വൈത്തിരി: ശക്തമായ മഴയില്‍ മുകളിലെ വീടിന്റെ മുറ്റം ഇടിഞ്ഞ് താഴത്തെ വീടിന്റെ മുകളിലേക്ക് വീണ് ആറുപേര്‍ വീടിനകത്തു കുടുങ്ങി. ലക്കിടി അറമലയില്‍ ശക്തമായ മഴയ്‌ക്കൊപ്പം ഉണ്ടായ മലവെള്ളപ്പാച്ചിലിലാണ് തൊട്ടു മുകളിലുള്ള വീടിന്റെ മുറ്റം താഴെത്തെ വീടിന് മുകളിലേക്ക് പതിച്ചത്.
വീടിനുള്ളില്‍ കുടുങ്ങിയവരെ പിന്നീട് അഗ്നിശമനസേനയെത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ മോചിപ്പിച്ചു. അറമല ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന മുരകന്റെ വീടിന് മുകളിലേക്ക് രാവിലെ ആറുമണിയോടെ മണ്ണിടിയുകയായിരുന്നു. ഈ സമയത്ത് മുരുകന്റെ വീടിനുള്ളില്‍ ഭാര്യ ദീപയും നാലു മക്കളും ഉണ്ടായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും അഗ്നിശമന വിഭാഗവും ചേര്‍ന്ന് അഞ്ചുപേരെയും പുറത്തെത്തിച്ചു.
മണ്ണിനടിയില്‍പെട്ടുപോയ ദീപയെ അഗ്നിശമന വിഭാഗമാണ് രക്ഷപ്പെടുത്തിയത്. ദീപയെ പരിക്കുകളോടെ വൈത്തിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദീപയുടെ പരിക്ക് സാരമുള്ളതല്ലെന്ന് പോലീസ് വ്യക്തമാക്കി. കോളനിയിലെ മുഴുവന്‍ കുടുംബത്തെയും ലക്കിടി ഗവ. എല്‍.പി. സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. കനത്ത മഴയെ തുടര്‍ന്ന് വയനാട്ടില്‍ റോഡിലേക്ക് മണ്ണിടിഞ്ഞു വീണു.
കഴിഞ്ഞ രണ്ടു ദിവസമായി വയനാടിന്റെ പല സ്ഥലങ്ങളിലും ശക്തമായ മഴയാണ്. ദേശീയപാതയില്‍ ഒരു മണിക്കൂറോളം വാഹനഗതാഗതം തടസ്സപ്പെട്ടു. തളിപ്പുഴക്കടുത്ത് ഒരു റിസോര്‍ട്ടിനോട് ചേര്‍ന്ന സ്ഥലമാണ് ഇടിഞ്ഞു റോഡിയേക്ക് പതിച്ചത്. കണ്ണൂര്‍, കോഴിക്കോട്, കോട്ടയം, മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ കഴിഞ്ഞ ദിവസം രാത്രി മുതല്‍ കനത്തമഴ തുടരുകയാണ്.
മദ്ധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും രണ്ടു ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരുമെന്നാണ് സൂചനകള്‍. നീരൊഴുക്ക് കൂടിയതോടെ മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ മൂന്ന് സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തി. വയനാട് ബാണാസുരസാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയിട്ടുണ്ട്. സമീപത്തുള്ളവര്‍ ജാഗ്രത പാലിക്കാനും നിര്‍ദ്ദേശമുണ്ട്.
from mangalam.com https://ift.tt/2MqiJ4R
via IFTTT
No comments:
Post a Comment