അമ്പലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേയിലേക്ക് കിഴക്കൻ മേഖലകളിൽനിന്നുള്ള പ്രളയജലത്തിന്റെ വരവ് അതിശക്തമായി. ഇതിന്റെ അമ്പത് ശതമാനത്തിൽ താഴെ മാത്രമാണ് കടലിലേയ്ക്ക് പോകുന്നത്. ഇതുമൂലം സ്പിൽവേയുടെ പരിസരപ്രദേശങ്ങളെല്ലാം വെള്ളത്തിലായി. പമ്പാനദിയിലെയും ഉൾനാടൻ ജലാശയങ്ങളിലെയും വെള്ളം സ്പിൽവേ വഴിയാണ് കടലിലേയ്ക്ക് എത്തേണ്ടത്. സ്പിൽവേയിലൂടെ ഒഴുക്ക് കുറവായതിനാൽ ജലാശയങ്ങളുടെ ഇരുകരകളും വെള്ളത്തിലാണ്. ലീഡിങ് ചാനൽ, ടി.എസ്.കനാൽ തുടങ്ങിയ ജലാശയങ്ങളെല്ലാം നിറഞ്ഞുകവിഞ്ഞു. തോട്ടപ്പള്ളി സ്പിൽവേ പരിസരപ്രദേശങ്ങളിൽ ഒട്ടനവധി വീടുകളാണ് വെള്ളത്തിലായിരിക്കുന്നത്. ഇനിയും ജലനിരപ്പുയർന്നാൽ തോട്ടപ്പള്ളി ലിറ്റിൽവേയ്ക്ക് സമീപം ദേശീയപാതയിൽ വെള്ളം കയറുന്ന സ്ഥിതിയുണ്ട്. പ്രദേശത്തെ വീടുകളിൽനിന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറ്റിയിട്ടുണ്ട്. സ്പിൽവേയിലൂടെയുള്ള നീരൊഴുക്കിൽ പ്രതീക്ഷയർപ്പിച്ചാണ് ദുരിതബാധിതരായ ആയിരങ്ങൾ ക്യാമ്പുകളിൽ കഴിയുന്നത്. പ്രളയജലം കടലിൽ ഒഴുകിയെത്തിയാലേ കുട്ടനാടൻ, അപ്പർകുട്ടനാടൻ മേഖലകളിൽ വീടുകളിൽനിന്ന് വെള്ളം പൂർണമായി ഇറങ്ങൂ. സ്പിൽവേയുടെ പടിഞ്ഞാറേ കനാലിന് ആഴമില്ലാത്തതാണ് സുഗമമായി വെള്ളം ഒഴുകുന്നതിന് തടസം. പൊഴിമുഖം ആഴവും വീതിയും കൂട്ടുന്ന ജോലികൾ പുരോഗമിക്കുകയാണ്. തിങ്കളാഴ്ചയും പൊഴിമുഖത്തെ മണൽത്തിട്ട നീക്കി. ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്. ദിവസങ്ങളായി കടൽ ശാന്തമായി കിടക്കുന്നതാണ് ആശ്വാസം പകരുന്ന കാര്യം. കർക്കടകവാവിനും അത്തത്തിനും സാധാരണയുണ്ടാകാറുള്ള കടലേറ്റം ഇത്തവണ അത്ര ശക്തമായി ഉണ്ടായില്ല. ഇതുമൂലം കടലിലേക്കുള്ള നീരൊഴുക്കിന് തടസമില്ല. നിലവിലുള്ള സാഹചര്യത്തിൽ സ്പിൽവേയുടെ പരിസരത്തെത്തിയിരിക്കുന്ന പ്രളയജലം കടലിലെത്താൻ ദിവസങ്ങളെടുക്കും. പുറക്കാട്, കരുവാറ്റ, തകഴി, അമ്പലപ്പുഴ പഞ്ചായത്തുകളാണ് ഇതുമൂലമുള്ള കെടുതികൾ ഏറ്റവും രൂക്ഷമായി അനുഭവിക്കുന്നത്. കാലവർഷം കഴിയുമ്പോഴെങ്കിലും സ്പിൽവേ കനാൽ ആഴംകൂട്ടാൻ അടിയന്തരനടപടി വേണമെന്ന ആവശ്യം ശക്തമാകുകയാണ്. കഴിഞ്ഞ ദിവസം തോട്ടപ്പള്ളി സ്പിൽവേ സന്ദർശിക്കാനെത്തിയ മന്ത്രി ജി.സുധാകരനോട് പ്രദേശവാസികൾ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2OPFeAY
via
IFTTT
No comments:
Post a Comment