ലണ്ടൻ: വാലിൽക്കുത്തി കരുത്തുകാട്ടിയ ഇംഗ്ലണ്ടിനെതിരേ അവസാന ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ പിന്നോട്ടടിക്കുന്നു. വാലറ്റക്കാരുടെ ബാറ്റിങ് മികവിൽ ഒന്നാമിന്നിങ്സിൽ 332 റൺസെടുത്ത ഇംഗ്ലണ്ടിനെതിരേ ഇന്ത്യ രണ്ടാം ദിവസം കളിനിർത്തുമ്പോൾ ആറു വിക്കറ്റിന് 174 റൺസെന്ന നിലയിലാണ്. ഒന്നാമിന്നിങ്സിൽ ഏഴിന് 181 എന്നനിലയിലേക്ക് കൂപ്പുകുത്തിയ ആതിഥേയർ അവസാന മൂന്ന് വിക്കറ്റിൽ 151 റൺസ് ചേർത്ത് മികച്ച ടോട്ടലിലെത്തുകയായിരുന്നു. ഏഴാമനായിറങ്ങിയ വിക്കറ്റ് കീപ്പർ ജോസ് ബട്ലറാണ് (89) അവരുടെ ടോപ് സ്കോറർ. സ്കോർ: ഇംഗ്ലണ്ട് ഒന്നാമിന്നിങ്സ് 332; ഇന്ത്യ ഒന്നാമിന്നിങ്സ് 6-ന് 174. കഴിഞ്ഞ നാലു ടെസ്റ്റിൽ മൂന്നിലും തോറ്റ് പരമ്പര അടിയറവെച്ച (3-1) ഇന്ത്യയ്ക്ക് മുഖം രക്ഷിക്കാനുള്ള അവസരമാണ് അഞ്ചാം ടെസ്റ്റ്. എന്നാൽ, മുൻനിര ബാറ്റ്സ്മാന്മാർ എളുപ്പത്തിൽ മുട്ടുമടക്കുന്നത് ശാപമാകുന്ന കാഴ്ച ശനിയാഴ്ച വീണ്ടും കണ്ടു. ഓപ്പണർ ശിഖർ ധവാൻ (3), വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ (0) എന്നിവർ തീർത്തും നിരാശപ്പെടുത്തിയപ്പോൾ ലോകേഷ് രാഹുൽ (37), ചേതേശ്വർ പുജാര (37) എന്നിവർ കിട്ടിയ മികച്ച തുടക്കം കളഞ്ഞുകുളിച്ചു. തുടർന്ന് അഞ്ചാം വിക്കറ്റിൽ വിരാട് കോലിയും ഹനുമ വിഹാരിയും ചേർന്ന് 51 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 70 പന്തിൽ 49 റൺസെടുത്ത് നിൽക്കെ കോലിയെ പുറത്താക്കി സ്റ്റോക്ക്സ് ഈ കൂട്ടുകെട്ട് പൊളിച്ചു. തൊട്ടുപിന്നാലെ റിഷഭ് പന്തിനേയും (5) സ്റ്റോക്ക്സ് തിരിച്ചയച്ചു. നിലവിൽ 25 റൺസുമായി വിഹാരിയും എട്ടു റൺസുമായി ജഡേജയുമാണ് ക്രീസിൽ. ഇംഗ്ലണ്ടിനായി ആൻഡേഴ്സണും സ്റ്റോക്ക്സും രണ്ടു വിക്കറ്റെടുത്തപ്പോൾ ബ്രോഡിനും സാം കറനും ഓരോ വിക്കറ്റുണ്ട്. ഏഴിന് 198 എന്നനിലയിൽ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിനുവേണ്ടി എട്ടാം വിക്കറ്റിൽ ബട്ലർ-റഷീദ് (15) സഖ്യം 33 റൺസും ഒമ്പതാം വിക്കറ്റിൽ ബട്ലർ-ബ്രോഡ് (38) സഖ്യം 98 റൺസും കൂട്ടിച്ചേർത്തു. ഇന്ത്യയ്ക്കുവേണ്ടി ഇടങ്കയ്യൻ സ്പിന്നർ രവീന്ദ്ര ജഡേജ 79 റൺസിന് നാലു വിക്കറ്റെടുത്ത് ബൗളിങ്ങിൽ മുമ്പനായി. ഫാസ്റ്റ്ബൗളർമാരായ ജസ്പ്രീത് ബുംറയും ഇഷാന്ത് ശർമയും മൂന്നു വിക്കറ്റുവീതം നേടി. 30 ഓവർ എറിഞ്ഞ ഷമിക്ക് വിക്കറ്റൊന്നുമില്ല. 133 പന്തിൽ ആറു ബൗണ്ടറിയും രണ്ടു സിക്സറും പറത്തിയാണ് ബട്ലർ 89 റൺസെടുത്തത്. അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടചൊല്ലുന്ന ഓപ്പണർ അലസ്റ്റർ കുക്ക് (71), മോയീൻ അലി (50) എന്നിവരും ഇംഗ്ലണ്ട് ബാറ്റിങ്ങിൽ ശോഭിച്ചു. Content Highlights: India vs England Test Cricket Oval
from mathrubhumi.latestnews.rssfeed https://ift.tt/2NzIzr7
via
IFTTT
No comments:
Post a Comment