ചെങ്ങന്നൂർ: കുത്തൊഴുക്കിൽ മറിഞ്ഞുവീണ കൊച്ചുവീടുകൾ, മരങ്ങൾ, മതിലുകൾ... ലക്ഷങ്ങൾ വിലമതിക്കുന്ന ആഡംബര ഇരിപ്പിടങ്ങളിൽ പത്തിഞ്ചുകനത്തിൽ ചെളിക്കട്ട... ജലസമാധി കഴിഞ്ഞ് ആക്രിയായിക്കിടക്കുന്ന ടെലിവിഷനുകളും ഫ്രിഡ്ജുകളും അടക്കമുള്ള സാധനങ്ങൾ... അടിത്തറ ഒഴുക്കിൽചിതറി ആഡംബരസൗധങ്ങൾ.. പടയൊഴിഞ്ഞ പടക്കളംപോലെയാണ് ചെങ്ങന്നൂർ. പുല്ലുപോലും മുളച്ചുപൊന്താൻ സമയമെടുക്കും... ഇടനാട് താഴത്തേതിൽ സുകുമാരന്റെ വാക്കുകളിലുണ്ട് പ്രളയത്തിന്റെ തീവ്രത. ''വീടിന്റെ തറയിൽ രണ്ടടിയോളം ഉയരത്തിൽ ചെളി കട്ടപിടിച്ചുകിടക്കുന്നു. തൂമ്പയും മൺകോരിയുമെടുത്ത് രാവിലെ മുതൽ വൈകീട്ടുവരെ ഏഴുപേരാണ് ചെളി കോരിയത്. എന്നിട്ടും പൂർണമായി നീങ്ങിയില്ല. വീട്ടുപകരണങ്ങളിലെ ചെളിനീക്കാൻ ഒരാഴ്ചയെങ്കിലുമെടുക്കും' പമ്പാനദിയുടെ സംഹാരതാണ്ഡവം ഏറ്റവുംകൂടുതൽ അനുഭവിച്ചത് ചെങ്ങന്നൂർ നഗരസഭയിലെ ഇടനാടാണ്. അതുകഴിഞ്ഞാൽ പാണ്ടനാടും തിരുവൻവണ്ടൂരും വനവാതുക്കരയും അടക്കമുള്ള പ്രദേശങ്ങൾ... ഇടനാട്ടിൽ വീടുകൾപോലും ഒഴുകിപ്പോയി. ചിലയിടത്ത് ഭിത്തിയും മേൽക്കൂരയും തകർന്നു. ആഡംബരവീടുകളുടെ അടിത്തറപോലും ഇളക്കിയാണ് പ്രളയം കടന്നുപോയത്. ഇടനാട് കണ്ണങ്ങാട്ട് മണ്ണിൽ സദാനന്ദൻ വീട്ടിൽ വെള്ളം കയറിയപ്പോൾ സ്വാതന്ത്ര്യദിനത്തിന്റെ അന്ന് ദുരിതാശ്വാസക്യാമ്പിലേക്ക് പോയതാണ്. അഞ്ചുനാൾ കഴിഞ്ഞ് വെള്ളമിറങ്ങിയപ്പോൾ വീടിരുന്ന സ്ഥലത്ത് ബാക്കിയായത് കുറെ ഓടും സിമന്റുകട്ടകളും പട്ടിക കഷണങ്ങളും മാത്രം. പമ്പാനദി കുത്തിയൊഴുകിയ ഇടങ്ങളിലെല്ലാം വൻ നാശമുണ്ടായി. ആയിരക്കണക്കിന് വീടുകൾ പ്രളയക്കെടുതിക്ക് ഇരയായി. വെള്ളമിറങ്ങിത്തുടങ്ങിയതോടെ പലരും വീടിന്റെ അവസ്ഥ അറിയാൻ ഓടിച്ചെന്നു. കരൾപിളരും കാഴ്ചയായിരുന്നു എങ്ങും. ജീവിതത്തിൽ സമ്പാദിച്ചതെല്ലാം നഷ്ടമായപ്പോൾ പലർക്കും കണ്ണീരടക്കാനായില്ല. അപ്പോഴും ജീവൻ തിരിച്ചുകിട്ടിയല്ലോ എന്ന ആശ്വാസം. ചെങ്ങന്നൂരിൽ കുറേ മനുഷ്യജീവിതം മാത്രമേ ബാക്കിയുള്ളൂ. ബാക്കിയെല്ലാം പ്രളയം കൊണ്ടുപോയി. ഒരിറ്റ് കുടിവെള്ളത്തിനായി... ഞങ്ങൾക്ക് വെള്ളം താ... ഞങ്ങൾക്ക് വെള്ളം താ... ഇടറോഡുകളിലൂടെ വണ്ടിപോയാൽ സമീപത്തെ വീടുകളിൽനിന്ന് ഉച്ചത്തിൽ വെള്ളത്തിനായുള്ള ശബ്ദമുയരും. പ്രളയത്തിൽ മുങ്ങിയ ചെങ്ങന്നൂരിലെ ആളുകൾ ശുദ്ധജലത്തിനായി കരയുന്ന കാഴ്ചയാണ് എങ്ങും. ഒട്ടേറെ സംഘടനകൾ വെള്ളവും ഭക്ഷണവുമായി രംഗത്തുണ്ടെങ്കിലും റോഡരികിലെ ക്യാമ്പുകളിലും വീടുകൾക്ക് മുകളിലും താമസിക്കുന്നവരുടെ കൈകളിൽമാത്രമേ ഇവ എത്തുന്നുള്ളൂ. ഉൾപ്രദേശങ്ങളിൽ വെള്ളംപോലും കൃത്യമായി കിട്ടുന്നില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2wjtXBe
via
IFTTT
No comments:
Post a Comment