ബെംഗളൂരു: പിരിഞ്ഞു താമസിക്കുന്ന ദമ്പതികൾ അന്യോന്യം കുറ്റപ്പെടുത്തി ഫയൽ ചെയ്തത് 67 കേസുകൾ. ഭാര്യക്കെതിരെ 58 കേസുകൾ ഭർത്താവ് ഫയൽ ചെയ്തപ്പോൾ ഒമ്പതു കേസുകളാണ് ഭർത്താവിനെതിരെ ഭാര്യ ഫയൽ ചെയ്തത്. പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട് ഫയൽ ചെയ്ത കേസുകളുടെ എണ്ണം 67 ആയതോടെ, ഹൈക്കോടതിയുടെ അനുമതി കൂടാതെ ഇനി പുതിയ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്ന് സുപ്രീം കോടതി ഇരുവർക്കും നിർദേശം നൽകി. ജസ്റ്റിസ് കുര്യൻ ജോസഫിന്റെ ബെഞ്ചാണ് ബെംഗളൂരു സ്വദേശികളായ ദമ്പതികൾക്ക് നിർദേശം നൽകിയതെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു അമേരിക്കൻ പൗരത്വമുള്ള സോഫ്റ്റ്വെയർ എൻജിനീയറാണ് ഭർത്താവ്. എം ബി എ ബിരുദധാരിയാണ് ഭാര്യ. 2002ലാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷം ഇരുവരും അമേരിക്കയിലേക്ക് പോയി. 2009ൽ ഇവർക്ക് കുട്ടിയും ജനിച്ചു. ഭർത്താവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് ഭാര്യ ഇപ്പോൾ മാതാപിതാക്കൾക്കൊപ്പം ബെംഗളുരുവിലാണ് താമസം. കഴിഞ്ഞ ഏഴുവർഷത്തിനിടെയാണ് ഇവർ പരസ്പരം 67 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കോടതിയുടെ പരിഗണനയിലുള്ള തർക്ക വിഷയങ്ങളുമായി ബന്ധപ്പെട്ട് ക്രിമിനലോ സിവിലോ ആയ കേസുകൾ അന്യോന്യമോ ഇരുഭാഗത്തെയും കുടുംബങ്ങൾക്കെതിരെയോ കുട്ടി പഠിക്കുന്ന സ്കൂളിനെതിരെയോ ഇരുഭാഗത്തെയും അഭിഭാഷകർക്കെതിരെയോ ഇനി ഫയൽ ചെയ്യുന്നത് ഹൈക്കോടതിയുടെ അനുമതിയോടെയേ ആകാവൂ എന്നാണ് സുപ്രീം കോടതിയുടെ നിർദേശം. കുട്ടി പഠിക്കുന്ന സ്കൂളിൽ മാതാപിതാക്കളുടെ പ്രവേശനത്തിനും കോടതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇരുവരുടെയും സന്ദർശനം സ്കൂൾ അധികൃതർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നെന്നും ഒമ്പതുവയസ്സുകാരനായ കുട്ടിക്ക് വേദനയും അപമാനവും സൃഷ്ടിക്കുന്നെന്നും കണ്ടെത്തിയതിനെ തുടർന്നാണ് ഇത്. ആറുമാസത്തിനുള്ളിൽ ദമ്പതികളുടെ വിവാഹമോചനക്കേസിലും കുട്ടിയുടെ സംരക്ഷണാവകാശം ഉൾപ്പെടെയുള്ള കേസുകളിലും തീർപ്പുണ്ടാക്കാൻ ബെംഗളൂരുവിലെ കോടതികൾക്ക് സുപ്രീം കോടതി നിർദേശവും നൽകിയിട്ടുണ്ട്. content highlights:Estranged Bengaluru Couple Slap 67 Cases on Each Other
from mathrubhumi.latestnews.rssfeed https://ift.tt/2xfH6fQ
via
IFTTT
No comments:
Post a Comment