ചെങ്ങന്നൂര്‍: നീന്തല്‍ പോലും അറിയാത്ത അവസ്ഥയില്‍ ഒരു വശത്ത് ജലപ്രളയവും മറുവശത്ത് ക്യാമ്പിലെ ആള്‍ക്കാര്‍ കൊല്ലുമെന്ന ഭീതിയും. കേരളം ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തെ അഭിമുഖീകരിച്ചപ്പോള്‍ തങ്ങള്‍ ചെകുത്താനും കടലിനും നടുവിലായിരുന്നെന്ന് പ്രളയം ഏറ്റവും ബാധിച്ച ചെങ്ങന്നൂരിലെ ശ്രീ അയ്യപ്പന്‍ കോളേജ് വനിതാ ഹോസ്റ്റലില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ത്ഥിനികള്‍. ഭക്ഷണമോ വെള്ളമോ ഇല്ലാതെ ബാത്ത്‌റൂമില്‍ പോലും പോകാന്‍ കഴിയാതെ നാലു ദിവസങ്ങള്‍ ഹോസ്റ്റലില്‍ നരകജീവിതമാണ് നേരിട്ടതെന്ന് ഇവര്‍ പറയുന്നു.
പ്രളയത്തെക്കാള്‍ പേടിച്ചത് തൊട്ടപ്പുറത്ത് കോളേജില്‍ ക്യാമ്പില്‍ ഉണ്ടായിരുന്നവര്‍ തങ്ങളെ കൊലപ്പെടുത്തുമോ എന്നായിരുന്നെന്നും ആഗസ്റ്റ് 18 ഞായറാഴ്ചയുണ്ടായ സംഭവത്തില്‍ വിദ്യാര്‍ത്ഥിനികകളും റൂംമേറ്റുകളുമായ ആദിത്യ, വൈഷ്ണവി, പാര്‍വ്വതിയും പറഞ്ഞത്. കുറേപേര്‍ ചേര്‍ന്ന ഇവരെ ഹോസ്റ്റല്‍ മുറിയിലിട്ട് മര്‍ദ്ദിക്കുന്നതിന്റെയും കഴുത്തില്‍ മുറുക്കിപ്പിടിച്ച് കസേരകൊണ്ടു തല്ലുന്നതിന്റെയും ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. ഇരുപതിലധികം ദിവസം നീണ്ടു നിന്ന മഴയില്‍ പ്രളയം ഏറ്റവും ബാധിച്ച സ്ഥലങ്ങളില്‍ ഒന്നായിരുന്നു ചെങ്ങന്നൂര്‍. പ്രളയവും മനുഷ്യനും തീര്‍ത്ത ശത്രുതയില്‍ ജീവനെ ഭയന്ന് കഴിഞ്ഞ ദിവസങ്ങള്‍ക്ക് ശേഷം രക്ഷാപ്രവര്‍ത്തകര്‍ ഇവരെ ചെങ്ങന്നൂരിലെ ക്യാമ്പില്‍ എത്തിച്ചു.
വെള്ളം ഇറങ്ങിയതോടെ എല്ലാവരും തിരിച്ച് വീട്ടിലെത്തി. ആദിത്യയും വൈഷ്ണവിയും പാര്‍വ്വതിയും തിരുവനന്തപുരം കരകുളത്തെ ആദിത്യയുടെ വീട്ടിലാണ്. ഇവര്‍ പറഞ്ഞ കഥകള്‍ ഞെട്ടലോടെയാണ് കേട്ടത്. ഹോസ്റ്റലിന്റെ മുകളിലത്തെ നിലയില്‍ ഭക്ഷണമോ വെള്ളമോ ശൗചാലയ സൗകര്യം പോലുമില്ലാതെ അയല്‍ക്കാരായ മറ്റുള്ളവരുടെ അടിയും ഇടിയുമേറ്റ ഇവര്‍ കുടുങ്ങിക്കിടക്കുകയായിരുന്നത്രേ.
തിരുവന്‍വണ്ടൂരിലെ എരമല്ലിക്കരയിലെ ഹോസ്റ്റലില്‍ 29 വിദ്യാര്‍ത്ഥിനികളും പ്രായമായ മേട്രനും പാചകക്കാരിയും ഉള്‍പ്പെടെ 31 പേരായിരുന്നു ഉണ്ടായിരുന്നത്. നാലു ദിവസം മുമ്പാണ് ഹോസ്റ്റല്‍ പ്രളയത്തില്‍ മുങ്ങിയത്. അതിന് മുമ്പായി തന്നെ പമ്പാ ഡാം തുറന്നെന്നും എല്ലാവരും ഹോസ്റ്റല്‍ വിടണമെന്നും മുന്നറിയിപ്പ് കിട്ടിയിരുന്നു. തുടര്‍ന്ന് പാര്‍വ്വതി ