വിട, കലൈഞ്ജര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 8, 2018

വിട, കലൈഞ്ജര്‍

ദ്രാവിഡമനസ്സിൽ ആത്മാഭിമാനത്തിന്റെ ജ്വാല പകർന്ന് തമിഴകത്തും ദേശീയ രാഷ്ട്രീയത്തിലും കരുത്തുറ്റ നേതാവായി മാറിയ ഡി.എം.കെ. അധ്യക്ഷൻ കലൈഞ്ജർ എം. കരുണാനിധി (94) അന്തരിച്ചു. ചെന്നൈ ആൽവാർപ്പേട്ടിലെ കാവേരി ആശുപത്രിയിൽ ചൊവ്വാഴ്ച വൈകീട്ട് 6.10-നായിരുന്നു അന്ത്യം. രാഷ്ട്രീയത്തിന് പുറമെ സിനിമ, നാടകം, കവിത, പത്രപ്രവർത്തനം, പ്രസംഗം തുടങ്ങി ഒട്ടേറെ മേഖലകളിൽ പ്രതിഭ തെളിയിച്ച കരുണാനിധി വിടവാങ്ങുന്നതോടെ തമിഴകത്തെ തിളക്കമാർന്ന യുഗത്തിനാണ് തിരശ്ശീല വീഴുന്നത്. ബുധനാഴ്ച വൈകീട്ട് നാലു വരെ മൃതദേഹം രാജാജി ഹാളിൽ പൊതുദർശനത്തിനു വെക്കും. തുടർന്ന് ശവസംസ്കാരം നടക്കും. ശവസംസ്കാരത്തിന് മറീന കടൽത്തീരം അനുവദിക്കാത്തതിനെച്ചൊല്ലി ഡി.എം.കെ. പ്രവർത്തകർ ചൊവ്വാഴ്ച രാത്രി പ്രതിഷേധവുമായി തെരുവിലിറങ്ങി. മറീനയിൽ മുൻമുഖ്യമന്ത്രി അണ്ണാദുരൈയുടെ സമാധിക്കു സമീപംതന്നെ ശവസംസ്കാരം നടത്തണമെന്നാവശ്യപ്പെട്ട് ഡി.എം.കെ. രാത്രിയോടെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങിയ നേതാക്കൾ അന്ത്യോപചാരമർപ്പിക്കാനെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച തമിഴ്നാട്ടിൽ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദുഃഖാചരണം ഒരാഴ്ച നീണ്ടുനിൽക്കും. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഒന്നരവർഷമായി വിശ്രമജീവിതം നയിക്കുകയായിരുന്നു കരുണാനിധി. പനിയും അണുബാധയുമാണ് നില വഷളാക്കിയത്. രണ്ടാഴ്ചമുമ്പ് കൃത്രിമശ്വാസനാളം മാറ്റിവെക്കുന്നതിനായി ആശുപത്രിയിൽ ചികിത്സ തേടി. വീട്ടിൽ തിരിച്ചെത്തിയെങ്കിലും രക്തസമ്മർദം കുറഞ്ഞതിനെത്തുടർന്ന് ജൂലായ് 28-ന് വീണ്ടും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെ നില അതിഗുരുതരമായി. Read more - ഒരേയൊരു കലൈഞ്ജർ വികാരനിർഭരമായ അന്തരീക്ഷത്തിൽ മൃതദേഹം കാവേരി ആശുപത്രിയിൽനിന്ന് രാത്രി എട്ടരയോടെ ഗോപാലപുരത്തെ വസതിയിൽ എത്തിച്ചു. തുടർന്ന് ഭാര്യ രാജാത്തി അമ്മാളുടെ സി.ഐ.ടി.നഗറിലെ വീട്ടിലേക്കു കൊണ്ടുപോയി. അഞ്ച് തവണ (1969, 1971, 1989, 1996, 2006) തമിഴ്നാട് മുഖ്യമന്ത്രിയും 13 തവണ എം.എൽ.എ.