അവര്‍ ചോദിച്ചു, എത്ര തരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 8, 2018

അവര്‍ ചോദിച്ചു, എത്ര തരണം

കോഴിക്കോട്: രണ്ടാം ഗേറ്റിൽവെച്ചാണ് ആ ബൈക്ക് എന്റെയടുത്ത് വന്നുനിന്നത്. എന്താ റേറ്റ്? ഒറ്റ ചോദ്യം, അതിൽ ഞാൻ തണുത്തുറഞ്ഞു. ആ ഒരു നിമിഷത്തിൽനിന്ന് മോചിതയായപ്പോൾ ഞാൻ അയാളെ അമർത്തിയൊന്നു നോക്കി. അയാൾ ബൈക്ക് പെട്ടെന്ന് ഓടിച്ചുപോയി. പത്തര- പതിനൊന്ന് മണിയാവുന്നേ ഉണ്ടായിരുന്നുള്ളൂ അപ്പോൾ; രാത്രിയല്ല, പട്ടാപ്പകൽ. എന്നിലെ പെണ്ണിനുനേരെ ഏതാനും മിനിറ്റുകൾക്കുള്ളിൽ ഉയർന്ന മൂന്നാമത്തെ അതിക്രമമായിരുന്നു അത്. ശരീരത്തിന് വിലപേശുന്നത് അതിക്രമമല്ലാതെ മറ്റെന്താണ്. അതിന് തൊട്ടുമുമ്പ് പാളയത്തുനിന്ന് ചെമ്പൂട്ടി തെരുവഴി രണ്ടാംഗേറ്റ് വരെയുള്ള റോഡിൽ രണ്ടുതവണയാണ് ഈ രീതിയിൽ ചോദ്യമുയർന്നത്. ഒപ്പം അശ്ലീലച്ചുവയുള്ള നോട്ടങ്ങളും കമന്റുകളും. കൊച്ചിയിൽനിന്നും ജോലി ആവശ്യാർഥം കഴിഞ്ഞദിവസമാണ് ഞാൻ കോഴിക്കോട്ടെത്തിയത്. മഴയും ഭക്ഷണവും കോഴിക്കോടിന്റെ ആതിഥേയ മര്യാദയും ആസ്വദിക്കുകകൂടി എന്റെ ലക്ഷ്യമായിരുന്നു. പക്ഷേ, സ്വന്തം നാട്ടിൽ എന്റെ ആളുകൾ എന്റെ ഇറച്ചിക്ക് പട്ടാപ്പകൽ വിലയിടാനൊരുങ്ങുന്നു. മോട്ടോർവാഹന പണിമുടക്കായതിനാൽ താമസസ്ഥലത്തുനിന്ന് നടന്നാണ് രണ്ടാം ഗേറ്റിന് സമീപമുള്ള ഓഫീസിലേക്ക് വന്നത്. വഴിയിൽ അധികമാരും ഉണ്ടായിരുന്നില്ല. കോഴിക്കോട്ടുകാരിയല്ലാത്തതിനാൽ ഗൂഗിളിനെ ആശ്രയിച്ചാണ് നടന്നത്. അതും പരമാവധി, പോലീസുള്ള വഴി തിരഞ്ഞെടുത്തു. ചെമ്പൂട്ടി തെരുവിൽ നിറയെ വൈദ്യുതക്കമ്പി മാറ്റുന്നതിന്റെ പണി നടക്കുന്നുണ്ട്. അതിനിടയിലൂടെ നടക്കുമ്പോഴാണ് ഒരാൾ ബൈക്കിലെത്തിയത്. പോരുന്നോ എന്ന ചോദ്യം അവസാനിച്ചപ്പോൾ എന്റെ സിരകളിൽ ഭയം ഇരച്ചുകയറി. ഒന്നും പ്രതികരിക്കാൻ പറ്റിയില്ല. അവിടെനിന്ന് പത്തുമീറ്ററേ പിന്നിട്ടുകാണൂ. അതിനിടെ രണ്ടുപേർ ബൈക്കിലെത്തി. എവിടെയെങ്കിലും കൊണ്ടുവിടണോ എന്നായിരുന്നു ചോദ്യം. നല്ല ഉദ്ദേശ്യമല്ലെന്ന് വ്യക്തം. ആദ്യ ഞെട്ടൽ മാറും മുമ്പേയായിരുന്നു രണ്ടാമത്തെ അശ്ലീലച്ചോദ്യം. കുറച്ചുമാറി പോലീസിനെ കണ്ടപ്പോൾ എനിക്ക് ധൈര്യം വന്നു. അവരെയും കടന്ന് ഒരുവിധം രണ്ടാംഗേറ്റിലെത്തിയപ്പോഴാണ് വിലപേശാൻ മൂന്നാമൻ വന്നത്. പെണ്ണെന്നതിലുപരി ഞാനൊരു മനുഷ്യജീവിയല്ലേ... ഓഫീസിലെത്തി 20 മിനിറ്റ് കഴിഞ്ഞു, ഞാൻ ഒന്ന് നോർമലാവാൻ. പ്രതികരിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, ഒരു നിമിഷത്തെ മരവിപ്പിൽ എന്റെ ധൈര്യം ചോർന്നതാണോ. കോഴിക്കോടായതിനാൽ അവർ കടന്നാക്രമിക്കില്ലെന്ന് എനിക്കറിയാമായിരുന്നു. സാധാരണ പറയാറുണ്ട്, അവളുടെ നടപ്പിന്റെ വസ്ത്രത്തിന്റെ പ്രശ്നമാണ് അക്രമത്തിന് കാരണമെന്ന്. അതിനോട് ഞാൻ യോജിക്കുന്നില്ല, എങ്കിലും പറയട്ടെ, ഞാൻ ധരിച്ചത് കാൽവരെ മൂടുന്ന വസ്ത്രമായിരുന്നു. എന്തുകണ്ടിട്ടാണ് അവർ എന്റെ നേരെ തിരിഞ്ഞത്. അറിയില്ലെനിക്ക്. പക്ഷേ, അതൊരു യാഥാർഥ്യമാണ്. ഒരു പെണ്ണ് വഴിയിലിറങ്ങുമ്പോൾ ഒരുപാട് കണ്ണുകൾ പിന്തുടരുന്നുണ്ട്. അതിൽ പലതും നല്ല കാഴ്ചകളല്ല തേടുന്നത്. കോഴിക്കോട് സ്നേഹമുള്ളവരുടെ നാടാണെന്നാണ് എന്റെ ഉറച്ച വിശ്വാസം. ആ വിശ്വാസത്തിന് ഇപ്പോഴും കോട്ടമൊന്നും തട്ടിയിട്ടില്ല. സ്നേഹമുള്ള ഓട്ടോക്കാർ- അങ്ങനെ പലതുമുണ്ട് ഇപ്പോഴും ഈ നാട്ടിൽ. അതുകൊണ്ടാണ് ഞാൻ നടന്നുവന്നതും. എന്നാൽ, എല്ലായിടത്തുമുണ്ടാവാം ഉള്ളിൽ അശ്ലീലം നിറച്ച് നടക്കുന്ന ചിലർ.


from mathrubhumi.latestnews.rssfeed https://ift.tt/2Mg21rU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages