തിരുവനന്തപുരം: കേരളത്തെയാകെ പിടിച്ചുലച്ച പ്രളയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 1924 ലെ വെള്ളപ്പൊക്കം പ്രകൃതി സൃഷ്ടിയാണെങ്കിൽ ഇത്തവണത്തെ പ്രളയം മനുഷ്യസൃഷ്ടിയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. പ്രളയം സർക്കാർ ഉണർന്ന് പ്രവർത്തിക്കാത്തത് കൊണ്ട് സംഭവിച്ചതാണ്. മുന്നറിയിപ്പില്ലാതെ ഡാമുകൾ തുറന്നുവിട്ടത് കൊണ്ടാണ് പ്രശ്നമുണ്ടായത്.വൈദ്യുതി വകുപ്പിന്റെ ലാഭക്കൊതിയും മന്ത്രിമാർ തമ്മിലുള്ള അഭിപ്രായ ഭിന്നതയും ഡാം തുറക്കുന്നതിനെ ബാധിച്ചു. മുൻകൂട്ടി കാര്യങ്ങൾ കാണാൻ കഴിയാത്ത വിവിധ വിഭാഗങ്ങളുടെ കഴിവില്ലായ്മയാണ് ഡാം തുറക്കാൻ വൈകിയതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. പ്രതിപക്ഷനേതാവിന്റെ വാർത്താ സമ്മേളനത്തിൽ നിന്ന് ചാലക്കുടി പുഴയിലെ രണ്ട് ഡാമുകൾ നേരത്തെ തുറന്നിരുന്നുവെങ്കിൽ ചാലക്കുടിയിൽ വെള്ളം കയറുന്നത് ഒഴിവാക്കാമായിരുന്നു. ചെറിയ ഡാമുകളാണ് അവ. അത് തുറക്കാൻ തയ്യാറാകുകയോ ജലനിരപ്പ് കുറയ്ക്കുകയോ ചെയ്തില്ല. ഇതിനിടയിൽ അപ്പർ ഷോളയാറിൽ നിന്ന് തമിഴ്നാട് കേരളത്തിന് നൽകേണ്ട വെള്ളം മുഴുവൻ ഒഴുക്കിവിട്ടു. ആരോടും ചോദിച്ചുമില്ല. അക്കാര്യം അറിയിച്ചിരുന്നുവെങ്കിൽ ചാലക്കുടിയെ രക്ഷിക്കാമായിരുന്നു. അവരെ വിലക്കാൻ സർക്കാരിനായില്ല. പമ്പയിലെ ഒമ്പത് അണക്കെട്ടുകൾ തുറന്നു വിട്ടു. ഇവ വലിയ രീതിയിൽ സംഭരണ ശേഷിയുള്ള ഡാമുകളല്ല. ഒറ്റയടിക്ക് തുറക്കാതെ അൽപ്പാൽപ്പമായി തുറന്നു വിട്ടിരുന്നുവെങ്കിൽ സ്ഥിതി നിയന്ത്രിക്കാമായിരുന്നു. പരമാവധി എത്തിയ ശേഷമാണ് തുറന്നു വിട്ടത്. ചെങ്ങന്നൂരിൽ ഇതുവരെ വെള്ളപ്പൊക്കമുണ്ടാകാത്ത സ്ഥലമാണ്.യാതൊരു മുന്നറിയിപ്പും നൽകാതെ ജനങ്ങൾ ഉറങ്ങുമ്പോഴാണ് ഡാം തുറന്നു വിട്ടത്. മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ മുന്നറിയിപ്പ് കൂടാതെ കൂടുതൽ ഉയർത്തി. പാലക്കാട് നഗരം മുഴുവൻ വെള്ളത്തിലായി. വയനാട് ബാണാസുര ഡാമിന്റെ ഷട്ടറുകൾ തുറക്കുന്ന കാര്യം കളക്ടറെപ്പോലും അറിയിച്ചില്ല. വാട്സ് ആപ്പ് വഴി അറിയിച്ചുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കുട്ടനാട് രണ്ടു മാസമായി വെള്ളത്തിനടിയിലാണ്. അധികൃതർ അങ്ങോട്ട് തിരിഞ്ഞു നോക്കുന്നില്ല. കുട്ടനാട്ടിലെ 90 ശതമാനം ആളുകൾ ആലപ്പുഴ, കോട്ടയം ജില്ലകളിൽ അഭയാർഥികളാണ്. തണ്ണീർമുക്കം ബണ്ടിലെ മൺതിട്ടമാറ്റാത്തതും സ്പിൽവേ തുറക്കാത്തതുമാണ് കുട്ടനാട്ടിലെ പ്രശ്നം. സ്പിൽവേ തുറന്നത് ആഗസ്റ്റ് 17 ന് മാത്രമാണ്. മനുഷ്യനിർമിത ദുരന്തമാണെന്ന് ബിബിസി വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദുരന്തത്തിന് സർക്കാരാണ് പൂർണ ഉത്തരവാദി. മഴകൂടിയെന്നത് ശരിയാണ്.എന്നാൽ സർക്കാർ ഉത്തരവാദിത്വം നിർവഹിച്ചില്ല. അതു കൊണ്ട് കേരളം ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയാണ്. മഴകൂടിയത് കൊണ്ട് ദുരന്തമുണ്ടാകും.എന്നാൽ ആ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാമായിരുന്നു. ഭരണകൂടം പൂർണമായി പരാജയപ്പെട്ടതു കൊണ്ടാണ് ഒരു ജനത ദുരന്തം അനുഭവിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2MHI3qd
via
IFTTT
No comments:
Post a Comment