ന്യൂഡൽഹി: ബി.ജെ.പി. ദേശീയാധ്യക്ഷൻ അമിത് ഷായ്ക്കെതിരേ ആരോപണവുമായി കോൺഗ്രസ്. രാജ്യസഭാ തിരഞ്ഞെടുപ്പിൽ നൽകിയ സത്യവാങ്മൂലത്തിൽ തന്റെ ബാധ്യതകൾ ഷാ മറച്ചുവെച്ചുവെന്നാരോപിച്ച കോൺഗ്രസ്, ഇക്കാര്യത്തിൽ തിരഞ്ഞടുപ്പുകമ്മിഷനെ സമീപിക്കുമെന്നു വ്യക്തമാക്കി. എന്നാൽ, ആരോപണം വ്യാജവും അടിസ്ഥാനരഹിതവുമാണെന്നു ബി.ജെ.പി. പ്രതികരിച്ചു.മകൻ ജയ് ഷാക്ക് വായ്പ കിട്ടാൻ തന്റെ ഉടമസ്ഥതയിലുള്ള രണ്ടു വസ്തുവകകൾ അമിത് ഷാ പണയംവെച്ചതായും എന്നാൽ, ഇക്കാര്യം രാജ്യസഭാ തിരഞ്ഞെടുപ്പിനു നൽകിയ സത്യവാങ്മൂലത്തിൽ മറച്ചുവെച്ചുവെന്നും കോൺഗ്രസ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജയ്‌റാം രമേഷാണ് ആരോപണമുന്നയിച്ചത്.“ജയ് ഷാ ഉടമസ്ഥാനായുള്ള കുസും ഫിൻസെർവ് എന്ന സ്ഥാപനത്തിന്റെ ആസ്തി ആറുകോടി രൂപ മാത്രമാണ്. എന്നാൽ, വിവിധ സഹകരണ ബാങ്കുകളിൽനിന്നും വാണിജ്യ ബാങ്കുകളിൽനിന്നുമായി 95 കോടി രൂപ ഈ സ്ഥാപനത്തിനു വായ്പ ലഭിച്ചു. അമിത് ഷായുടെ ഉടമസ്ഥതയിലുള്ള രണ്ടു ഭൂമിയും അഹമ്മദാബാദിലെ ഒരു വാണിജ്യഭൂമിയും പണയംവെച്ചാണ് ഈ വായ്പ സംഘടിപ്പിച്ചത്.”- അദ്ദേഹം പറഞ്ഞു.സ്ഥാപനത്തിനു കഴിഞ്ഞവർഷം മേയിൽ ആറുകോടി രൂപ വിലയുള്ള ഭൂമി ഗുജറാത്ത് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ പാട്ടത്തിനു നൽകിയിരുന്നു. ഭൂമി ലഭിച്ച് ഒരുമാസത്തിനകം ഈ ഭൂമി കാണിച്ച് കുസും ഫിൻസെർവ് സ്വകാര്യ ബാങ്കിൽനിന്ന് 17 കോടി രൂപ വായ്പയെടുത്തെന്നും അദ്ദേഹം ആരോപിച്ചു.ഒരു സ്ഥാപനം കമ്പനിനിയമപ്രകാരം സർക്കാരിനു വാർഷിക റിപ്പോർട്ട് നൽകണം. എന്നാൽ, ഈ സ്ഥാപനം 2016-’17-ലെ വാർഷിക റിപ്പോർട്ട് നൽകിയിട്ടില്ല. ഇതിനെതിരേ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.എന്നാൽ, മകന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ ബാധ്യത തന്റെ ബാധ്യതയായി അമിത് ഷായ്ക്കു കാണിക്കാനാവില്ലെന്നു ബി.ജെ.പി. വക്താവ് സംപിത് പത്ര പറഞ്ഞു. തന്റെ മകനു വായ്പ ലഭിക്കാൻ വേണ്ടി സ്വന്തം ഭൂമി പണയംവെയ്ക്കേണ്ടിവന്ന ഉന്നതനിലയിലുള്ള എത്ര രാഷ്ട്രീയനേതാക്കളുണ്ടാകുമെന്ന് അദ്ദേഹം ചോദിച്ചു. ഭീമമായ ആദായനികുതി കുടിശ്ശികകളിൽനിന്ന് ഒഴിഞ്ഞുമാറുന്ന പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരായ ആരോപണങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനാണു കോൺഗ്രസ് ശ്രമമെന്നും അദ്ദേഹം തിരിച്ചടിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2AZtU38
via
IFTTT
No comments:
Post a Comment