യുമായ കരുണാനിധി, മത്സരിച്ച ഒരു തിരഞ്ഞെടുപ്പിലും തോറ്റിട്ടില്ല. 1957-ൽ തിരുച്ചിറപ്പള്ളി ജില്ലയിലെ കുളിത്തലൈ മണ്ഡലത്തിൽനിന്നാണ് ആദ്യമായി നിയമസഭയിൽ എത്തിയത്. നിലവിൽ തിരുവാരൂരിൽനിന്നുള്ള നിയമസഭാംഗമാണ്. നാഗപട്ടണം ജില്ലയിലെ തിരുക്കുവളൈ ഗ്രാമത്തിൽ മുത്തുവേലുവിന്റെയും അഞ്ജുകത്തിന്റെയും മകനായി 1924 ജൂൺ മൂന്നിന് ജനനം. യഥാർഥപേര് ദക്ഷിണാമൂർത്തി. കുട്ടിക്കാലത്തുതന്നെ ഭാഷയിലും സാഹിത്യത്തിലും തത്പരൻ. 14-ാം വയസ്സിൽ ജസ്റ്റിസ് പാർട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തി. 18-ാം വയസ്സിൽ മുരസൊലി എന്ന പേരിൽ പത്രം ആരംഭിച്ചു. ചെറു പ്രായത്തിൽത്തന്നെ നാടകരചയിതാവ് എന്ന നിലയിൽ പേരെടുത്തു. എം.ജി.ആർ. നായകനായ രാജകുമാരിയിലൂടെ സിനിമാരചനയിലെത്തി. ഈ ചിത്രത്തിലൂടെയാണ് എം.ജി.ആറുമായി അടുക്കുന്നത്. 1952-ൽ പുറത്തിറങ്ങിയ പരാശക്തി എന്ന ചിത്രത്തിലൂടെ സിനിമയിൽ നിറസാന്നിധ്യമായി. ഏഴുപതോളം ചിത്രങ്ങൾക്കു വേണ്ടി കഥയും തിരക്കഥയും രചിച്ചു. 2011-ൽ പുറത്തിറങ്ങിയ പൊന്നാർ ശങ്കറാണ് അവസാന ചിത്രം. നാടകവും കവിതയുമടക്കം നൂറിലേറെ പുസ്തകങ്ങൾ രചിച്ചു. നടൻ എം.ആർ. രാധയാണ് കലാകാരൻ എന്നർഥം വരുന്ന കലൈഞ്ജർ എന്ന വിശേഷണം നൽകിയത്. ഇ.വി.ആർ. പെരിയാറിന്റെ ആദർശങ്ങളുടെ പിന്തുടർച്ചക്കാരനായ കരുണാനിധി നിരീശ്വരവാദിയായിരുന്നു. 1961-ൽ ഡി.എം.കെ. ഖജാൻജിയും 1962-ൽ നിയമസഭാപ്രതിപക്ഷ ഉപനേതാവുമായി. 1967-ൽ ഡി.എം.കെ. ആദ്യമായി അധികാരത്തിലെത്തിയപ്പോൾ പൊതുമരാമത്ത് മന്ത്രിയും അണ്ണാ ദുരൈയുടെ മരണശേഷം 1969-ൽ ആദ്യമായി മുഖ്യമന്ത്രിയുമായി. ഇന്ദിരാഗാന്ധിയുടെ കാലം മുതൽ ദേശീയ രാഷ്ട്രീയത്തിലും നിർണായകസ്വാധീനം ചെലുത്തി. എം.ജി.ആറിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നതിൽ കരുണാനിധിക്കു നിർണായക പങ്കുണ്ട്. 1972-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ ഡി.എം.കെ. അധികാരത്തിലെത്തിയപ്പോൾ ഭിന്നതയും രൂപപ്പെട്ടു. കരുണാനിധിയുമായി പിണങ്ങി എം.ജി.ആർ. എ.ഐ.എ.ഡി.എം.കെ. രൂപവത്കരിച്ചു. ജയലളിത രാഷ്ട്രീയത്തിൽ സജീവമാകുന്നതോടെയാണ് കരുണാനിധിയുടെ പ്രതിച്ഛായക്കു മങ്ങലേൽക്കാൻ തുടങ്ങിയത്. ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിൽ കരുണാനിധി കൊടികുത്തി വാഴുമ്പോഴാണ് ജയലളിത അദ്ദേഹത്തിനുമേൽ അഴിമതിയാരോപണത്തിന്റെ കറ പുരട്ടുന്നത്. അതോടെ ഡി.എം.കെ. അഴിമതിപ്പാർട്ടിയായി ചിത്രീകരിക്കപ്പെട്ടു. തമിഴ് എന്ന പ്രാദേശികഭാഷയുടെ പിൻബലത്തോടെമാത്രം രാഷ്ട്രീയത്തിലെത്തിയ കരുണാനിധി, ഹിന്ദിയെ ശക്തമായി എതിർത്തുകൊണ്ടുതന്നെയാണ് ദേശീയരാഷ്ട്രീയത്തിൽ അവിഭാജ്യ നേതാവായി വളർന്നത്. മൂന്ന് ഭാര്യമാരിലായി ആറ് മക്കളുണ്ട്. പരേതയായ പദ്മാവതിയാണ് ആദ്യ ഭാര്യ. ദയാലു അമ്മാൾ, രാജാത്തി അമ്മാൾ എന്നിവരാണ് മറ്റ് ഭാര്യമാർ. മുൻ കേന്ദ്രമന്ത്രി അഴഗിരി, ഡി.എം.കെ. വർക്കിങ് പ്രസിഡന്റും പ്രതിപക്ഷനേതാവുമായ സ്റ്റാലിൻ, രാജ്യസഭാംഗം കനിമൊഴി എന്നിവരെ കൂടാതെ മുത്തു, തമിഴരശ്, സെൽവി എന്നിവരും മക്കളാണ്. 1957ൽ തന്റെ 33-ാമത്തെ വയസിൽ കുളിത്തലൈ എന്ന സ്ഥലത്ത് നിന്നാണ് അസംബ്ലി സീറ്റിലേക്ക് കരുണാനിധി മത്സരിച്ച് തമിഴ്നാട് അസംബ്ലിയിലേക്ക് വിജയിക്കുന്നത്. 1961 ൽ പാർട്ടിയുടെ ട്രഷറർ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1962 ൽ പ്രതിപക്ഷ ഉപനേതാവ്, 1967ൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി, 1969-ൽ ഡി.എം.കെയുടെ സ്ഥാപക നേതാവായ സി.എൻ. അണ്ണാദുരൈ അന്തരിച്ചതിനെ തുടർന്ന് കരുണാനിധി പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുത്തു. മുഖ്യമന്ത്രി സ്ഥാനവും ഏറ്റെടുത്തു. 1969-71, 1971-74, 1989-91, 1996-2001, 2006-2011 എന്നീ വർഷങ്ങളിലായി അഞ്ച് തവണ തമിഴ്നാട് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ജൂലായ് 27ന് കരുണാനിധി പാർട്ടി അധ്യക്ഷനായതിന്റെ 50-ാം വാർഷികമായിരുന്നു. വര- ദേവപ്രകാശ് കുറളോവിയം, നെഞ്ചുക്ക് നീതി, തെൽപാപ്പിയ ഉരൈ, സംഗ തമിഴ്, റോമാപുരി പാണ്ഡ്യൻ, തെൻപാണ്ടി സിങ്കം, വെള്ളിക്കിഴമൈ, ഇനിയവൈ ഇരുപത് തുടങ്ങി നിരവധി കൃതികൾ കരുണാനിധി രചിച്ചിട്ടുണ്ട്. പരേതയായപത്മാവതി, ദയാലു അമ്മാൾ, രാസാത്തി അമ്മാൾ എന്നിവരാണ് കരുണാനിധിയുടെ ഭാര്യമാർ. മുത്തു, അഴഗിരി, സ്റ്റാലിൻ, തമിഴരശ്, സെൽവി, കനിമൊഴി എന്നിവരാണ് മക്കൾ. Content Highlights: Krunanidhi Passed Away


from mathrubhumi.latestnews.rssfeed https://ift.tt/2AWBTOG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages