തിരുവനന്തപുരം: പ്രളയത്തിൽ മുങ്ങിയ വീടുകളിൽ ജീവിതസൗകര്യമൊരുക്കാൻ ഒരുലക്ഷംരൂപ വീതം പലിശരഹിത വായ്പ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗൃഹനാഥയുടെ പേരിലായിരിക്കും വായ്പ. പലിശ ബാങ്കുകൾക്ക് സർക്കാർ നൽകും. ഇതേപ്പറ്റി ബാങ്കുകളുമായി ചർച്ച നടക്കുകയാണ്. വിവിധ ജില്ലകളിലെ ദുരിതാശ്വാസക്യാമ്പുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ മുഖ്യമന്ത്രി തലസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രക്ഷാപ്രവർത്തനം പൂർത്തിയായി. വ്യാഴാഴ്ച ആരെയും രക്ഷിക്കേണ്ടിവന്നില്ല. ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് വീട്ടിലേക്കു മടങ്ങുന്ന കുടുംബത്തിന് അഞ്ചുകിലോ അരിയുൾപ്പെടെ നിത്യോപയോഗ സാധനങ്ങളുടെ കിറ്റ് നൽകും. ഇതുകൊണ്ടൊന്നും പ്രശ്നം തീരില്ല. ക്യാമ്പുകളിൽക്കഴിയുന്നവരെ വീടുകളിൽ തിരിച്ചെത്തിക്കാനാണ് ശ്രമം. വീടുകളിലേക്ക് മടങ്ങിപ്പോയാലും അവിടെ താമസിക്കാനാവാത്തവിധം ഉപകരണങ്ങളും മറ്റും നശിച്ചിട്ടുണ്ട്. ഈ സൗകര്യങ്ങളൊക്കെ എത്രയുംവേഗം വീണ്ടെടുക്കാനാണ് വായ്പ. തകർന്നവീടുകൾ പുനർനിർമിക്കാൻ സർക്കാർ മുൻഗണന നൽകും. ഇതിന് എത്രയുംവേഗം പദ്ധതി തയ്യാറാക്കും. പുനരധിവാസം ഈ ദുരന്തത്തിന്റെ പാഠങ്ങൾ ഉൾക്കൊണ്ടായിരിക്കും. പതിവായി പ്രകൃതിക്ഷോഭങ്ങളിൽപ്പെട്ടുപോകുന്ന നദീതീരങ്ങളിലും മലയോരങ്ങളിലുംനിന്ന് മാറി സൗകര്യപ്രദമായ സ്ഥലത്ത് വീടുകൾ നിർമിക്കാനാവുമോ എന്ന് ഗൗരവമായി ആലോചിക്കുന്നുണ്ട്. ഇതിന് സ്ഥലം കണ്ടെത്തലാണ് പ്രശ്നം. ഇതിന് സർക്കാർ സ്ഥലം കണ്ടെത്തേണ്ടിവരും. വീടു നഷ്ടപ്പെട്ടവർക്കുള്ള ദുരിതാശ്വാസക്യാമ്പുകൾ ഇപ്പോൾ സ്കൂളുകളിലും മറ്റുമാണ് പ്രവർത്തിക്കുന്നത്. ഓണാവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കേണ്ടതിനാൽ ക്യാമ്പുകൾ ഹാളുകളിലേക്കും കല്യാണ മണ്ഡപങ്ങളിലേക്കുമൊക്കെ മാറ്റേണ്ടിവരും. ഇതിന് ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. പ്രളയത്തിൽ ചത്ത പക്ഷിമൃഗാദികളെ മറവുചെയ്യുന്നതാണ് ഇപ്പോഴത്തെ പ്രധാന വെല്ലുവിളി. ഇതിന് സേനാവിഭാഗങ്ങളുടെ സഹായം തേടിയിട്ടുണ്ട്. വീടുകളുടെ സുരക്ഷാപരിശോധന തദ്ദേശസ്ഥാപനങ്ങളിലെ എൻജിനീയർമാർ നടത്തും. വീടുകളിലെ കിണറുകൾ വൃത്തിയാക്കി ശുദ്ധജലം ഉറപ്പുവരുത്തുന്ന കാര്യത്തിൽ തദ്ദേശസ്ഥാപനങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. 1.69 ലക്ഷം പേർ ക്യാമ്പുകളിൽനിന്ന് മടങ്ങി ദുരിതാശ്വാസക്യാമ്പുകളിൽനിന്ന് 1.69 ലക്ഷംപേർ വീടുകളിലേക്ക് മടങ്ങിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്യാമ്പിൽ കഴിഞ്ഞിരുന്നവരുടെ എണ്ണം 12.1 ലക്ഷത്തിൽ നിന്ന് 10.4 ലക്ഷമായി കുറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 3,314-ൽനിന്ന് 2,774 ആയി കുറഞ്ഞു. കുടുംബങ്ങളുടെ എണ്ണം 3.27 ലക്ഷത്തിൽനിന്ന് 2.78 ലക്ഷമായി. 60,593 വീടുകളും 37,626 കിണറുകളും വൃത്തിയാക്കി. ക്യാമ്പുകളിലെ സൗകര്യങ്ങളിൽ അവിടെക്കഴിയുന്നവർ തൃപ്തരാണ്. വലിയ തോതിൽ ദുരിതം അനുഭവിച്ചിട്ടാണ് അവർ അവിടെയെത്തിയത്. ആ ദൈന്യം എല്ലാവരിലുമുണ്ട്. രക്ഷാപ്രവർത്തനത്തിന് എത്തിയവരോടുള്ള തീർത്താൽ തീരാത്ത നന്ദിയാണ് ക്യാമ്പിൽക്കണ്ടവർക്കെല്ലാം പറയാനുണ്ടായിരുന്നത് -മുഖ്യമന്ത്രി പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2Ljq9Fz
via
IFTTT
No comments:
Post a Comment