തിരുവനന്തപുരം: അടിയന്തര സാഹചര്യം പരിഗണിച്ച് കൂടുതൽ സഹായം കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ ഹെലിക്കോപ്റ്ററുകളും ബോട്ടുകളും സുരക്ഷാ ഉപകരണങ്ങളും ആവശ്യമുണ്ടെന്നകാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ആവശ്യമായ നടപടി സ്വീകരിക്കുൂമെന്ന് അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് അപ്പോൾതന്നെ പ്രധാനമന്ത്രി ഇതുസംബന്ധിച്ച നിർദ്ദേശം നൽകുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച നടത്തിയ ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിച്ചത്. കേരളത്തിലെ ദുരന്തത്തെക്കുറിച്ച് കൃത്യമായി മനസിലാക്കാൻ പ്രധാനമന്ത്രി ശ്രമിച്ചു. വിവരങ്ങൾ അദ്ദേഹത്തെ ബോധിപ്പിക്കാൻ കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ പ്രഖ്യാപിച്ച സഹായത്തിന് പുറമെ 500 കോടികൂടി അനുവദിക്കാൻ തയ്യാറായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിലവിൽ നൽകി വരുന്ന സഹായങ്ങൾക്ക് പ്രധാനമന്ത്രിയോട് നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ അടിയന്തിര ആവശ്യം കൂടുതൽ ഹെലികോപ്ടറുകളും, ബോട്ടുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളുമാണെന്ന കാര്യം പ്രധാനമന്ത്രിയോട് പറഞ്ഞിട്ടുണ്ട്. വെള്ളപ്പൊക്കത്തിന്റെ ഭാഗമായി അരിയും മറ്റും നശിച്ചതും ശ്രദ്ധയിൽപ്പെടുത്തി. നിലവിലെ ആവശ്യങ്ങൾ ഉൾപ്പെടുത്തി നിവേദനം നൽകിയിട്ടുണ്ട്. കൂടുതൽ ആവശ്യങ്ങൾ ഉൾപ്പടുത്തി പിന്നീട് നിവേദനം നൽകും. ചെങ്ങന്നൂരിലെ സജി ചെറിയാന്റെ പ്രസ്താവന അദ്ദേഹത്തിന്റെ വേവലാതി കാരണമാണ്. അതി ഗുരുതരമായ സ്ഥിതി തന്നെയാണ് ചെങ്ങന്നൂരിൽ ഉള്ളത്. ഇവിടെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം ഉണ്ടാകും. ഈ ഘട്ടത്തിൽ ആരെയും കുറ്റപ്പെടുത്താനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2PgVH22
via
IFTTT
No comments:
Post a Comment