ന്യൂഡൽഹി: ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എ.ബി.വി.പി.ക്കു ഭൂരിപക്ഷം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേയ്ക്ക് എ.ബി.വി.പി. സ്ഥാനാർഥികൾ വിജയിച്ചു. എന്നാൽ, സെക്രട്ടറി സ്ഥാനം എൻ.എസ്.യു(ഐ) നേടി. അങ്കിവ് ബസോയയാണ് പുതിയ പ്രസിഡന്റ്. ശക്തി സിങ് വൈസ് പ്രസിഡന്റായും ജ്യോതി ചൗധരി ജോ. സെക്രട്ടറിയായും വിജയിച്ചു. ആകാശ് ചൗധരിയാണ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എൻ.എസ്.യു. സ്ഥാനാർഥി. എൻ.എസ്.യു. സ്ഥാനാർഥി സണ്ണി ചില്ലറിനെ 1600 വോട്ടുകൾക്കാണു എ.ബി.വി.പി. പരാജയപ്പെടുത്തിയത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ തകരാർ കണ്ടെത്തിയതിനെത്തുടർന്നു മൂന്നുതവണ നിർത്തിവെച്ച വോട്ടെണ്ണൽ വൈകീട്ടു ആറുമണിയോടെയാണു പുനരാരംഭിച്ചത്. തുടർന്ന്, ഫലപ്രഖ്യാപനം വൈകുകയായിരുന്നു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ പ്രശ്നങ്ങളെത്തുടർന്നു വോട്ടെണ്ണൽ നിർത്തിവച്ചതിനു പിന്നാലെ എ.ബി.വി.പി-എൻ.എസ്.യു(ഐ) പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ഒട്ടേറെ വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെ തിരഞ്ഞെടുപ്പിനുപയോഗിച്ച ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ കേന്ദ്ര- സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനുകൾ നൽകിയതല്ലെന്ന വിശദീകരണം പുതിയ വിവാദത്തിനു തുടക്കമിട്ടിട്ടുണ്ട്. വോട്ടിങ് യന്ത്രങ്ങളിൽ തിരിമറി നടന്നെന്ന ആരോപണത്തിനിടെയാണു ഇവ ഡൽഹി സർവകലാശാല അധികൃതർ സ്വകാര്യ കമ്പനികളിൽ നിന്നു വാങ്ങിയതാണെന്നു വിശദീകരണമെത്തിയത്. സർവകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പിൽ വൻ തിരിമറി നടന്നെന്നും ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു നിയമനടപടി സ്വീകരിക്കുമെന്നു എൻ.എസ്.യു.ഐ. നേതാക്കൾ അറിയിച്ചു. ദേശീയരാഷ്ട്രീയത്തിൽ യുവാക്കൾ എങ്ങനെ ചിന്തിക്കുമെന്നു വിലയിരുത്തപ്പെടുന്നതാണ് ഡി.യു. ഫലമെന്നു വ്യാഖാനമുണ്ടായിരുന്നു. പൊതു തിരഞ്ഞെടുപ്പു നടക്കാനിരിക്കേ അതിന്റെ മുന്നോടിയാവും ഈ ശാക്തികബലാബലമെന്നും വിലയിരുത്തലുണ്ടായി.
from mathrubhumi.latestnews.rssfeed https://ift.tt/2OjoIcH
via
IFTTT
No comments:
Post a Comment