തിരുവനന്തപുരം: എറണാകുളം-ഷൊർണൂർ പാതയും തുറന്നതോടെ സംസ്ഥാനത്ത് തീവണ്ടിഗതാഗതം സാധാരണനിലയിലേക്ക്. തിങ്കളാഴ്ചമുതൽ മിക്ക പാതകളിലും തീവണ്ടി ഓടിത്തുടങ്ങി. 23 ഇടങ്ങളിൽ വേഗം കുറച്ചാണ് വണ്ടികൾ കടത്തിവിടുന്നത്. ഗതാഗതം പൂർവസ്ഥിതിയിലാകാൻ രണ്ടുദിവസം എടുക്കുമെന്ന് റെയിൽവേ അറിയിച്ചു. തൃശ്ശൂർ-ഗുരുവായൂർ പാത ഇനിയും തുറന്നിട്ടില്ല. ദീർഘദൂര വണ്ടികളുടെ റദ്ദാക്കലും തിരിച്ചുവിടലും ബുധനാഴ്ചവരെ തുടരും. നാഗർകോവിൽ പാതയിലൂടെ ദീർഘദൂര തീവണ്ടികൾ വഴിതിരിച്ചുവിടുന്നത് നിർത്തി. പലവഴിക്കായ കോച്ചുകൾ ഏകോപിക്കുന്ന മുറയ്ക്ക് സമയപ്പട്ടികപ്രകാരം വ്യാഴാഴ്ച മുതൽ തീവണ്ടികൾ ഓടിത്തുടങ്ങും. മംഗളൂരു യാർഡിലേക്ക് തിങ്കളാഴ്ച ഏതാണ്ട് മുഴുവൻ വണ്ടികളും എത്തിയതോടെ ഉത്തരമലബാറിലെയും യാത്രാദുരിതത്തിന് അറുതിയായി.ചെന്നൈ മെയിൽ, വെസ്റ്റ് കോസ്റ്റ്, കോയമ്പത്തൂർ ഇന്റർസിറ്റി എന്നിവ ഞായറാഴ്ചമുതൽ പുറപ്പെട്ടിരുന്നു. തിങ്കളാഴ്ച ചെന്നൈ സൂപ്പർഫാസ്റ്റും ഓടി. ഇതോടെ പാലക്കാട് വഴിയുള്ള എല്ലാ വണ്ടികളും ഓടാൻ തുടങ്ങി. അഞ്ചുദിവസമായി സർവീസ് നിർത്തിവെച്ചിരുന്ന മലബാർ, മാവേലി അടക്കമുള്ള തീവണ്ടികളും ഓടിത്തുടങ്ങിയിട്ടുണ്ട്. * തൃശ്ശൂർ-ഗുരുവായൂർ പാതയിൽ ഒട്ടേറെ സ്ഥലങ്ങളിൽ ട്രാക്കിലൂടെ വെള്ളം ഒഴുകിയിരുന്നു. സംരക്ഷണഭിത്തികളും തകർന്നു. അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച ഇതുവഴി പരീക്ഷണ ഓട്ടം നടന്നേക്കും. * കൊല്ലം-പുനലൂർ പാതയിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. ചൊവ്വാഴ്ചമുതൽ തീവണ്ടികൾ ഓടിത്തുടങ്ങും. പുനലൂർ-ചെങ്കോട്ട പാത ഗതാഗതയോഗ്യമല്ല. കൊല്ലത്തുനിന്നുള്ള തീവണ്ടികൾ പുനലൂരിൽ യാത്ര അവസാനിപ്പിക്കും. ബുധനാഴ്ചയ്ക്കകം ഈ പാതയിലും തീവണ്ടി ഓടിത്തുടങ്ങിയേക്കും. ചൊവ്വാഴ്ച ഇതുവഴിയുള്ള കൊല്ലം-താംബരം സ്പെഷ്യൽ റദ്ദാക്കിയിട്ടുണ്ട്. * പാളങ്ങളുടെ അറ്റകുറ്റപ്പണി ചുമതലയുള്ള പെർമനന്റ് വേ, സിഗ്നൽ, ജനറൽ ഇലക്ട്രിക്കൽ, ട്രാക്ഷൻ എന്നീ വിഭാഗങ്ങളിലെ അഞ്ഞൂറോളം ജീവനക്കാർ രാത്രി ജോലിചെയ്താണ് ഷൊർണൂർ-എറണാകുളം പാത ഗതാഗതയോഗ്യമാക്കിയത്. തിങ്കളാഴ്ച പുലർച്ചെ സാങ്കേതികപരിശോധന പൂർത്തിയാക്കി ഫിറ്റ്നസ് സർട്ടിഫിക്കറ്റും നൽകി. പൈലറ്റ് എൻജിനുപിന്നാലെ ഷൊർണൂരിൽനിന്ന് കാരയ്ക്കൽ-എറണാകുളം എക്സ്പ്രസ് കടത്തിവിട്ടു. എറണാകുളത്തുനിന്ന് കണ്ണൂർ ഇന്റർസിറ്റിയും പുറപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/2BseBAd
via
IFTTT
No comments:
Post a Comment