തൊടുപുഴ: വണ്ണപ്പുറം കമ്പകക്കാനം കൂട്ടക്കൊലപാതകത്തിൽ രണ്ടുപേർ കസ്റ്റഡിയിലെന്നു സൂചന. അന്വേഷണസംഘം ഇവരെ കാളിയാർ പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുകയാണ്. ഇവരിൽ ഒരാൾ ഇടുക്കി നെടുങ്കണ്ടം സ്വദേശിയാണ്. ഇവർക്ക് കൊല്ലപ്പെട്ട കൃഷ്ണനുമായി ബന്ധമുണ്ടായിരുന്നെന്നാണ് സൂചന. ബുധനാഴ്ച രാവിലെയാണ് വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് വീട്ടിൽ കൃഷ്ണൻ (54), ഭാര്യ സുശീല (50), മക്കളായ ആർഷ (21), അർജുൻ (17) എന്നിവരെ വീടിനു സമീപം കൊന്ന് കുഴിച്ചുമൂടിയനിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ ചോദ്യം ചെയ്തിരുന്നു. ഇവരിൽ രണ്ടുപേരെയാണ് നിലവിൽ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് സംശയമുള്ള 22 പേരുടെ പട്ടിക പോലീസ് തയ്യാറാക്കിയിരുന്നു. കൃഷ്ണന്റെ മൊബൈൽ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. വീടിനു പിന്നിലുള്ള കുഴിയിൽനിന്നാണ് ബുധാനാഴ്ച കൃഷ്ണന്റെയും കുടുംബാംഗങ്ങളുടെയും മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ചയാകാം ഇവരെ കൊലപ്പെടുത്തിയതെന്നാണ് സൂചന. സംഭവത്തിൽ ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ തൊടുപുഴ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ അഞ്ച് സംഘങ്ങളായാണ് അന്വേഷണം. അർജുന്റെ തലയിൽ മാത്രം 17 വെട്ട് അർജുനെ കൊലപ്പെടുത്തിയത് ഏറെനേരത്തെ ബലപ്രയോഗത്തിനുശേഷമെന്ന് സൂചന. അർജുന്റെ തലയിൽ മാത്രം പതിനേഴ് വെട്ടുകളുണ്ട്. മുഖവും മറ്റും ഇരുമ്പുപോലുള്ള വസ്തു ഉപയോഗിച്ചുള്ള അടിയേറ്റ് തകർന്നിട്ടുണ്ട്. കൃഷ്ണനെ ആക്രമിച്ചപ്പോൾ തടയാൻ ശ്രമിച്ചതാവാം വീട്ടിലെ മറ്റംഗങ്ങളെയും കൊലപ്പെടുത്താൻ കാരണമെന്നാണ് പോലീസിന്റെ വിലയിരുത്തൽ. എല്ലാവരുടെയും ശരീരത്തിൽ വെട്ടേറ്റിട്ടുണ്ട്. വീട്ടിൽനിന്ന് കണ്ടെത്തിയ കത്തി കൂടാതെ മറ്റ് ആയുധങ്ങളും കൊലയ്ക്ക് ഉപയോഗിച്ചിട്ടുണ്ടെന്ന സൂചനയാണുള്ളത്. കുഴിച്ചുമൂടിയതും സംസ്കരിച്ചതും ഒരേ കുഴിയിൽ കൃഷ്ണന്റെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത് വീടിനു പിന്നിലുള്ള കുഴിയിൽനിന്നാണ്. അതേ കുഴിയിൽതന്നെയാണ് ഇവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചതും. കോട്ടയം മെഡിക്കൽ കോളേജിൽനിന്ന് വൈകീട്ട് മൂന്നരയോടുകൂടി കൃഷ്ണന്റെ വീടിനു സമീപത്തുള്ള സഹോദരൻ യജ്ഞേശ്വരന്റെ വീട്ടിലാണ് മൃതദേഹങ്ങൾ എത്തിച്ചത്. വീട്ടുകാരും നാട്ടുകാരും ഉൾപ്പെടെ നിരവധിപേർ അന്ത്യോപചാരം അർപ്പിക്കാനെത്തി. മൃതദേഹങ്ങൾ കാണണമെന്ന് സുശീലയുടെ സഹോദരിമാർ ആവശ്യപ്പെട്ടു. തുടർന്ന് പെട്ടി തുറന്നെങ്കിലും ദുർഗന്ധം വമിക്കുമെന്നതിനാൽ ഉടൻതന്നെ അടച്ചു. ഇവിടെ മതപരമായ ചടങ്ങുകൾ പൂർത്തിയാക്കിയശേഷമാണ് കൃഷ്ണന്റെ പുരയിടത്തിലേക്ക് മൃതദേഹങ്ങൾ എത്തിച്ചത്. മൃതദേഹങ്ങൾ കണ്ടെത്തിയ ചെറിയ കുഴിയോടു ചേർന്ന് വലിയൊരു കുഴിയൊരുക്കി മൃതദേഹങ്ങൾ മറവ് ചെയ്തു. കൃഷ്ണന്റെ സഹോദരനായ യജ്ഞേശ്വരനാണ് മരണാനന്തരചടങ്ങുകൾ നടത്തിയത്. റോഷി അഗസ്റ്റിൻ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, റോയി കെ.