ചെങ്ങന്നൂർ: വെള്ളപ്പൊക്കത്തിൽ ആരും എവിടെയും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കിയതിനെത്തുടർന്ന് ചെങ്ങന്നൂരിലെ പാണ്ടനാട്,തിരുവൻ വണ്ടൂർ മേഖലകളിൽ രക്ഷാപ്രവർത്തനം പൂർത്തിയായി. വീടൊഴിയാൻ വിസമ്മതിക്കുന്നവർ മാത്രമാണ് ഇനി ഇവിടങ്ങളിൽ തുടരുന്നത്. ആളുകൾ കുടുങ്ങിക്കിടക്കുന്നതായി ഫോൺസന്ദേശങ്ങൾവന്ന സ്ഥലങ്ങളിലെല്ലാം ദൗത്യസേന നേരിട്ടുപോയി അങ്ങനെയില്ലെന്നുറപ്പാക്കി. വെള്ളം താഴ്ന്നതിനാൽ എല്ലായിടത്തും എത്താനാവുന്നുണ്ട്. സൈന്യത്തിന്റെ സേവനം ഇനിയും ചെങ്ങന്നൂരിൽ തുടരും. 85,925 പേരാണ് 212 ക്യാമ്പുകളിലായി കഴിയുന്നത്. ക്യാമ്പിൽ എത്താത്തവർ 15,000-ത്തോളം വരുമെന്ന് കണക്കാക്കുന്നു. ഇവർക്ക് ഭക്ഷണമെത്തിക്കുന്നതിനാണ് ഇനി മുൻഗണന. ചെങ്ങന്നൂരിൽ നാലുലക്ഷം ജനസംഖ്യയുള്ളതിൽ 40 ശതമാനം പേരെ (1,60,000) പ്രളയം ബാധിച്ചതായാണ് വിലയിരുത്തൽ. പ്രദേശത്ത് വെള്ളമൊഴിഞ്ഞതിനെ തുടർന്ന് ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഉൾപ്രദേശങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്.ക്യാമ്പുകളിൽ നിന്നുൾപ്പെടെയുള്ളവർ വീടുകൾ വൃത്തിയാക്കാനും മറ്റുമായി തിരികെയെത്തിതുടങ്ങിയിട്ടുണ്ട്. ഇടനാട്ടിൽ വീടുകൾപോലും ഒഴുകിപ്പോയി. ചിലയിടത്ത് ഭിത്തിയും മേൽക്കൂരയും തകർന്നു. ആഡംബരവീടുകളുടെ അടിത്തറപോലും ഇളക്കിയാണ് പ്രളയം കടന്നുപോയത്. ഇടനാട് കണ്ണങ്ങാട്ട് മണ്ണിൽ സദാനന്ദൻ വീട്ടിൽ വെള്ളം കയറിയപ്പോൾ സ്വാതന്ത്ര്യദിനത്തിന്റെ അന്ന് ദുരിതാശ്വാസക്യാമ്പിലേക്ക് പോയതാണ്. അഞ്ചുനാൾ കഴിഞ്ഞ് വെള്ളമിറങ്ങിയപ്പോൾ വീടിരുന്ന സ്ഥലത്ത് ബാക്കിയായത് കുറെ ഓടും സിമന്റുകട്ടകളും പട്ടിക കഷണങ്ങളും മാത്രം. പമ്പാനദി കുത്തിയൊഴുകിയ ഇടങ്ങളിലെല്ലാം വൻ നാശമുണ്ടായി. ആയിരക്കണക്കിന് വീടുകൾ പ്രളയക്കെടുതിക്ക് ഇരയായി. വെള്ളമിറങ്ങിത്തുടങ്ങിയതോടെ പലരും വീടിന്റെ അവസ്ഥ അറിയാൻ ഓടിച്ചെന്നു. കരൾപിളരും കാഴ്ചയായിരുന്നു എങ്ങും. ജീവിതത്തിൽ സമ്പാദിച്ചതെല്ലാം നഷ്ടമായപ്പോൾ പലർക്കും കണ്ണീരടക്കാനായില്ല. അപ്പോഴും ജീവൻ തിരിച്ചുകിട്ടിയല്ലോ എന്ന ആശ്വാസം. ചെങ്ങന്നൂരിൽ കുറേ മനുഷ്യജീവിതം മാത്രമേ ബാക്കിയുള്ളൂ. ബാക്കിയെല്ലാം പ്രളയം കൊണ്ടുപോയി. ചെങ്ങന്നൂരിന്റെ ദുരിതത്തിൽ കൈയയച്ചുസഹായിക്കാൻ വിവിധ സംഘടനകളും പ്രസ്ഥാനങ്ങളും ആരുടെയും ആഹ്വാനമില്ലാതെ ഓടിയെത്തുന്ന കാഴ്ചയാണ് പ്രദേശത്തിന് ആശ്വാസംപകരുന്നത്. തിങ്കളാഴ്ച ഹെലികോപ്റ്ററുകൾ ഭക്ഷണവിതരണത്തിനാണ് ഉപയോഗിച്ചത്. അഞ്ചുടൺ ഭക്ഷ്യധാന്യം വിതരണംചെയ്തതായി ഏകോപനചുമതല വഹിക്കുന്ന പി. വേണുഗോപാൽ പറഞ്ഞു. ഉച്ചയോടെ മന്ത്രിമാരായ തോമസ് ഐസക്, ജി. സുധാകരൻ എന്നിവരുടെ സാന്നിധ്യത്തിൽ ഉന്നതോദ്യോഗസ്ഥർ പങ്കെടുത്ത യോഗം സ്ഥിതിഗതികൾ വിലയിരുത്തി.
from mathrubhumi.latestnews.rssfeed https://ift.tt/2OV2Kg5
via
IFTTT
No comments:
Post a Comment