ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയിൽ കന്യാസ്ത്രീകൾ നടത്തുന്ന സമരത്തെക്കുറിച്ചുളള ചോദ്യത്തിൽ പ്രകോപിതനായതിൽ ക്ഷമ ചോദിച്ച് നടൻ മോഹൻലാൽ. കേരളം ഏറ്റവും അധികം ചർച്ച ചെയുന്ന വിഷയമായത് കൊണ്ട് ആ ചോദ്യം പ്രസക്തമാണെന്നും പക്ഷെ അതിന് ഉത്തരം നൽകാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല താനെന്നും അതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും മോഹൻലാൽ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. തന്റെ ഉത്തരം ഒരു വ്യക്തിയെയോ, സ്ഥാപനത്തെയോ, പത്രപ്രവർത്തനത്തെയോ ഉദ്ദേശിച്ചായിരുന്നില്ലെന്നും മോഹൻലാൽ വ്യക്തമാക്കി മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് സുഹൃത്തേ , എനിക്ക് നിങ്ങളുടെ മുഖം ഓർമ്മയില്ല. ശബ്ദം മാത്രമേ ഓർമ്മയിലുള്ളു. നിങ്ങളുടെ ചോദ്യത്തിന് ഞാൻ പറഞ്ഞ മറുപടിയും മറക്കാനാവുന്നില്ല. അതുകൊണ്ടാണ് ഇങ്ങനെയൊരു കുറിപ്പ്. എന്റെ അച്ഛൻന്റെയും അമ്മയുടെയും പേരിൽ സമൂഹസേവനത്തിനും മനുഷ്യനന്മയ്ക്കുമായി രൂപീകരിച്ച ട്രസ്റ്റ് ആണ് വിശ്വശാന്തി . നിശബ്ദമായി പലകാര്യങ്ങളും ഞങ്ങൾ ചെയ്യുന്നു. ഈ കഴിഞ്ഞ പ്രളയ ദുരന്തത്തിൽ പെട്ടവർക്ക് ഒരുപാട് സഹായങ്ങൾ ഞങ്ങൾ എത്തിച്ചു . ഇപ്പോഴും ആ പ്രവർത്തി തുടരുന്നു. അതിന്റെ ഭാഗമായി വിദേശത്തുനിന്നു സമാഹരിച്ച കുറേ സാധനങ്ങൾ ശനിയാഴ്ച കൊച്ചിയിലെ പോർട്ടിൽ നിന്നും പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയക്കാനാണ് അതിരാവിലെ ഞാൻ കൊച്ചിൻ പോർട്ടിൽ എത്തിയത്. ഞങ്ങൾ ക്ഷണിച്ചിട്ടാണ് അതിരാവിലെ തന്നെ അവിടെ മാധ്യമപ്രവർത്തകർ വന്നത്. മാധ്യമപ്രവർത്തകരോട് ഞങ്ങളുടെ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിക്കുമ്പോഴാണ് ആണ് നിങ്ങൾ അനവസരത്തിലുള്ള ഒരു ചോദ്യം എന്നോട് ചോദിച്ചത്. കേരളം ഇപ്പോൾ ഏറ്റവുമധികം ചർച്ച ചെയ്യുന്ന വിഷയമായതുകൊണ്ട് തീർച്ചയായും ആ ചോദ്യം പ്രസക്തവുമാണ് . പക്ഷെ ആ ചോദ്യത്തിന് പെട്ടെന്നൊരു മറുപടി പറയാൻതക്കവണ്ണമുള്ള ഒരു മാനസികനിലയിൽ ആയിരുന്നില്ല ഞാൻ. ഒരു മനുഷ്യൻ എന്ന നിലയിലും ഒരു മകൻ എന്ന നിലയിലും എന്റെ മനസ്സ് അപ്പോൾ മറ്റൊരാവസ്ഥയിലായിരുന്നു. അതുകൊണ്ടാണ് എന്റെ ഉത്തരം അങ്ങിനെയായത് . അവിടെ നടക്കുന്ന ആ കർമ്മത്തെപ്പറ്റി ഒരു ചോദ്യം പോലും ചോദിക്കാതെ നിങ്ങൾ ഇങ്ങനെ ഒരു ചോദ്യം ചോദിക്കാൻ പാടില്ലായിരുന്നു എന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞിട്ടുണ്ടാകാം ... അതുകൊണ്ടാണ് അങ്ങനെ ഒരു ഉത്തരം എന്നിൽ നിന്നും ഉണ്ടായത്. ഒരു രാത്രി കഴിഞ്ഞിട്ടും അത് മനസ്സിൽ നിന്നും മായാതെ ഇരിക്കുന്നതിനാലാണ് ഇങ്ങനെ ഒരു കുറിപ്പ് ...എന്റെ ഉത്തരം ആ ചോദ്യം ചോദിച്ച വ്യക്തിയെ വേദനിപ്പിച്ചുവെങ്കിൽ അത് ഒരു മൂത്ത ചേട്ടൻ പറഞ്ഞതാണ് എന്ന് കരുതി ക്ഷമിക്കുക. വിട്ടു കളഞ്ഞേക്കുക .....എന്റെ ഉത്തരം ഒരു വ്യക്തിയെയോ, സ്ഥാപനത്തെയോ, പത്രപ്രവർത്തനത്തെയോ ഉദ്ദേശിച്ചായിരുന്നില്ല.. നമ്മൾ ഇനിയും കാണേണ്ടവരാണ് , നിങ്ങളുടെ ചോദ്യങ്ങൾക്കു ഞാൻ മറുപടിപറയേണ്ടതുമാണ്... സ്നേഹപൂർവ്വം മോഹൻലാൽ മോഹൻലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി കൊച്ചിയിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹം മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ചത്. വെല്ലിങ്ടൺ ഐലന്റിലെ കളക്ഷൻ സെന്ററിലെത്തി ദുരിതബാധിതർക്ക് സഹായങ്ങൾ കൈമാറാൻ എത്തിയപ്പോഴായിരുന്നു കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ച് പ്രകോപിതനായി സംസാരിച്ചത്. കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ച് എന്താണ് അഭിപ്രായമെന്നായിരുന്നു ചോദ്യം. നിങ്ങൾക്ക് നാണമുണ്ടോ ഇങ്ങനെ ആവശ്യമില്ലാത്ത കാര്യം ചോദിക്കാൻ, നല്ല ഒരു കാര്യം പറയുമ്പോൾ.... കന്യാസ്ത്രീകൾക്ക് എന്ത് ചെയ്യണം, അതും ഇതുമായിട്ട് എന്ത് ബന്ധം, നിങ്ങൾക്ക് വേറെ എന്തെങ്കിലുമൊക്കെ ചോദിക്കാല്ലോ, ഇതൊക്കെയാണോ.. അത് പൊതുവികാരമാണോ, ഇത്രയും വലിയ പ്രോബ്ളം ഇവിടെ നടക്കുമ്പോൾ- എന്നായിരുന്നു മോഹൻലാലിന്റെ മറുപടി പിന്നീട് മോഹൻലാൽ സംസാരിക്കാൻ തയ്യാറായില്ല. mohanlal on nun protest against franco mulakkal jalandhar bishop mohanlal apologize
from mathrubhumi.latestnews.rssfeed https://ift.tt/2D1xISE
via
IFTTT
No comments:
Post a Comment