ന്യൂഡൽഹി: ബി.ജെ.പി.യുടെ നിർണായക ദേശീയ നിർവാഹകസമിതിയോഗം ഓഗസ്റ്റ് 18, 19 തീയതികളിൽ ഡൽഹിയിൽ ചേരും. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ചേരുന്ന യോഗത്തിൽ നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും ചർച്ചചെയ്യും. ഒരുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് നിർവാഹകസമിതി ചേരുന്നത്.പ്രതിപക്ഷം ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പുകളെ നേരിടാൻ തീരുമാനിച്ച പശ്ചാത്തലത്തിൽ ഇതിനെതിരേ സ്വീകരിക്കേണ്ട തന്ത്രങ്ങൾ, ദളിത് പ്രശ്‌നങ്ങൾ, അസം പൗരത്വരജിസ്റ്റർ തുടങ്ങിയവ അജൻഡയാവും. വോട്ടുബാങ്ക് വിപുലീകരിക്കുന്നത് ലക്ഷ്യമിട്ട് പിന്നാക്കവിഭാഗങ്ങളെ ആകർഷിക്കുന്നതിനുള്ള പരിപാടികൾ യോഗം ആവിഷ്‌കരിക്കും.പൗരത്വരജിസ്റ്റർ വിവാദം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഹിന്ദുവോട്ടുകളുടെ ഏകീകരണത്തിന് സഹായിക്കുമെന്നാണ് ബി.ജെ.പി.യുടെ കണക്കുകൂട്ടൽ. ബംഗ്ലാദേശി കുടിയേറ്റക്കാരെ അസമിൽനിന്നൊഴിവാക്കാനുള്ള നടപടിയായി ഇതുയർത്തിക്കാണിക്കും. ദേശീയ പിന്നാക്കവിഭാഗ കമ്മിഷന് ഭരണഘടനാപദവി നൽകുന്നതിന് വ്യവസ്ഥചെയ്യുന്ന ബിൽ സർക്കാർ ലോക്‌സഭയിൽ കൊണ്ടുവന്നത് ഈവിഭാഗങ്ങളുടെ വോട്ട് ലക്ഷ്യമിട്ടാണ്. കഴിഞ്ഞവർഷം ഒഡിഷയിൽ ചേർന്ന ദേശീയ നിർവാഹകസമിതി യോഗത്തിലാണ് ഇതിനുള്ള തീരുമാനമെടുത്തത്. 2014-ലെ തിരഞ്ഞെടുപ്പിൽ ദളിത്-പിന്നാക്ക വിഭാഗങ്ങളിൽനിന്ന് വിപുലമായ പിന്തുണ ബി.ജെ.പി.യ്ക്ക് ലഭിച്ചിരുന്നു. എന്നാൽ, പിന്നീട് ദളിത് വിഭാഗങ്ങളുടെ സമീപനത്തിൽ മാറ്റമുണ്ടെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ആൾക്കൂട്ടക്കൊല, പശുസംരക്ഷണത്തിന്റെപേരിൽ ആക്രമണം, പട്ടികജാതി-വർഗ വിഭാഗങ്ങൾക്കുനേരെയുള്ള അക്രമം തടയാനുള്ള ചട്ടത്തിൽ വെള്ളം ചേർക്കാനുള്ള നീക്കം തുടങ്ങിയ കാരണങ്ങളാൽ ദളിത് വിഭാഗങ്ങളിൽ അതൃപ്തിയുണ്ടെന്ന് ചിലനേതാക്കൾ സമ്മതിക്കുന്നു. എന്നാൽ, പട്ടികജാതി-വർഗ വിഭാഗങ്ങൾക്കുനേരെയുള്ള അക്രമം തടയാനുള്ള നിയമം ലഘൂകരിക്കുന്ന സുപ്രീകോടതി ഉത്തരവ് മറികടക്കാൻ ഭേദഗതികൊണ്ടുവരുന്നതോടെ ഈ എതിർപ്പുകൾ കുറയുമെന്നാണ് ബി.ജെ.പി.യുടെ പ്രതീക്ഷ. ദളിത് വിഭാഗങ്ങളെ ഒപ്പം നിർത്താനുള്ള മറ്റു മാർഗങ്ങൾ നിർവാഹകസമിതി യോഗം ചർച്ചചെയ്യും.ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽ സീറ്റെണ്ണം നിലനിർത്തണമെങ്കിൽ ദളിത്-പിന്നാക്ക വിഭാഗങ്ങളെ ഒപ്പം നിർത്തേണ്ടത് അനിവാര്യമാണ്. എസ്.പി.യും ബി.എസ്.പി.യും കൈകോർക്കുന്ന പശ്ചാത്തലത്തിൽ നേരിയശതമാനം വോട്ടുമാറ്റംപോലും വിജയത്തെ ബാധിക്കുമെന്ന തിരിച്ചറിവ് ബി.ജെ.പി.ക്കുണ്ട്. 2014-ൽ പ്രതിപക്ഷം ചിതറിനിന്ന അന്തരീക്ഷത്തിൽ യു.പി.യിൽ എൺപത് സീറ്റുകളിൽ 71 എണ്ണം ബി.ജെ.പി. നേടിയിരുന്നു. എന്നാൽ, പ്രതിപക്ഷം ഒരുമിച്ചു മറുവശത്ത് നിലയുറപ്പിക്കുമ്പോൾ ഇക്കുറി ബി.ജെ.പി.ക്ക് കാര്യങ്ങൾ എളുപ്പമല്ല.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഗണ്യമായ സീറ്റുലഭിച്ച മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത്തവണ സീറ്റുകുറയുമെന്നാണ് ബി.ജെ.പി.യുടെ വിലയിരുത്തൽ. ഈവർഷം ഒടുവിൽ ഈ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും കാര്യങ്ങൾ അത്ര അനുകൂലമല്ല. ഈ സാഹചര്യത്തിൽ പുതിയ മേഖലകളിൽനിന്ന് വിജയസാധ്യതകളുള്ള സീറ്റുകൾ കണ്ടെത്താനാണ് ശ്രമം. ഇക്കാര്യവും നിർവാഹകസമിതി വിലയിരുത്തും.
from mathrubhumi.latestnews.rssfeed https://ift.tt/2vDXoxC
via
IFTTT
No comments:
Post a Comment