കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് കാര്യത്തിൽ വെള്ളിയാഴ്ച നടന്നത് ഉദ്വേഗജനകമായ മുഴുനീള നാടകം. ഉച്ചയോടെ അറസ്റ്റുചെയ്തെന്ന വാർത്ത പുറത്തുവന്നു. എന്നാൽ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചില്ല. വെള്ളിയാഴ്ച അറസ്റ്റുചെയ്യുമെന്ന ഉറപ്പിലാണ് തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസ് പരിസരം പുലർന്നത്. എങ്കിലും കഴിഞ്ഞ രണ്ടു ദിവസങ്ങളിലെപ്പോലെ അനിശ്ചിതാവസ്ഥയും കാത്തിരിപ്പും മൂന്നാം ദിവസവും നീണ്ടു. രാവിലെ പത്തരയോടെ അന്വേഷണസംഘം സ്ഥലത്തെത്തി. 10 മിനിറ്റ് കഴിഞ്ഞപ്പോൾ ഫ്രാങ്കോയെയുംകൊണ്ട് അന്വേഷണസംഘവുമെത്തി. ചോദ്യംചെയ്യലിന്റെ ആദ്യദിവസം എത്തിയ ഫോക്സ്വാഗൻ കാറിലായിരുന്നു ഫ്രാങ്കോ വന്നത്. മുന്നിലും പിന്നിലും പോലീസ്. പിന്നെ മുൻ ദിവസങ്ങളിലെപ്പോലെ കാത്തിരിപ്പുതുടങ്ങി. ക്രൈം ബ്രാഞ്ച് ഓഫീസിനുമുന്നിൽ വലിയ ആൾക്കൂട്ടമൊന്നുമുണ്ടായില്ല. ഓഫീസിന് മുന്നിലെ റോഡിലൂടെ വെള്ളിയാഴ്ചയും പോലീസ് ആളുകളെ കടത്തിവിട്ടില്ല. ഏകദേശം 11.50-ഓടെ ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് യുവമോർച്ച ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനവുമായെത്തി. ബിഷപ്പിന്റെ കോലം കത്തിച്ചു. തൊട്ടുപിന്നാലെ കെ.എസ്.യു. പ്രവർത്തകരെത്തി റോഡിൽ കുത്തിയിരുന്നു. തുടർന്ന് എ.കെ.വൈ.എഫ്. പ്രവർത്തകരും സ്ഥലത്തെത്തി ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ടു. ഉച്ചകഴിഞ്ഞതോടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന വിവരം പുറത്തുവന്നു. ഈ വിവരം ഹൈക്കോടതി ജങ്ഷനിലെ സമരപ്പന്തലിലെത്തിയത് അവിടെ സമരക്കാരെ ആവേശത്തിലാക്കി. വലിയരീതിയിൽ ആഹ്ലാദപ്രകടനങ്ങളും നടന്നു. പക്ഷേ, ഔദ്യോഗിക സ്ഥിരീകരണം വരാത്തത് കാത്തിരിപ്പു പിന്നെയും നീട്ടി. ഇതിനിടെ ഒരുസംഘം അന്വേഷണ ഉദ്യോഗസ്ഥർ കുറവിലങ്ങാട് മഠത്തിലെത്തി കന്യാസ്ത്രീയുടെ മൊഴി വീണ്ടും എടുത്തെന്നും ബിഷപ്പിന്റെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും വാർത്ത പരന്നു. മഠത്തിന്റെ സുരക്ഷ ശക്തമാക്കി എന്ന വിവരവും എത്താൻ തുടങ്ങിയതോടെ എല്ലാവരും അറസ്റ്റ് ഉറപ്പിച്ചു. വൈകുന്നേരമായപ്പോൾ ബിഷപ്പിനെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ നടക്കുന്നെന്നും തൃപ്പൂണിത്തുറ താലുക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ ലഭ്യത പരിശോധിക്കുന്നുവെന്നുമുള്ള വിവരം പുറത്തറിഞ്ഞു. ഇതോടെ സന്ധ്യയ്ക്കുമുൻപ് അറസ്റ്റ് ഒൗദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ഏകദേശം ഉറപ്പായി. പക്ഷേ, 6.45-ഓടെ പുറത്തെത്തിയ അന്വേഷണ ഉദ്യോഗസ്ഥർ ബിഷപ്പിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അറിയിച്ചു. എന്നാൽ ഐ.ജി. ഓഫീസിൽവെച്ച് അന്വേഷണ ഉദ്യോഗസ്ഥൻ ബിഷപ്പിന്റെ അറസ്റ്റ് സ്ഥിരീകരിച്ചതോടെ ഒരു പകൽനീണ്ട അനിശ്ചിതത്വത്തിന് വിരാമമായി.
from mathrubhumi.latestnews.rssfeed https://ift.tt/2QQbXbg
via
IFTTT
No comments:
Post a Comment