നാല് മാസത്തിനുള്ളിൽ ഒരു വീട്ടിലെ മൂന്നുപേരും ഒരേ രോഗലക്ഷണങ്ങളോടെ മരണപ്പെടുന്നു. പിന്നീട് പടന്നക്കരയിലെ വീട്ടിൽ അവശേഷിച്ചത് സൗമ്യ മാത്രം. അപൂർവരോഗമായിരിക്കും മൂന്നുപേരുടെയും മരണത്തിന് കാരണമെന്ന സംശയം പിന്നീട് കൊലപാതകത്തിലേക്ക് വിരൽചൂണ്ടിയതോടെ പുറത്തുവന്നത് സൗമ്യയുടെ സൗമ്യതയില്ലാത്ത ക്രൂരത. സ്വന്തം മകളെയും മാതാപിതാക്കളെയും വിഷം നൽകി കൊലപ്പെടുത്തിയതാണെന്ന് സൗമ്യ പോലീസിനോട് സമ്മതിച്ചപ്പോൾ, അമ്മയും മകളുമായ യുവതിക്ക് ഇങ്ങനെ ചെയ്യാനാകുമോ എന്നതായിരുന്നു ഏവരുടെയും സംശയം. പക്ഷേ, കാമുകനുമായി ഒരുമിച്ചു ജീവിക്കാനുള്ള ആഗ്രഹത്തിനുമുന്നിൽ സ്വന്തം മകളും മാതാപിതാക്കളും തടസമാകുമെന്ന് കണ്ടപ്പോൾ ഇവരെ ഇല്ലാതാക്കാൻ തന്നെയായിരുന്നു സൗമ്യയുടെ തീരുമാനം. അതും ആർക്കും സംശയം തോന്നാത്തവിധത്തിൽ. എലിവിഷത്തിൽ ഉപയോഗിക്കുന്ന അലുമിനിയം ഫോസ്ഫൈഡാണ് സൗമ്യ മൂന്നുപേർക്കും ഭക്ഷണത്തിൽ കലർത്തിക്കെുടുത്തത്. 2012 സെപ്റ്റംബറിൽ സൗമ്യയുടെ ഇളയമകൾ കീർത്തന കടുത്ത ഛർദ്ദിയെ തുടർന്ന് മരണപ്പെട്ടിരുന്നു. പിന്നീട് ആറുവർഷങ്ങൾക്ക് ശേഷം 2018 ജനുവരിയിൽ മൂത്തമകൾ ഐശ്വര്യയെയും ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സക്കിടെ മംഗളൂരുവിലെ ആശുപത്രിയിൽ വച്ച് ഐശ്വര്യ മരണപ്പെട്ടു. ഇതിനുപിന്നാലെയാണ് സൗമ്യയുടെ അമ്മ കമലയെയും സമാനരോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. 2018 മാർച്ചിലായിരുന്നു ഇത്. മൂന്നുദിവസത്തിന് ശേഷം കമലയും മരണപ്പെട്ടു. രണ്ട് മരണങ്ങളുടെ ഞെട്ടലിൽ നിന്ന് മോചിതരാകും മുമ്പേ 2018 ഏപ്രിലിൽ സൗമ്യയുടെ പിതാവ് കുഞ്ഞിക്കണ്ണനും മരണപ്പെട്ടു. ഇതോടെയാണ് പിണറായിയിലെ ദുരൂഹമരണങ്ങൾ സംബന്ധിച്ച് നാട്ടുകാരിൽ സംശയം ജനിച്ചത്. എന്നാൽ നാട്ടുകാരുടെ സംശയങ്ങളെയെല്ലാം അപൂർവരോഗമാണെന്ന പ്രചരണത്തിലേക്ക് തള്ളിവിടുകയാണ് സൗമ്യ ചെയ്തത്. വീട്ടിലെ കിണർവെള്ളത്തിൽ വിഷാംശം ഉണ്ടെന്നായിരുന്നു സൗമ്യയുടെ പ്രചരണം. പക്ഷേ, വിദഗ്ധസംഘത്തിന്റെ പരിശോധനയിൽ കിണറിലെ വെള്ളത്തിന് പ്രശ്നമൊന്നും ഇല്ലെന്ന് കണ്ടെത്തി. ഇതോടെ തനിക്ക് ഛർദിയാണെന്നും, ശാരീരിക അസ്വാസ്ഥ്യം ഉണ്ടെന്നും പറഞ്ഞ് സൗമ്യയും ആശുപത്രിയിൽ ചികിത്സതേടി. എന്നാൽ ഈസമയം പോലീസും ക്രൈംബ്രാഞ്ച് സംഘവും സൗമ്യയുടെ ഇതുവരെയുള്ള ജീവിതത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. സൗമ്യയുടെ വഴിവിട്ട ജീവിതവും ഒട്ടേറെ പുരുഷന്മാരുമായുള്ള ബന്ധവും പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. സൗമ്യയുടെ അഞ്ച് മൊബൈൽ ഫോണുകളിൽ നിന്ന് ലഭിച്ചത് ഒട്ടേറെ വീഡിയോകളും ചിത്രങ്ങളും. ഇതോടെ സൗമ്യയുടെ കൈകൾ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് ഉറപ്പിച്ചു. തലശേരി റസ്റ്റ്ഹൗസിൽ മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ സൗമ്യയ്ക്ക് പിടിച്ചുനിൽക്കാനായില്ല. കാമുകനുമായി ജീവിക്കാൻ വേണ്ടി മൂവരെയും കൊലപ്പെടുത്തിയെന്നും, അലുമിനിയം ഫോസ്ഫൈഡ് ഭക്ഷണത്തിൽ കലർത്തിയെന്നും കുറ്റസമ്മതം. തന്നെ കാമുകനോടൊപ്പം മുറിയിൽ കണ്ടതാണ് ഐശ്വര്യയെ കൊല്ലാൻ കാരണമായതെന്നും, മാതാവും പിതാവും തന്റെ ജീവിതത്തിന് തടസമാകുമെന്നതിനാൽ അവരെ ഇല്ലാതാക്കിയെന്നുമായിരുന്നു സൗമ്യ പോലീസിനോട് പറഞ്ഞത്. കമലയുടെ കൊലപാതകക്കേസിലാണ് സൗമ്യയ്ക്കെതിരെ പോലീസ് ആദ്യം കുറ്റപത്രം സമർപ്പിച്ചത്. മറ്റുരണ്ട് കേസുകളിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് സൗമ്യയെ ഓഗസ്റ്റ് 24ന് കണ്ണൂർ വനിതാ ജയിലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ സെല്ലിൽ നിന്നും പുറത്തിറങ്ങിയ സൗമ്യ, ജയിൽവളപ്പിലെ കശുമാവിൽ സാരി ഉപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നു.സിനിമാക്കഥയെ വെല്ലുന്നരീതിയിൽ കൊലപാതകം ആസൂത്രണം ചെയ്ത സൗമ്യ ജീവനൊടുക്കിയതോടെ, ഏറെ കോളിളക്കം സൃഷ്ടിച്ച പിണറായി കൂട്ടക്കൊലക്കേസിന്റെ തുടർനടപടികളും അവസാനിക്കുകയാണ്. Content Highlights:pinarayi murder case accused soumya commits suicide
from mathrubhumi.latestnews.rssfeed https://ift.tt/2Ne12pH
via
IFTTT
No comments:
Post a Comment