കൊച്ചി: ‘എന്റമ്മേടെ ജിമിക്കി കമ്മൽ എന്റപ്പൻ കട്ടോണ്ട് പോയി...’ എന്ന ഹിറ്റ്ഗാനം ചേരാനല്ലൂർ മാർ ബസേലിയസ് വിദ്യാനികേതന്റെ മതിൽക്കെട്ടിനകത്ത് മുഴങ്ങിക്കേട്ടപ്പോൾ അതുവരെ മനസ്സിനെ നീറ്റിയ കനലുകളെല്ലാം പ്രളയത്തിൽ ഒഴുക്കിക്കളഞ്ഞ് ആസിയ ബീവിയും കുട്ടിപ്പട്ടാളവും ഗാനത്തിന് ചുവടുവച്ചു. അതുവരെ സമ്പാദിച്ചതെല്ലാം പ്രളയം കവർന്നെടുത്തപ്പോൾ ജീവൻ രക്ഷിക്കാനായി ബസേലിയസിലെ ക്യാമ്പിലെത്തിയ അവർ ദുരിതകാലത്തെ ക്യാമ്പ് ജീവിതത്തെയും ആഹ്ലാദഭരിതമാക്കുകയായിരുന്നു. ചേരാനല്ലൂരിൽ വെള്ളംകയറി ഓഗസ്റ്റ് 15-നാണ് ആസിയ ബീവിയും കുടുംബവും വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതനിൽ എത്തിയത്. മൂകമായിരുന്ന ക്യാമ്പിനെ സന്തോഷമാക്കാൻ സംഘാടകർ പല പല പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾക്ക് പാട്ടിനും ഡാൻസിനുമുള്ള വേദിയായി ക്യാമ്പ് മാറി. ‘ജിമിക്കി കമ്മൽ’ എന്ന ഗാനം എത്തിയതോടെ ആസിയ ബീവിയും കുട്ടികൾക്കൊപ്പം ചേർന്നു. അതോടെ ക്യാമ്പിന്റെ അന്തരീക്ഷമാകെ മാറി. എല്ലാവരും ചുറ്റുംനിന്ന് കൈയടിക്കാനും ചിരിക്കാനും തുടങ്ങി. സ്വന്തമായി ചില സ്റ്റെപ്പുകളൊക്കെയിട്ട ആസിയ ബീവിയുടെ ഡാൻസ് സാമൂഹമാധ്യമങ്ങളും ആഘോഷമാക്കി. ജിമിക്കി കമ്മലിന് ചുവടുവച്ച് ക്യാമ്പിൽ താരമായി മാറിയ ആസിയ ബീവി ചേരാനല്ലൂർ എടയാക്കുന്നം അമ്പലത്തിനടുത്ത് വാടകവീട്ടിലാണ് താമസം. വൈറ്റില ജങ്‌ഷനിൽ ദിവസവേതനത്തിൽ ട്രാഫിക് വാർഡനായി ജോലിചെയ്യുന്നു. കടം മേടിച്ചും മിച്ചം വച്ചും ഉണ്ടാക്കിയ വീട്ടുപകരണങ്ങളും മറ്റും പ്രളയം കൊണ്ടുപോയപ്പോഴും ജീവിതത്തെ പുഞ്ചിരിയോടെ നേരിടുകയാണ്. എല്ലാം വീണ്ടും ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് അവർ. ജീവിതത്തെ എന്നും പുഞ്ചിരിയോടെ കാണാനാണ് തനിക്കിഷ്ടമെന്ന് ആസിയ ബീവി പറയുന്നു. ഇപ്പോൾ സംഭവിച്ചതെല്ലാം ദൈവത്തിന്റെ പരീക്ഷണമാണ്, സങ്കടപ്പെട്ടിട്ട് കാര്യമില്ലല്ലോ - ആസിയ പറയുന്നു. ജീവൻ തിരിച്ചുകിട്ടിയല്ലോ, നഷ്ടപ്പെട്ടതെല്ലാം വീണ്ടും ഉണ്ടാക്കാം. ജീവിതത്തിലെ നഷ്ടങ്ങളെക്കുറിച്ച് വിഷമിക്കുന്നതിനേക്കാൾ നല്ലത് ജീവിക്കുന്ന സമയമത്രയും സന്തോഷമായിരിക്കണമെന്നാണ് ആഗ്രഹം - അവർ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2BPuroL
via
IFTTT
No comments:
Post a Comment