പത്തനംതിട്ട: അടുത്ത മാസപൂജ മുതൽ ശബരിമല തീർഥാടകരുടെ വാഹനങ്ങൾ നിലയ്ക്കൽ വരെ മാത്രമേ അനുവദിക്കൂ. അവിടെനിന്ന് കെ. എസ്.ആർ.ടി.സി. ബസുകളോ ദേവസ്വംബോർഡ് വാങ്ങാൻ ഉദ്ദേശിക്കുന്ന ഇലക്ട്രിക് വാഹനങ്ങളോ ഉപയോഗിക്കണം. പ്രളയത്തിൽ പമ്പയിലെ പരിസ്ഥിതിക്ക് നാശനഷ്ടം ഉണ്ടായതിനെ തുടർന്നാണ് തീരുമാനമെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ പറഞ്ഞു.പമ്പ കടക്കുന്നതിന് താത്കാലിക നടപ്പാലം ഉണ്ടാക്കുന്ന കാര്യം പരിഗണനയിലാണ്. വെള്ളിയാഴ്ചത്തെ മന്ത്രിതലയോഗം ഇക്കാര്യം തീരുമാനിക്കും. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, മാത്യു ടി. തോമസ് എന്നിവർ പങ്കെടുക്കും. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനോടും പങ്കെടുക്കാൻ അഭ്യർഥിച്ചിട്ടുണ്ട്.വാഹനങ്ങൾ നിലയ്ക്കൽ വരെയാക്കി പരിമിതപ്പെടുത്തണമെന്നത് പരിസ്ഥിതി പ്രവർത്തകരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. നിലയ്ക്കൽ ഇടത്താവളം 250 ഏക്കർ വിസ്തൃതിയുള്ളതാണ്. ഇവിടെനിന്ന് പൊതുവാഹനത്തിൽ പമ്പയിൽ എത്തിയാൽ ഗതാഗതക്കുരുക്ക് കുറയും. മാലിന്യ പ്ലാന്റ്-സന്നിധാനത്തെ നിർദിഷ്ട മാലിന്യ പ്ലാന്റ് സ്ഥലം മാറ്റും. പമ്പയിൽ ഇനി മണപ്പുറത്ത് നിർമ്മാണപ്രവർത്തനം ഉണ്ടാകില്ല. അപകടനിലയിലുള്ള അന്നദാനമണ്ഡപം നീക്കും. മുഴുവനായോ ഭാഗികമായോ എന്ന് പരിശോധിച്ച് തീരുമാനിക്കും. കക്കൂസുകളുടെ കുഴലുകൾ നന്നാക്കണം. ടാങ്ക് ചെളി കയറി ഉപയോഗശൂന്യമായിരിക്കുകയാണ്. പുല്ലുമേട് വഴിയും യാത്ര-പുല്ലുമേട് പാത പമ്പയിലെ പ്രശ്നം തീരും വരെ ഉപയോഗിക്കാൻ കഴിയുമോ എന്ന് പരിശോധിക്കും. ഇതിന് അനുമതി തേടും. സന്നിധാനത്ത് രോഗം ബാധിച്ച രണ്ട് പേരെ ഹെലികോപ്റ്റർ വഴി രക്ഷപ്പെടുത്തും. പമ്പയ്ക്കു കുറുകെ താത്കാലിക നടപ്പാലം പമ്പയിൽ വൻ ഉയരത്തിൽ മണ്ണ് അടിഞ്ഞിട്ടുണ്ട്. ത്രിവേണി പാലത്തിന് വലതുവശത്തുകൂടിയാണ് പമ്പ മറുകരയിലേക്ക് മാറി ഒഴുകുന്നത്. ഇവിടെ മൺചിറ നിർമിച്ച് പുഴയുടെ ഗതി പഴയപോലെയാക്കാനാണ് ലക്ഷ്യം. താത്കാലിക നടപ്പാലത്തിന് രണ്ട് ഭക്തൻമാർ 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ വിവിധ വകുപ്പുകളുമായി സംസാരിച്ച് തീരുമാനിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2w5N966
via
IFTTT
No comments:
Post a Comment