മൂവാറ്റപുഴ: കേരളത്തെ വന്‍ പ്രതിസന്ധിയിലാഴ്ത്തിയ ജലപ്രളയത്തിലെ ദുരിതാശ്വാസ ക്യാമ്പിന്റെ മറവില്‍ സിവില്‍ സപ്ലൈസ് ഗോഡൗണില്‍ നിന്നും 30 ടണ്ണോളം അരി കടത്തി പാര്‍ട്ടി കുടുംബങ്ങളില്‍ വിതരണം ചെയ്തു. മൂവാറ്റുപുഴയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഒത്താശയോടെ ജനപ്രതിനിധികളുടെ ലെറ്റര്‍ ഹെഡില്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്കെന്ന നിലയില്‍ നഗരസഭയിലെ സി.പി.എം കൗണ്‍സിലറുടെ നിര്‍ദേശപ്രകാരമാണ് അരി കടത്തിയതെന്നാണ് വിവരം.
ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യമായ അരി നല്‍കാന്‍ സിവില്‍ സപ്ലൈസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയ ഉത്തരവിന്റെ മറവിലാണ് അരി കടത്തിയത്. ചില കൗണ്‍സിലര്‍മാര്‍ 10 മുതല്‍ 25 വരെ ചാക്ക് അരി ഇത്തരത്തില്‍ ഇഷ്ടക്കാര്‍ക്കായി വിതരണം നടത്തിയെന്നാണ് ആക്ഷേപം. തന്റെ പേരില്‍ വരെ വ്യാജ ഒപ്പിട്ടു അരി തട്ടിയെടുത്തതായി കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രമീളഗിരീഷും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ സിവില്‍ സപ്ലൈസ് അന്വേഷണം ആരംഭിച്ചു. ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസര്‍മാരോട് വിശദീകരണം തേടിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ 'മംഗള'ത്തോട് പറഞ്ഞു. അരികടത്തിയ സംഭവം മൂവാറ്റുപുഴയ്ക്കു പറുമേ നോര്‍ത്ത് പറവൂരിലും നടന്നിട്ടുണ്ട്.
റേഷന്‍ കടകളില്‍ നിന്നും സപ്ലൈക്കോ ഗോഡൗണില്‍ നിന്നുമാണ് ലോഡ് കണക്കിന് അരി നഷ്‌പ്പെട്ടിരിക്കുന്നത്. ക്യാമ്പുകളിലേക്കാവശ്യമായ അരി നല്‍കുന്നതിന് വില്ലേജ് ഓഫീസര്‍മാരുടെ സാക്ഷ്യപത്രം വാങ്ങണമെന്ന നിര്‍ദേശവും പാലിക്കപ്പെട്ടില്ല. മൂവാറ്റുപുഴയിലെ ഒരു ക്യാമ്പുകളിലുംസര്‍ക്കാര്‍ അരി ഉപയോഗിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും ക്യാമ്പുകളിലേക്ക് ആവശ്യത്തിലധികം സഹായങ്ങള്‍ വിവിധ മേഖലകളില്‍ നിന്നും ലഭ്യമായതായും ഔദ്യോഗിക കേന്ദ്രങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
മൂവാറ്റുപുഴയിലെ 93 ക്യാമ്പുകളില്‍ മുപ്പതിനായിരത്തിലേറെ ആളുകള്‍ ക്യാമ്പുകളില്‍ അഭയം തേടിയിരുന്നു. ഇവര്‍ക്കാവശ്യമായ അരിയും മറ്റുആവശ്യ സാധനങ്ങളും ലഭ്യമാക്കുന്നതില്‍ ജനപ്രതിനിധികള്‍ക്കൊപ്പം വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയും ചെയ്തു. യാതൊരു പരാതികള്‍ക്കും ഇടയില്ലാത്ത വിധമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ര്ടീയം മറന്നാണ് ഏവരും ഒറ്റക്കെട്ടായത്. ക്യാമ്പുകളില്‍ നിന്നും ബാക്കിയായ വിഭവങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ദുരിതബാധിതര്‍ക്കുള്ള ആശ്വാസ കിറ്റുകളും വിതരണം ചെയ്തിരുന്നു. ജില്ലയില്‍ ഏറ്റവും ആദ്യം ഇത്തരത്തില്‍ സര്‍ക്കാര്‍ സംവിധാനത്തിലൂടെ കിറ്റ് വിതരണം നടന്നതും മൂവാറ്റുപുഴയിലായിരുന്നു.
ചില ജനപ്രതിനിധികള്‍ അനര്‍ഹമായി അരികടത്തിയതിനെതിരെ വെള്ളം ഇറങ്ങി ഉടന്‍ കൂടിയ അവലോകന യോഗത്തില്‍ പലകോണുകളില്‍ നിന്നും പരാതികള്‍ ഉയര്‍ന്നിരുന്നു. ഒരുക്യാമ്പിലേക്കും സര്‍ക്കാര്‍ വിഹിതമായ അരി ഉപയോഗിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും അരി ദുരുപയോഗം ചെയ്തതായുള്ള പരാതി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ. പറഞ്ഞു. ഏതെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ ഗൗരവമായി കാണുമെന്നും അദ്ദേഹം അറിയിച്ചു.
ഇതു സംബന്ധിച്ചു വിജിലന്‍സിനും ഭക്ഷ്യസിവില്‍ സപ്ലെസ് മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുരിത ബാധിതര്‍ക്കു കിട്ടേണ്ട ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുകയും നിയമ വിരുദ്ധമായി സിവില്‍ സപ്ലെസ് ഓഫിസിന്റെ രേഖകളില്‍ കൃത്രിമം നടത്തി അരി കടത്തുകയും ചെയ്ത സംഭവത്തില്‍ സി.പി.എമ്മിന്റെ പങ്ക് അന്വേഷിക്കണമെന്നു ഡി.സി.സി ജനറല്‍ സെക്രട്ടറി പി.പി.എല്‍ദോസ് ആവശ്യപ്പെട്ടു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സി.പി.ഐയും രംഗത്ത് വന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം മന്ത്രി എ.സി. മൊയ്തീന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ജില്ലാതല അവലോകന യോഗത്തിലും വിഷയം ഉയര്‍ന്ന് വന്നിരുന്നു. സംഭവത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സി.പി.ഐയും കോണ്‍ഗ്രസും രംഗത്ത് വന്നിട്ടുണ്ട്. താലൂക്ക് സപ്ലൈ ഓഫീസര്‍മാരില്‍ നിന്നും റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ വിവരങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറുമെന്നും ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട വിഷയമായതിനാല്‍ വിവരം ജില്ലാ ഭരണകൂടത്തെ അറിയിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ പറഞ്ഞു.
from mangalam.com https://ift.tt/2N99Z6S
via IFTTT
No comments:
Post a Comment