തിരുവനന്തപുരം: കേരളത്തെ മുക്കി പ്രളയം താണ്ഡവമാടുമ്പോള്‍ കനത്ത മഴ തുടരുന്നു. മദ്ധ്യകേരളത്തില്‍ ഇന്നും ശക്തമായി തന്നെ മഴപെയ്യുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലും അതിശക്തമായ കാറ്റോടു കൂടിയ മഴയായിരിക്കും പെയ്യുക. ഇതേ തുടര്‍ന്ന് പതിമൂന്ന ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം തുടരും. കാസര്‍ഗോഡ് മാത്രം അതീജാഗ്രതാ നിര്‍ദേശമാണുള്ളത്. സംസ്ഥാനത്ത് ഗുരുതരമായ സ്ഥിതിവിശേഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയുമായി വീണ്ടും സംസാരിച്ചു. ഇടുക്കി, എറണാകുളം ജില്ലകളില്‍ നാളെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ട മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നു. രണ്ടു ദിവസം കൂടിയേ ശക്തമായ മഴയുണ്ടാകു എന്നാണ് സൂചനകള്‍. മഴക്കെടുതിയില്‍ കഴിഞ്ഞ രണ്ടു ദിവസമായി മരിച്ചവരുടെ എണ്ണം 111 ആയി. നെന്മാറ, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. സംസ്ഥാനത്തെ ജലാശയങ്ങളെല്ലാം കരകവിഞ്ഞു. വേമ്പനാട്ട് കായലിലും ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്.
കേരളത്തിന്റെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ആലപ്പുഴയില്‍ രാവിലെ മുതല്‍ കനത്തമഴയാണ്. ചെങ്ങന്നൂര്‍, എടത്വ എന്നിവയുള്‍പ്പെടെ അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഇന്നലത്തേക്കാള്‍ ഒരടി വര്‍ദ്ധിച്ചിരിക്കുകയാണ്. ചെങ്ങന്നൂരില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ രാവിലെ മുതല്‍ ശക്തമായ മഴയും പെയ്യുന്നുണ്ട്. ഹൗസ്‌ബോട്ടുകളും, വള്ളങ്ങളും, സ്പീഡ് ബോട്ടുകളുമെല്ലാം ആലപ്പുഴയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുണ്ട്.
ഇടുക്കിഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു. വൃഷ്ടിപ്രദേശങ്ങളില്‍ മഴ അതിശക്തമായി തുടരുന്നതിനാല്‍ ഇടുക്കിയിലെ ജലനിരപ്പ് 402.2 അടിയായി ഉയര്‍ന്നിട്ടുണ്ട്. അഞ്ചുഷട്ടറുകളും ഉയര്‍ത്തിയാലും സെക്കന്റില്‍ 15 ലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് പോകുക. അതേസമയം സെക്കന്റില്‍ 20 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഡാമിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. അതേസമയം ഡാമില്‍ നിന്നും കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് വൈദ്യുതിമന്ത്രി എംഎം മണി വ്യക്തമാക്കി. ഇക്കാര്യം കെഎസ്ഈബി ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ചേ തീരുമാനം എടുക്കു. അതേസമയം ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
പാലക്കാട് ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഭാരതപ്പുഴ കരകവിഞ്ഞൊഴുകുകയാണ്. രാവിലെ മുതല്‍ മഴയുണ്ടെങ്കിലും ദുര്‍ബ്ബലപ്പെട്ടിട്ടുണ്ട്. പട്ടാമ്പിപാലം നിറഞ്ഞൊഴുകുന്നത് റോഡ് ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. ട്രെയിനുകളും യാത്ര നിര്‍ത്തി. അട്ടപ്പാടി ചുരത്ത് നാലിടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. മലപ്പുറത്തേക്കും തൃശൂരിലേക്കുമുള്ള ട്രെയിന്‍ ഗതാഗതങ്ങളെയും മഴ സാരമായി ബാധിച്ചു.
തൃശൂര്‍ ജില്ലയില്‍ രാവിലെ ചെറിയ വെയില്‍ വന്നെങ്കിലും വീണ്ടും മഴ ശക്തിപ്രാപിച്ചു. ടോള്‍പ്‌ളാസ, പുതുക്കാട്, ആമ്പല്ലൂര്‍, മുരിങ്ങൂര്‍ എന്നിവിടങ്ങളിലെല്ലാം പാതയില്‍ വെള്ളം കയറി. മുരിങ്ങൂര്‍ മേല്‍പ്പാലം പോലും വെള്ളത്തിലാണ്. ചാലക്കുടിപ്പുഴ കരകവിഞ്ഞൊഴുകി നഗരത്തില്‍ വെള്ളം കയറിയിട്ടുണ്ട്. പതിനായിരത്തോളം പേര്‍ ചാലക്കുടിയിലും മാളയിലുമായി കുടുങ്ങിക്കിടക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. എറണാകുളത്തേക്കും തൃശൂരിലേക്കുമുള്ള ദേശീയപാത അടച്ചിട്ടുണ്ട്. കൊല്ലത്ത് പരപ്പാര്‍ ഡാമിലെ സംഭരണശേഷിയിലേക്ക് വെള്ളം എത്തി. ഡാമിന്റെ മൂന്ന് ഷട്ടറുകളും ആറടി ഉയര്‍ത്തിയിരിക്കുകയാണ്. ആലുവ രൂക്ഷമായ പ്രളയക്കെടുതിയിലാണ്. കടുങ്ങല്ലൂരില്‍ അനേകര്‍ കുടുങ്ങിക്കിടക്കുകയാണ്.
മൂവാറ്റുപുഴയില്‍ ശക്തമായ ഒഴുക്കുകാരണം കുടുങ്ങിക്കിടക്കുന്നവര്‍ക്ക് അരികിലേക്ക് ബോട്ടിന് എത്താന്‍ കഴിയുന്നില്ല. ഈ മേഖലകളില്‍ ഭക്ഷ്യക്ഷാമവും പടര്‍ന്നു പിടിക്കുന്നതായി വാര്‍ത്തകളുണ്ട്. പെരുമ്പാവൂരിലും സ്ഥിതി രൂക്ഷമാണ്. അരിയും പലവ്യഞ്ജനങ്ങളും കിട്ടാനില്ലാത്ത സ്ഥിതിയുണ്ട്. പെരിയാറില്‍ ജലനിരപ്പ് നേരിയതോതില്‍ താണിട്ടുണ്ടെങ്കിലും പ്രളയക്കെടുതി തുടരുകയാണ്. സംസ്ഥാനത്ത് ഇന്ധന പ്രതിസന്ധിയും രൂക്ഷമാകുന്നു. മിക്ക പമ്പുകളിലും സ്റ്റോക്ക് തീര്‍ന്നിരിക്കുകയാണ്. ടാങ്കറുകള്‍ക്ക് പമ്പിലേക്ക് എത്താന്‍ കഴിയാത്ത സ്ഥിതിവിശേഷമുണ്ട്.
from mangalam.com https://ift.tt/2My8zT5
via IFTTT
No comments:
Post a Comment