പൗലോസ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷൈനി അഗസ്റ്റ്യൻ, മാത്യു കുഴൽനാടൻ, ആർഷയുടെയും അർജുന്റെയും സുഹൃത്തുക്കൾ, സഹപാഠികൾ തുടങ്ങിയവർ അന്ത്യോപചാരമർപ്പിക്കാൻ കമ്പകക്കാനത്ത് എത്തിയിരുന്നു. സ്വർണം നഷ്ടപ്പെട്ടെന്ന് സഹോദരിമാർ 35 പവനോളം സ്വർണം കൃഷ്ണന്റെ വീട്ടിലുണ്ടായിരുന്നുവെന്ന് കൊല്ലപ്പെട്ട സുശീലയുടെ സഹോദരി ഓമന പറഞ്ഞു. ഏപ്രിൽ ആദ്യവാരം താനും ഭർത്താവും മകളും കമ്പകക്കാനത്തെ വീട്ടിലെത്തിയിരുന്നു. ആ സമയം വീട്ടിൽ മകളുടെ ആവശ്യത്തിന് വാങ്ങിവെച്ചതെന്ന് പറഞ്ഞ് മാലയും വളയും ഉൾപ്പെടെ മുപ്പത് പവനിലധികം സ്വർണാഭരണങ്ങൾ ഓമനയെയും മകളെയും സുശീല കാണിച്ചിരുന്നു. അന്ന് രണ്ടു ദിവസം തങ്ങിയ ശേഷമാണ് ഇവിടെനിന്ന് പോയത്. ഏപ്രിൽ മുപ്പതിന് കൊല്ലപ്പെട്ട നാലുപേരും തങ്ങളുടെ വീടായ രാജാക്കാട് ഒരു ബന്ധുവിന്റെ വിവാഹത്തിനെത്തിയിരുന്നു. അന്ന് കുറച്ച് കൂടി സ്വർണം വാങ്ങിയ കാര്യവും പറഞ്ഞു. വീടിന് പുറത്തിറങ്ങുമ്പോൾ ആഭരണങ്ങളണിഞ്ഞാണ് എല്ലാവരും പോയിരുന്നത്. എന്നാൽ ഇവയൊന്നും മൃതദേഹത്തിൽനിന്നോ വീട്ടിൽനിന്നോ കണ്ടെത്താനായിട്ടില്ല. ഇത് പോലീസും സ്ഥിരീകരിക്കുന്നുണ്ട്. മോഷണത്തിനല്ല കൊലപാതകമെങ്കിലും കൃത്യത്തിനുശേഷം ഈ സ്വർണവും കൊണ്ടുപോയെന്നാണ് പോലീസ് കരുതുന്നത്. കൊലപാതകവിവരമറിഞ്ഞ് സുശീലയുടെ സഹോദരങ്ങളായ ബിന്ദു, ഓമന, ബീന, രാജു, ബിജു എന്നിവർ കമ്പകക്കാനത്ത് എത്തിയിരുന്നു. രാത്രി 11 വരെ ആർഷ ഓൺലൈനിൽ കൊല്ലപ്പെട്ട ആർഷ ഞായറാഴ്ച രാത്രി 10.53 വരെ വാട്സാപ്പ് ഉപയോഗിച്ചിരുന്നതായി കുട്ടി പഠിച്ചിരുന്ന കോളേജിൽനിന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രാത്രി സുഹൃത്തുക്കളെ ഫോണിൽ വിളിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇതിനുശേഷമാണ് കൊല നടന്നതെന്നാണ് കരുതുന്നത്. രാത്രിയിൽ ആർഷക്കും വീട്ടിലെ മറ്റുള്ളവർക്കും വന്ന ഫോൺകോളുകളുടെ വിവരശേഖരണം പോലീസ് ആരംഭിച്ചിട്ടുണ്ട്. തൊടുപുഴ ന്യൂമാൻ കോളേജിൽ ബി.എ.ഇക്കണോമിക്സ് പൂർത്തിയാക്കിയശേഷമാണ് തൊടുപുഴയിൽ ബി.എഡിന് ചേർന്നത്. എപ്പോഴും ഒറ്റക്കിരിക്കുന്ന പ്രകൃതമാണ് ആർഷയുടേതെന്ന് കൂട്ടുകാരും അധ്യാപകരും പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആർഷ ഒടുവിലായി ക്ലാസിലെത്തിയത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഇവർ ക്ലാസിലെത്തിയിട്ടില്ലെന്ന് സുഹൃത്തുക്കളും പറയുന്നു. അയൽവാസി പുത്തൻപുരയ്ക്കൽ ശശിയുടെ വീട്ടിൽ ഞായറാഴ്ച വൈകീട്ട് ആർഷ പാല് വാങ്ങാനെത്തിയിരുന്നു. ജൂലായ് രണ്ടിനാണ് ഒന്നാം വർഷ വിദ്യാർഥികൾക്ക് ക്ലാസ് തുടങ്ങിയത്. ഒരു മാസത്തോളം പരിചയമേ കോളേജിലുള്ളവർക്കും ആർഷയുമായുള്ളൂ. കൂടുതൽ വിവരങ്ങളൊന്നും അറിയില്ലെന്നാണ് സഹപാഠികൾ പറയുന്നത്. Read more...ബന്ധുക്കളുമായി പിണങ്ങി, പതിവായി വരുന്ന ആഡംബര വാഹനങ്ങൾ; വണ്ണപ്പുറം കൂട്ടക്കൊലക്ക് പിന്നിലാര്? വണ്ണപ്പുറം കൂട്ടക്കൊല; അടിമുടി ദുരൂഹത, നൂറിലേറെ കിലോ തൂക്കംവരുന്ന കൃഷ്ണനെ എങ്ങനെ കൊലപ്പെടുത്തി? content highlights:Vannappuram mass murder two persons taken into custody
from mathrubhumi.latestnews.rssfeed https://ift.tt/2OHlmku
via
IFTTT
No comments:
Post a Comment