ചാലക്കുടി: പ്രളയം ദുരിതം വിതച്ച ചാലക്കുടി നഗരത്തിൽ വെള്ളം ഇറങ്ങിത്തുടങ്ങി. എങ്കിലും ദുരിതങ്ങൾക്ക് അറുതിയായിട്ടില്ല. വെള്ളം ഇറങ്ങിയതിനെ തുടർന്ന് റോഡ് ഗതാഗതം ഒരു ഭാഗത്തേക്ക് പുന:സ്ഥാപിച്ചിട്ടുണ്ട്. നിരവധി ഹെലികോപ്ടറുകളുടെയും ബോട്ടുകളുടെയും സഹായത്താൽ രാവിലെ ആറുമണിക്ക് ആരംഭിച്ച രക്ഷാ പ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. ഉൾനാടൻ പ്രദേശങ്ങളിൽ ഇപ്പോഴും നൂറുകണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അതേ സമയം ചാലക്കുടി ഡിവൈൻ ധ്യാന കേന്ദ്രത്തിൽ രണ്ടുപേർ മരിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുകയായിരുന്നു ഇവിടെ. ഇതിനെ തുടർന്ന് ചികിത്സ ലഭിക്കാതെയാണ് ഇവർ മരിച്ചത്. ഈ പ്രദേശങ്ങളിലും ഇപ്പോൾ വെള്ളമിറങ്ങിയിട്ടുണ്ട്. മാളയ്ക്ക് സമീപം അന്നമന്നട, പൂവത്തുശ്ശേരി എന്നിവിടങ്ങളിൽ പ്രളയ ദുരിതം ഇപ്പോഴും തുടരുകയാണ് നിരവധി ആളുകൾ ഇവിടങ്ങളിൽ ഇപ്പോഴും കുടുങ്ങി കിടക്കുന്നുണ്ട്. അന്നമന്നട വഞ്ചി മറിഞ്ഞ് അമ്മയും കുഞ്ഞും ഉൾപ്പടെ 8 പേരെ കാണാതായതായി വിവരമുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി കരകവിഞ്ഞ് ഒഴുകുകയായിരുന്ന പെരിങ്ങൽകൂത്ത് ഡാമിലെ ജലനിരപ്പ് കുറഞ്ഞു . ഇത് ചാലക്കുടി പുഴയിലെ ജലനിരപ്പ് കുറയാൻ കാരണമായിട്ടുണ്ട്. തൃശൂർ മുതൽ അങ്കമാലി വരെ റോഡിൽ വെള്ളക്കെട്ടില്ല. എന്നാൽ റോഡ് പലയിടത്തും തകർന്നിട്ടുണ്ട്. കെ.എസ്.ആർ.ടി.സി സർവീസ് പുനരാരംഭിച്ചിട്ടില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2PkoTW4
via
IFTTT
No comments:
Post a Comment