മുംബൈ: രൂപയുടെ മൂല്യശോഷണം കാരണം ഹ്രസ്വകാല വിദേശവായ്പകളുടെ തിരിച്ചടവിൽമാത്രം ഇന്ത്യക്ക് വരും മാസങ്ങളിൽ 70,000 കോടി രൂപയുടെ അധികബാധ്യത വരുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണവിഭാഗം കണക്കാക്കുന്നു. ഇന്ത്യൻകമ്പനികളുടെ വിദേശവായ്പയും വിദേശ ഇന്ത്യക്കാരുടെ നിക്ഷേപവും ചേർന്ന് തിരിച്ചടയ്ക്കേണ്ട തുക ഏതാണ്ട് 21,760 കോടി ഡോളർ വരുമെന്നാണ് 2017-ലെ കണക്ക്. ഇതിൽ 2018-ന്റെ രണ്ടാംപകുതിയിൽ തിരിച്ചടയ്ക്കേണ്ട തുക ഏതാണ്ട് 7.1 ലക്ഷം കോടി രൂപയായിരുന്നു. ഡോളറിന്റെ വിനിമയനിരക്ക് 65.1 രൂപയാണെന്ന് കണക്കാക്കിയാലുള്ള തുകയാണിത്. ഡോളറിന്റെ വില 71.4 രൂപയാകുമ്പോൾ തിരിച്ചടയ്ക്കേണ്ട തുക 7.8 ലക്ഷം കോടി രൂപയായി ഉയരുമെന്ന് എസ്.ബി.ഐ.യുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യകാന്തി ഘോഷ് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. അതായത് 70,000 കോടി രൂപയുടെ അധികബാധ്യത. ഇതിനുപുറമേ അസംസ്കൃത എണ്ണയുടെ ഇറക്കുമതിത്തുകയിൽ 45,700 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാവും. രൂപ പിടിച്ചുനിന്നു തുടർച്ചയായ പതനത്തിനുശേഷം ഇന്ത്യൻ രൂപ കാര്യമായ മൂല്യശോഷണമില്ലാതെ പിടിച്ചുനിന്ന ദിവസമായിരുന്നു വെള്ളിയാഴ്ച. റിസർവ് ബാങ്ക് ഇടപെട്ട് വൻതോതിൽ ഡോളർ വിറ്റഴിച്ചതുകൊണ്ടാണ് രൂപയുടെ തകർച്ച ഒഴിവായത് എന്നാണറിയുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 72.12 രൂപയിലെത്തിയിരുന്ന ഡോളറിന്റെ മൂല്യം വൈകീട്ട് വിപണി അടയ്ക്കുമ്പോൾ 71.99 രൂപയായിരുന്നു. വെള്ളിയാഴ്ച രാവിലെ 71.95 രൂപയിലാണ് വിനിമയം തുടങ്ങിയത്. രൂപ പിന്നീട് 71.74-ലേക്ക് മെച്ചപ്പെട്ടു. ഒടുവിൽ വ്യാഴാഴ്ചത്തെക്കാൾ 26 പൈസയുടെ നേട്ടവുമായി 71.73 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്. വ്യാഴാഴ്ച വിപണിയിൽ ഇടപെടാതിരുന്ന റിസർവ് ബാങ്ക് രൂപയുടെ മൂല്യം 72-ൽ താഴാതിരിക്കുന്നതിന് വെള്ളിയാഴ്ച ശ്രമിച്ചിരുന്നു എന്നാണ് വിദേശനാണ്യ വിനിമയവിപണിയിലുള്ളവർ പറയുന്നത്. ആർ.ബി.ഐ.യുടെ ഇടപെടൽ ഇല്ലെങ്കിൽ അടുത്തയാഴ്ച ഡോളറിന്റെ മൂല്യം 72.50 രൂപയിലേക്കെത്തുമെന്നാണ് കരുതുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2CFlM94
via
IFTTT
No comments:
Post a Comment