തിരുവനന്തപുരം: അണക്കെട്ടുകൾ തുറന്നാൽ ഒട്ടും ആശങ്കവേണ്ടെന്ന് ആവർത്തിക്കുകയാണ് പ്രളയത്തിന്റെ തൊട്ടുമുമ്പുവരെ മന്ത്രിമാരെല്ലാം ചെയ്തത്. എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും അവർ ആവർത്തിച്ചിരുന്നു. എന്നാൽ, പ്രകൃതിദുരന്തങ്ങളെ സംബന്ധിച്ച മുന്നറിയിപ്പ് ശാസ്ത്രീയവും വ്യക്തവുമായി നൽകുന്ന ശീലം ഇനിയും കേരളത്തിലില്ല. ജാഗ്രതപാലിക്കണമെന്ന് മാത്രമാണ് പറയാറ്. അണക്കെട്ടു തുറന്നാൽ നദിയിൽ എത്ര ഉയരത്തിൽ വെള്ളം പൊങ്ങുമെന്ന് വ്യക്തമായി പറയാറില്ല. വീടുകളിൽ വെള്ളം പൊങ്ങുമെന്നും ഒഴിഞ്ഞുപോകണമെന്നും തുറന്നുപറയുന്നതിനു പകരം ജാഗ്രതപാലിക്കണമെന്ന ഒഴുക്കൻ മുന്നറിയിപ്പാണ് കേരളത്തിന് പരിചിതം. ഇതേസമയം എത്ര മുന്നറിയിപ്പു നൽകിയാലും ജനം ഒഴിഞ്ഞുപോകാൻ തയ്യാറല്ലാത്ത സാഹചര്യവും കേരളത്തിലുണ്ട്. ഇടുക്കിയിലെ ഒരുക്കം തുടക്കത്തിൽ മാത്രം ഇത്തവണ എടവപ്പാതിയിൽ അടിക്കടി കനത്തമഴയും ഉരുൾപൊട്ടലുമുണ്ടായി. ദുരന്തനിവാരണ അതോറിറ്റി നിരന്തരം ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. ഇതനുസരിച്ചുള്ള ജാഗ്രത അണക്കെട്ട് പരിപാലനത്തിൽ ഉണ്ടായോ എന്ന സംശയമാണ് ഇപ്പോഴുയരുന്നത്. കൃത്യമായി ആസൂത്രണം ഇക്കാര്യത്തിൽ ഉണ്ടായെങ്കിലും അപ്രതീക്ഷിതമായ തീവ്രമഴ കണക്കുകൂട്ടലുകൾ തെറ്റിച്ചുവെന്നാണ് വൈദ്യുതിബോർഡിന്റെ വാദം. മഴക്കാലത്തിന്റെ തീവ്രത കണക്കിലെടുത്താണ് ഇടുക്കിയിലെ ചെറുതോണി അണക്കെട്ട് തുറക്കുന്നതിന് ജൂലായ് അവസാനം മുന്നൊരുക്കങ്ങൾ തുടങ്ങിയത്. ആ മാസം 26-ന് മഴ കുറഞ്ഞതോടെ ഇതെല്ലാം നിർത്തിവെച്ചു. 2397 അടിയിൽ പരിക്ഷണത്തുറക്കൽ ഉണ്ടാവുമെന്ന മുൻതീരുമാനം മാറ്റിവെച്ചു. 2398 അടിയിൽമതി പരീക്ഷണത്തുറക്കലെന്നായി പിന്നെ. ഇതേക്കുറിച്ച് മന്ത്രിമാരായ എം.എം. മണിയും മാത്യു ടി. തോമസും തമ്മിൽ മന്ത്രിസഭായോഗത്തിൽ അഭിപ്രായവ്യത്യാസവുമുണ്ടായി. നിനച്ചിരിക്കാതെ ഒഴുകിയെത്തിയ വെള്ളം പ്രയോജനപ്പെടുത്തി പരമാവധി വൈദ്യുതി ഉത്പാദിപ്പിക്കാനായി ബോർഡിന്റെ ശ്രമം. നിയന്ത്രണം കൈവിട്ടു ഓഗസ്റ്റ് എട്ടുമുതൽ പത്തുവരെ അഭൂതപൂർവമായ മഴ വന്നപ്പോൾ ബോർഡിന്റെ കണക്കുകൂട്ടലുകൾ തെറ്റി. മഴ ഇത്രയും കനത്തതാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് വൈദ്യുതിബോർഡ് അധികൃതർ പറയുന്നത്. ബോർഡിന്റെ കണക്കനുസരിച്ച് നൂറുവർഷത്തെ ഏറ്റവും വലിയ നീരൊഴുക്കാണ് ഇടുക്കിയിലുണ്ടായത്. സെക്കൻഡിൽ 25 ലക്ഷം ലിറ്റർ. ഇതോടെ മുൻകരുതലുകൾക്ക് സാവകാശമില്ലാതായി. തുറന്നുവിട്ട മറ്റ് പ്രധാന അണക്കെട്ടുകളുടെയും സ്ഥിതി ഇതുതന്നെ. ഈ ഘട്ടത്തിൽ അണക്കെട്ടിന്റെ സുരക്ഷയ്ക്ക് മുഖ്യപരിഗണന നൽകേണ്ടിവന്നുവെന്ന് അണക്കെട്ട് സുരക്ഷാ അതോറിറ്റി ചെയർമാൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ പറഞ്ഞു. ഓഗസ്റ്റിൽ മാത്രം 164 ശതമാനം അധികമഴയാണ് കേരളത്തിൽ പെയ്തത്. ജൂലായ് അവസാനംതന്നെ നിറഞ്ഞുപോയ അണക്കെട്ടുകൾക്ക് ഈ നീരൊഴുക്ക് ഉൾക്കൊള്ളാനായില്ല. മഴ കനക്കുന്നതിനുമുമ്പേ ഡാമുകളിലെ വെള്ളം ഘട്ടംഘട്ടമായി ഒഴുക്കിവിട്ടിരുന്നെങ്കിൽ ദുരന്തത്തിന്റെ വ്യാപ്തി കുറയുമായിരുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനം ഇതാണ്. ഇതാണ് അണക്കെട്ടുകളുടെ അശാസ്ത്രീയ പരിപാലനമാണ് ഈ ദുരന്തത്തിന് കാരണമെന്ന് പരിസ്ഥിതിശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിൽ ചൂണ്ടിക്കാട്ടിയത്. അണക്കെട്ടില്ലാത്ത 1924-ലെ വെള്ളപ്പൊക്കം കേരളത്തിലെ ഇപ്പോഴത്തെ പ്രളയത്തിന് അണക്കെട്ടുകളാണെന്ന വാദം ശരിയല്ലെന്ന് പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ ആർ.വി.ജി. മേനോൻ പറഞ്ഞു. 1924-ൽ ഇതിനെക്കാൾ വലിയ വെള്ളപ്പൊക്കമുണ്ടായപ്പോൾ (99-ലെ വെള്ളപ്പൊക്കം) കേരളത്തിൽ ഒറ്റ അണക്കെട്ടേ ഉണ്ടായിരുന്നുള്ളൂ. മുല്ലപ്പെരിയാർ മാത്രം. ഇടുക്കി അണക്കെട്ട് വരുന്നതിനുമുമ്പ് പറവൂർ ഭാഗത്ത് എല്ലാവർഷവും വെള്ളം കയറുമായിരുന്നു. അണക്കെട്ട് വന്നതോടെയാണ് ഇതുനിന്നത്. വെള്ളംപൊങ്ങുമ്പോൾ അതിന് ഒഴുകാൻ സ്ഥലം വേണം. ആ സ്ഥലങ്ങളെല്ലാം ഇപ്പോൾ ജനവാസകേന്ദ്രങ്ങളായി എന്നതാണ് പ്രശ്നം. ഇതാണ് തിരുത്തേണ്ടത്. എല്ലാ അണക്കെട്ടുകളും ഒരുമിച്ച് തുറന്നുവെന്ന വാദവും ശരിയല്ല. എല്ലാം ഒരുമിച്ചുനിറഞ്ഞാൽ ഒരുമിച്ചുതന്നെ തുറക്കേണ്ടിവരും -അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2o354Gu
via
IFTTT
No comments:
Post a Comment