം. വൈറസ് പടരാനുള്ള സാധ്യത അത്ര കൂടുതലാണ്. വിലകൂടിയ വസ്ത്രമായതിനാൽ നഷ്ടം ഉണ്ടാക്കേണ്ടെന്ന് കരുതി പലപ്പോഴും വസ്ത്രം അഴിക്കാതിരിക്കാൻ മൂത്രം പോലും ഒഴിക്കാതെയാണ് ജോലിയിൽ തുടർന്നതെന്ന് ശശി പറയുന്നു. ''ശരിക്കും മരിക്കാൻ തയ്യാറായിത്തന്നെ ജോലിക്ക് വന്നവരാണ് ഞങ്ങൾ 30 തൊഴിലാളികളും. അതിൽ സ്ത്രീകളുമുണ്ട്. വേണേൽ ജോലി ഉപേക്ഷിച്ച് പോകാമായിരുന്നു. പക്ഷേ, മരിക്കുന്നെങ്കിൽ എന്നായാലും മരിക്കും അങ്ങനെയാണേൽ അത് സത്കർമം ചെയ്തുകൊണ്ടാവട്ടേന്ന് ഞങ്ങൾ പരസ്പരം ആശ്വസിച്ചു''- ശശിധരൻ തുടർന്നു. രണ്ട് മണിക്കൂർ കൂടുമ്പോൾ ബ്ലീച്ചിങ് പൗഡറിട്ടാണ് നിപവാർഡിലെ മുറിയും സാധനസാമഗ്രികളും ശശിയും രാജേഷുമടക്കമുള്ളവർ വൃത്തിയാക്കിയത്. ''ഡോക്ടർമാരുടെ പേനവരെ ബ്ലീച്ചിട്ട് തുടച്ചു. രോഗികൾ മാറുന്നതിനനുസരിച്ച് പുതിയ ഷീറ്റുകൾ വിരിച്ചുകൊണ്ടിരിക്കണം. രണ്ടു മണിക്കൂർ കൂടുമ്പോൾ വാർഡിലെ ഓരോ ഭാഗങ്ങളും തുടച്ചുവൃത്തിയാക്കി. ഓരോ രോഗി മരിച്ചുവീഴുമ്പോഴും ബ്ലീച്ചിട്ട് ചുമര് കഴുകും. എന്നിട്ട് രണ്ടു മണിക്കൂർ ഫ്യുമിഗേഷൻ മെഷീൻ (പുകച്ച് അന്തരീക്ഷം അണുവിമുക്തമാക്കുന്ന യന്ത്രം) വെയ്ക്കും. ഫ്യുമിഗേഷൻ സമയത്ത് ശ്വാസംമുട്ടി മരിച്ചുപോകുന്ന അവസ്ഥവരെയുണ്ടായി. പി.പി. കിറ്റ് ധരിച്ച് വൃത്തിയാക്കിയതുകൊണ്ട് ചൂടും പുകയും താങ്ങാനാവാതെ ബോധക്ഷയംവരെ പലർക്കുമുണ്ടായി.'' മരിച്ച നിപരോഗികളിൽ പലരുടെയും മൃതദേഹം കെട്ടിപ്പൂട്ടി സുരക്ഷിതമാക്കിയത് ശശിയായിരുന്നു. രണ്ട് മൂന്ന് കവറിങ് മൃതദേഹത്തിനുണ്ടാവും.സിപ്പ് ഇട്ട് കഴിഞ്ഞ് അണുവിമുക്തമാക്കാൻ സ്പ്രേ ചെയ്യും. പിന്നെ ടെമ്പോ വിളിച്ചാണ് മൃതദേഹം കൊണ്ടുപോയിരുന്നത്.''