കോട്ടയം: ബലാത്സംഗ കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതോടെ സാക്ഷികള്‍ സ്വാധീനിക്കപ്പെടുമെന്നും കേസ് അട്ടിമറിക്കപ്പെടുമെന്നുമുള്ള കന്യാസ്ത്രീകളുടെയും അവരുടെ കുടുംബത്തിന്റേയും ആശങ്ക സത്യമാകുന്നുവെന്ന് സൂചന. കേസില്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീയുടെ പക്കല്‍ ശക്തമായ തെളിവുകള്‍ ഉണ്ടെന്നും തനിക്കത് ബോധ്യപ്പെട്ടിട്ടുണ്ടെന്നും കേസിന്റെ ആദ്യഘട്ടത്തില്‍ മാധ്യമങ്ങളില്‍ വ്യക്തമാക്കിയ കോടനാട് പള്ളി വികാരി നിക്കോളാസ് മണിപ്പറമ്പലിന്റെ നിലപാട് മാറ്റമാണ് ഇപ്പോള്‍ സംശായാപ്ദമായിരിക്കുന്നത്.
അറസ്റ്റ് വൈകുന്തോറും ബിഷപ്പ് സാക്ഷികളെ സ്വാധീനിക്കുമെന്ന് കേസ് അട്ടിമറിക്കുമെന്നും പരാതിക്കാരി തുടക്കം മുതല്‍ ഉന്നയിക്കുന്നതാണ്. ഇടവക വികാരിയെപോലെ ശക്തനായ ഒരാളെ തുടക്കത്തില്‍ തന്നെ സ്വാധീനിക്കാന്‍ കഴിയുമെങ്കില്‍ മറ്റുള്ളവരുടെ കാര്യം എന്താണെന്നാണ് പരാതിക്കാരിയുടെ കുടുംബത്തിന്റെ ആശങ്ക.
ആദ്യഘട്ടത്തില്‍ പരാതിക്കാരിക്കൊപ്പം നില്‍ക്കുകയും അവരുടെ പരാതിയില്‍ കഴമ്പുണ്ടെന്നാണ് തനിക്ക് ബോധ്യപ്പെട്ടതെന്നും ദൃശ്യമാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയ അവരുടെ ഇടവക പള്ളി വികാരിയാണ് ഇപ്പോള്‍ പരാതിക്കാരിയേയും അവരുടെ കുടുംബത്തേയും തള്ളിപ്പറഞ്ഞിരിക്കുന്നത്. കന്യാസ്ത്രീയുടെ പക്കലുള്ള തെളിവുകള്‍ താന്‍ കണ്ടിട്ടില്ലെന്നും അവരുടെ പക്കല്‍ തെളിവുണ്ടെങ്കില്‍ അത് പോലീസിന് നല്‍കണമെന്നും അത് ശക്തമാണെങ്കില്‍ പോലീസ് ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റു ചെയ്യുമെന്നുമാണ് ഇപ്പോള്‍ വൈദികന്റെ നിലപാട്.
തെളിവുകള്‍ അവര്‍ പോലീസിന് കൈമാറിയതായി തനിക്കറിയില്ല. തെരുവില്‍ സമരത്തിന് ഇറങ്ങും മുന്‍പ് കയ്യിലുണ്ടെന്ന് അവര്‍ അവകാശപ്പെട്ട ആ തെളിവ് ഇന്നെങ്കിലും കേരള പോലീസിന് കൈമാറിയാല്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നാളെ കേരളത്തില്‍ എത്തുന്ന നിമിഷം അറസ്റ്റു ചെയ്യാന്‍ പോലീസിന് കഴിയും. പറഞ്ഞതുപോലെ തെളിവുണ്ടെങ്കില്‍ അവര്‍ തെരുവില്‍ ഇറങ്ങേണ്ട ആവശ്യമില്ലായിരുന്നു. ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് വൈദികന്‍ സ്വന്തം ഇടവകയിലെ കുടുംബത്തെ തള്ളിപ്പറഞ്ഞത്.
[IMG]
കന്യാസ്ത്രീയും കുടുംബവും തെരുവില്‍ നടത്തുന്ന സമരമാണ് വൈദികനെ ചൊടിപ്പിച്ചിരിക്കുന്നത്. സമരം കത്തോലിക്കാ സഭയേയും കത്തോലിക്കാ പൗരോഹിത്യത്തേയും അവഹേളിക്കാന്‍ വിട്ടുകൊടുക്കുകയാണെന്ന് വൈദികന്‍ പറയുന്നു. തെളിവുകള്‍ ഉണ്ടെന്ന് പറയുന്ന അവര്‍ തെളിവുകള്‍ കോടതിക്കും പോലീസിനും കൈമാറാതെ തെരുവിലിറങ്ങി പ്രതികരിക്കുമ്പോള്‍ വിശ്വാസികളെ ഇവര്‍ കബളിപ്പിക്കുകയാണ് ചെയ്യുന്നത്.
തെളിവായി മൊബൈലുണ്ടെന്നും പത്ത് പെന്‍ഡ്രൈവുകളിലായി അവ സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നും അവര്‍ എന്നെ ധരിപ്പിച്ചു. തെറ്റു ചെയ്തായാളെ സംരക്ഷിക്കണമെന്ന് താന്‍ പറയുന്നില്ല. തെറ്റു ചെയ്തയാളെ സംരക്ഷിക്കണമെന്ന് പറയുന്ന സഭയല്ല കത്തോലിക്കാ സഭ. ഒന്നുകില്‍ തെളിവുകള്‍ കൈമാറണം. അല്ലെങ്കില്‍ തെളിവില്ലെന്നിരിക്കേ വികാരിയായ എന്നോട് നുണപറഞ്ഞ് എന്നെ വഞ്ചിച്ചതിനു മാപ്പുപറയണം. ഒരിക്കല്‍ മാത്രമേ കന്യാസ്ത്രീകള്‍ എന്നെ കാണാന്‍ വന്നിട്ടുള്ളൂ. പിന്നീട് ഫോണിലോ നേരിട്ടോ ബന്ധപ്പെട്ടിട്ടില്ലെന്നും ഫാ.നിക്കോളാസ് മണിപ്പറമ്പില്‍ അഭിമുഖത്തില്‍ പറയുന്നു.
അതേസമയം, കേസിന്റെ ആദ്യഘട്ടത്തില്‍ അദ്ദേഹം ദൃശ്യമാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ: ജലന്ധര്‍ ബിഷപ്പിന്റെ പ്രതിനിധിയെന്ന നിലയില്‍ ഒരു പുരോഹിതനാണ് ആദ്യം സമീപിച്ചത്. കന്യാസ്ത്രീക്കെതിരെ ഒരു യുവതി നല്‍കിയ പരാതിയായിരുന്നു വിഷയം. കന്യാസ്ത്രീയുടെ സഹോദരനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുറവിലങ്ങാട് മഠത്തിലെ മുഴുവന്‍ കന്യാസ്ത്രീകളും ബന്ധുക്കളോടൊപ്പം ഫാ.നിക്കോളാസിനെ കാണാനെത്തി. ബിഷപ്പുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ഇടവക വികാരിയെന്ന നിലയില്‍ കന്യാസ്ത്രീകളോട് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നാണ് കന്യാസ്ത്രീകള്‍ ബിഷപ്പിനെതിരായ രേഖകള്‍ കാണിച്ചത്. ബിഷപ്പിന്റെ ശബ്ദത്തിലുള്ള സംഭാഷണങ്ങളും വാട്‌സ്ആപ് സന്ദേശങ്ങളുമൊക്കെ ഈ കന്യാസ്ത്രീകളുടെ പക്കലുണ്ട്. ''ഈ പിതാവുമായി എന്താണ് ഇത്ര വിഷയം. പിതാവുമായി കോര്‍ക്കാന്‍ പറ്റില്ല. പിതാവും കന്യാസ്ത്രീകളുമായി ഒരുമിച്ച് പോകണം എന്ന് താന്‍ പറഞ്ഞു. പിതാവിന്റെ സംഭാഷണങ്ങളും വാട്‌സ്ആപ് സന്ദേശങ്ങളും തെളിവുകളും അവരുടെ ഫോണില്‍ ഉണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.''തെളിവുകളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങളുടെ ഗൗരവം ബോധ്യപ്പെട്ടതോടെ ബിഷപ്പിന്റെ പ്രതിനിധിയെ താന്‍ കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു.
ബിഷപ്പിന്റെ കീഴിലുള്ള പഞ്ചാബ് പ്രൊവിന്‍സില്‍ നിന്നും ബിഹാര്‍ പ്രൊവിന്‍സിലേക്ക് മാറ്റം വേണമെന്ന കന്യാസ്ത്രീകളുടെ ആവശ്യം നിരസിക്കപ്പെട്ടതും അവരുടെ കുടുംബത്തിനെതിരെ കേസ് കൊടുത്തതുമാണ് ഇപ്പോള്‍ പരാതിയുമായി കന്യാസ്ത്രീകള്‍ മുന്നോട്ടുപോകാന്‍ കാരണമെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും ഫാ.നിക്കോളാസ് മണിപ്പറമ്പില്‍ പറയുന്നുണ്ട്.
പരാതിക്കാരിക്കൊപ്പം ആദ്യഘട്ടത്തില്‍ ഉറച്ചുനിന്ന വൈദികന്‍ ഇപ്പോള്‍ നിലപാട് മാറ്റിയത് സഭയില്‍ നിന്നുള്ള ശക്തമായ സമ്മര്‍ദ്ദത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നതായി കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ നല്‍കുന്ന ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ആരോപിക്കുന്നു. പോലീസ് കോടതിയില്‍ കൊടുത്തിരിക്കുന്ന ആദ്യറിപ്പോര്‍ട്ടില്‍ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ ശക്തമായ സാക്ഷിമൊഴികളും തെളിവുകളും മെറ്റീരിയന്‍ തെളിവുകളും ഉണ്ടെന്ന് വ്യക്തമാക്കുന്നു. പിന്നെ പരാതിക്കാരി പോലീസിന് തെളിവ് നല്‍കിയില്ലെന്ന് വൈദികന് എവിടെനിന്നാണ് വിവരം കിട്ടിയതെന്ന് വ്യക്തമാക്കണമെന്നാണ് ഇവരുടെ നിലപാട്. ബിഷപ്പിനെ നാളെ ചോദ്യം ചെയ്യാനിരിക്കേ, മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ബിഷപ്പ് കോടതിയിയെ സമീപിച്ചിരിക്കേ ഇന്ന് വന്ന അഭിമുഖത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു.
from mangalam.com https://ift.tt/2NnC771
via IFTTT
No comments:
Post a Comment