കൊല്ലം : നഗരമധ്യത്തിൽ അർദ്ധരാത്രി ഓട്ടോ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളെന്ന് സംശയിക്കുന്ന അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്യുകയാണ്. കൊല്ലം ജോനകപ്പുറം ചന്ദനയഴികത്ത് പുരയിടത്തിൽ സിയാദി(32)നെയാണ് ഞായറാഴ്ച അർദ്ധരാത്രി ചിന്നക്കടയിൽവെച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. സിയാദ് ഓട്ടംകഴിഞ്ഞ് മടങ്ങവെ രാത്രി പന്ത്രണ്ടോടെയാണ് ആക്രമണത്തിന് ഇരയായത്. ആദ്യം ചിന്നക്കട ഉഷ തിയേറ്റർ ജങ്‌ഷനിൽവെച്ചാണ് ഒരുസംഘം ആക്രമിച്ചത്. വെട്ടും കുത്തുമേറ്റ സിയാദ് പ്രാണരക്ഷാർഥം മഹാറാണി മാർക്കറ്റ് ഭാഗത്തേക്ക് ഓട്ടോ ഓടിച്ചുവരുമ്പോൾ നിയന്ത്രണംവിട്ട് വണ്ടി മറിഞ്ഞു. സിയാദിനെ പിന്തുടർന്ന സംഘം അവിടെയെത്തി വീണ്ടും ആക്രമിച്ച് മരണം ഉറപ്പുവരുത്തിയാണ് പിൻവാങ്ങിയത്.കഴുത്തിന്റെ പിൻഭാഗത്ത് വെട്ടും കുത്തുമേറ്റതിനെ തുടർന്ന് രക്തം വാർന്നാണ് മരണമെന്ന് പോലീസ് പറഞ്ഞു. ഹോക്കി സ്റ്റിക്കുകൊണ്ടുള്ള അടിയേറ്റ് വാരിയെല്ലുകളും തകർന്നതായി പോലീസ് വ്യക്തമാക്കി. സിയാദിനുണ്ടായിരുന്ന വിവാഹേതരബന്ധമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് സംശയിക്കുന്നു. സമീപത്തെ ക്ഷേത്രത്തിനടുത്തുള്ള പൂക്കടയിലുണ്ടായിരുന്ന രണ്ട് യുവാക്കൾ, ഓട്ടോറിക്ഷ മറിയുന്നതുകണ്ടു. ഓട്ടോയ്ക്ക് പുറത്ത് സിയാദിനെ ചോരവാർന്നനിലയിൽ കണ്ട ഇവർ സമീപത്തെ കൺട്രോൾ റൂം പോലീസ് ഔട്ട് പോസ്റ്റിൽ അറിയിച്ചു. സംഭവസ്ഥലത്തുനിന്ന് ബൈക്കിൽ രണ്ടുപേർ കടന്നുകളഞ്ഞതായും ഇവർ പോലീസിനോട് പറഞ്ഞു. പോലീസെത്തി സിയാദിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മറിഞ്ഞ ഓട്ടോയ്ക്ക് സമീപത്തുനിന്ന് ഹോക്കി സ്റ്റിക്കും മൊബൈലും പേഴ്‌സും പോലീസ് കണ്ടെടുത്തിട്ടുണ്ട്. അവിവാഹിതനായ സിയാദിന് പള്ളിത്തോട്ടം സ്വദേശിയായ പ്രവാസിയുടെ ഭാര്യയുമായി അടുപ്പമുണ്ടായിരുന്നു. പ്രശ്നങ്ങളെ തുടർന്ന് സ്ത്രീയും ഭർത്താവും ഇരവിപുരത്തേക്ക് താമസംമാറി. ഇതിനിടെ സിയാദിനൊപ്പം സ്ത്രീ രണ്ടാഴ്ചയോളം താമസിച്ചു. ഭർത്താവും ബന്ധുക്കളും ചേർന്ന് സ്ത്രീയെ തിരികെക്കൊണ്ടുവന്ന് കൗൺസലിങ്ങിന് വിധേയമാക്കി. എന്നിട്ടും അടുപ്പം പുലർത്തിയതിനെ തുടർന്ന് ബന്ധുക്കളും ഇവർ ഏർപ്പാടാക്കിയ ക്വട്ടേഷൻ സംഘവും ചേർന്ന് സിയാദിനെ കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ നിഗമനം. സ്ത്രീയുടെ മാതൃസഹോദരൻ ഉൾപ്പെടെ പത്തുപേരുടെപേരിൽ പോലീസ് കേസെടുത്തിട്ടുണ്ട്. നഗരത്തിലെ ഐ.എൻ.ടി.യു.സി. ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയനിൽ അംഗമായിരുന്നു സിയാദ്.ബീച്ച് റോഡിൽനിന്ന് ചിന്നക്കടഭാഗത്തേക്ക് വരികയായിരുന്ന സിയാദിന്റെ ഓട്ടോയെ ആഡംബര ബൈക്കിൽ എത്തിയ രണ്ടുപേർ പിന്തുടരുന്ന ദൃശ്യങ്ങൾ നഗരത്തിലെ സുരക്ഷാ ക്യാമറകളിൽനിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ ബൈക്ക് തന്നെയാണ് മഹാറാണി മാർക്കറ്റിൽ സിയാദിന്റെ ഓട്ടോയ്ക്ക് സമീപത്തുനിന്ന് പോയതെന്നും പോലീസ് കണ്ടെത്തി. തുടർന്നാണ് പ്രതികളെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിലെടുത്തത്. അവിഹിതബന്ധവുമായി ബന്ധപ്പെട്ട് ഒരുമാസത്തിനുള്ളിൽ നഗരത്തിൽ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്. ജയിലിലായ ഗുണ്ടാത്തലവന്റെ ഭാര്യയെ ഒപ്പം താമസിപ്പിച്ചതിന് കിളികൊല്ലൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി തമിഴ്നാട്ടിൽ കുഴിച്ചുമൂടിയ സംഭവം അടുത്തിടെയുണ്ടായി.
from mathrubhumi.latestnews.rssfeed https://ift.tt/2D8xkBU
via
IFTTT
No comments:
Post a Comment