ഒരിക്കൽ, നിപ ബാധിച്ചുമരിച്ച സ്ത്രീയുടെ മൊബൈൽ ഫോണും റേഷൻ കാർഡും മൃതദേഹത്തോടൊപ്പം ഞങ്ങൾ കെട്ടിപ്പൂട്ടി. ആ മൊബൈലും കാർഡും അവരുടെ വീട്ടുകാർക്ക്് തിരിച്ചുകൊടുത്തൂടെ എന്ന് ചോദിച്ചവരുണ്ട്. പക്ഷേ, അത്തരം സെന്റിമെന്റ്സുകൾക്കൊന്നും നിന്നുകൊടുക്കാതെ ഞങ്ങൾ ഞങ്ങളുടെ ജോലിചെയ്തു. കളിക്കുന്നത് വൈറസിനോടാണ്''. ആ ജാഗ്രത കണ്ട് കേന്ദ്ര ആരോഗ്യ പ്രവർത്തകരടക്കം തങ്ങൾക്ക് പെരുവിരലുയർത്തി അഭിനന്ദനം തന്നിട്ടുണ്ടെന്ന്് ശശിധരൻ പറയുന്നു. ''ഫോട്ടോയിലെ കാപ്ഷനിലൂടെ മാതൃഭൂമി ഞങ്ങൾക്ക് ബിഗ്സല്യൂട്ട് തന്നെങ്കിൽ ഞങ്ങൾ ബിഗ്സല്യൂട്ട് നൽകുന്നത് ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്കാണ്. അത്ര മികച്ച ഏകീകരണമായിരുന്നു. മന്ത്രി ടി.പി. രാമകൃഷ്ണനും ആരോഗ്യവകുപ്പും ഡോക്ടർമാരും നഴ്സുമാരും തൂപ്പ് തൊഴിലാളികളും അച്ചിട്ട യന്ത്രംപോലെയാണ് പ്രവർത്തിച്ചത്'' -ശശിധരൻ അഭിമാനത്തോടെ പറഞ്ഞു. നിപ കെട്ടടങ്ങി. ഇത് ഇത്ര സംഭവമായിരുന്നോ എന്ന് പുച്ഛിക്കുന്നവരോട് രജീഷിന് പറയാനുള്ളത് ഇത്രമാത്രം:''ഡോക്ടർമാരും നഴ്സുമാരും എന്തിന് ഞങ്ങളുൾപ്പെടുന്ന ക്ലീനിങ് സ്റ്റാഫടക്കം ഇത്ര അച്ചടക്കത്തോടെ പ്രവർത്തിച്ചില്ലായിരുന്നെങ്കിൽ നിപമരണം 16-ൽഒതുങ്ങില്ലായിരുന്നു. നിപയുടെ രണ്ടാംഘട്ടം തുടങ്ങിയിരുന്നെങ്കിൽ ഒരുപക്ഷേ, ആദ്യം മരിച്ചുവീഴുന്നത് ഞങ്ങളെപ്പോലുള്ളവരാകുമായിരുന്നു. അതുണ്ടാവാഞ്ഞതിൽ മലയാളികൾക്ക് അഭിമാനിക്കാം.'' ശശിധരനും രജീഷും സാജൻ വി. നമ്പ്യാർക്കൊപ്പം മഴമറയിലൂടെ ആ ക്ലിക്ക് പേരാമ്പ്രയിലും സൂപ്പിക്കടയിലും നിപ ബാധിച്ച് മരിച്ച എട്ടുപേരുടെ വീടുകളിൽ ഞാനും പോയിരുന്നു. അതിവൈകാരികമായാണ് അവർ ഞങ്ങളോടന്ന് പ്രതികരിച്ചത്. ആരോഗ്യപ്രവർത്തകരോ പഞ്ചായത്ത് അംഗങ്ങളോ എന്തിന്, കുടുംബാംഗങ്ങൾപോലുമോ തിരിഞ്ഞുനോക്കാത്ത തങ്ങളുടെ വീടുകളിലേക്ക് എങ്ങനെ മാതൃഭൂമിക്കാർക്കു മാത്രം വരാൻ തോന്നിയെന്ന് അവരിൽ പലരും അന്ന് ചോദിച്ചു. കൈനീട്ടിക്കൊടുക്കാതിരുന്നാൽ വിഷമിക്കും എന്നു കരുതി കൈകൊടുത്തു തോളിൽത്തട്ടിയാണ് അന്ന് ഓരോ വീട്ടിൽനിന്നും ഇറങ്ങിയത്. എന്നാൽ, പിന്നീടുള്ള ദിവസങ്ങളിൽ സ്ഥിതിഗതികൾ മാറിമറിഞ്ഞു. മരണം കൂടുന്തോറും പേടി കൂടി. പിന്നീടങ്ങോട്ട് ഉറക്കമില്ലാത്ത ദിവസങ്ങളായി. ആദ്യംതന്നെ മോളെയും ഭാര്യയെയും വീട്ടിലേക്ക് പറഞ്ഞയച്ചു. ഒരാഴ്ചയോ അതുമല്ലെങ്കിൽ രണ്ടാഴ്ചയോ മാത്രമേ ഇനി ഭൂമിയിലുണ്ടാവുകയുള്ളൂ എന്ന് മനസ്സിലുറപ്പിച്ചു. ഓർക്കാൻ തക്കവിധത്തിൽ പടമെടുത്തു പോകണമെന്നായി പിന്നീടങ്ങോട്ടുള്ള ചിന്ത മുഴുവനും. അങ്ങനെയാണ് മെഡിക്കൽ കോളേജിലെത്തുന്നത്. പക്ഷേ, ഒരു മനുഷ്യനെപ്പോലും എങ്ങും കാണാനുണ്ടായിരുന്നില്ല. ഒരു പടവും ലഭിച്ചില്ല. പോകാനൊരുങ്ങുമ്പോഴാണ് പെരുമഴ പെയ്തത്. ആ മഴ ഐസൊലേഷൻ വാർഡിൽ പിടിച്ചുനിർത്തി. അരമണിക്കൂർ കഴിഞ്ഞപ്പോൾ ഐസൊലേഷൻ വാർഡിന്റെ വാതിൽ തുറന്ന് രണ്ട് രൂപങ്ങൾ പുറത്തേക്കുവന്നു. പക്ഷേ, അപ്പോൾ പടമെടുക്കുന്നതിനെ കുറിച്ച് ഓർത്തതേയില്ല. വേസ്റ്റുകൾ എങ്ങനെയൊക്കെയോ അവർ ബാലൻസ്ചെയ്ത് വെക്കുകയായിരുന്നു. അത് ഒന്നുരണ്ടുവട്ടം താഴെ വീണു. വീണ്ടും പെറുക്കിവെച്ച് ബാലൻസ് ചെയ്യാൻ ശ്രമിച്ചു. ദയനീയമായ ആ കാഴ്ചകണ്ട് കണ്ണുനിറഞ്ഞുപോയി. ഇവർ ചെയ്യുന്നതിനു മുന്നിൽ നമ്മുടെ പേടിയൊന്നും ഒന്നുമല്ല എന്ന തിരിച്ചറിവിന്റെ നിമിഷങ്ങൾ.ആ സമയത്ത് ലഭിച്ച വല്ലാത്തൊരു ധൈര്യം അവരുടെ അടുത്തേക്ക് പോകാനുള്ള ഊർജം നൽകി. ഈ പടമെടുത്തിട്ട് വരുന്ന രോഗം വരട്ടെയെന്ന് കരുതി അവരെ പിന്തുടർന്നു. വളരെ പതുക്കെ വീഴാതെ ബാലൻസ് ചെയ്ത് ശ്രദ്ധയോടെയാണ് അവർ നടന്നത്. കയറ്റം നന്നേ ബുദ്ധിമുട്ടി തള്ളിക്കയറ്റി. മഴയെ വകവയ്ക്കാതെ ഞാൻ ക്ലിക്ക് ചെയ്തു... Content highlights: NipahVirus,SajanVNambiarPhoto,VirusMoviePoster
from mathrubhumi.latestnews.rssfeed https://ift.tt/2NcRvOK
via
IFTTT
No comments:
Post a Comment