ന്യൂഡൽഹി: ആർഎസ്എസിനെ മുസ്ലീം ബ്രദർ ഹുഡിനോട് ഉപമിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ നിശിതമായി വിമർശിച്ച് ബിജെപി രംഗത്ത്. പരാമർശത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി വക്താവ് സംപീത് പത്ര ആവശ്യപ്പെട്ടു. ആർഎസ്എസ് രാജ്യത്തിന്റെ സ്വഭാവം തന്നെ മാറ്റാൻ ശ്രമിക്കുകയാണ്. ഇന്ത്യയുടെ വ്യവസ്ഥാപിത സമ്പ്രദായങ്ങളെ അട്ടിമറിക്കാൻ ഇതുപോലെ ശ്രമിക്കുന്ന മറ്റൊരു സംഘടനയുമില്ല. പഴയ ആശയങ്ങളെ അവർ വീണ്ടും സജീവമാക്കുകയാണ്. അറബ് ലോകത്ത് നിലനിൽക്കുന്ന മുസ്ലീം ബ്രദർഹുഡിന് സമാനമാണ് ആർഎസ്എസിന്റെ ആശയങ്ങൾ. ഒരേ ആശയത്തിലധിഷ്ഠിതമായി മുഴുവൻ സ്ഥാപനങ്ങളും പ്രവർത്തിക്കണണെന്നും മറ്റുള്ള ആശയങ്ങളെ എല്ലാം അടിച്ചമർത്തണമെന്നുമാണ് അവർ പറയുന്നത്. ഇതായിരുന്നു രാഹുൽ ഗാന്ധിയുടെ വാക്കുകൾ. മുസ്ലീം ബ്രദർഹുഡ് എന്താണെന്ന് അറിയുകയെങ്കിലും ചെയ്യാമോ എന്നാണ് രാഹുലിനോടുള്ള പ്രതികരണമായി സംപ്രീത് പത്ര ചോദിച്ചത്. നിരവധി രാജ്യങ്ങൾ തീവ്രവാദസംഘടനയായി പ്രഖ്യാപിച്ചിട്ടുള്ള സംഘടനയാണത്. ആർഎസ്എസിനെ അതിനോടുപമിക്കുകയാണോ ചെയ്യുന്നതെന്നും പത്ര ചോദിച്ചു. ആർഎസ്എസും ബിജെപിയും രാജ്യത്ത് വിദ്വേഷം പരത്തുകയാണെന്ന രാഹുലിന്റെ പ്രസ്താവനയെയും ബിജെപി അതിശക്തമായി എതിർത്തു. രാഹുൽ ഗാന്ധിക്ക് പക്വത ഇല്ലെന്നും ഇന്ത്യ എന്താണെന്ന് അറിയില്ലെന്നും ബിജെപി കുറ്റപ്പെടുത്തി. നേതൃപാടവവും അദ്ദേഹത്തിനില്ല. ആകെയുള്ളത് മോദിയോടുള്ള എതിർപ്പ് മാത്രമാണ്. അതുകൊണ്ടാണ് ഇത്തരം അപക്വമായ പ്രസ്താവനകൾ നിരന്തരം നടത്തുന്നതെന്നും ഇതിനൊക്കെ രാഹുൽ ഗാന്ധി മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ബിജെപി വക്താവ് ആവശ്യപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/2BMLecc
via
IFTTT
No comments:
Post a Comment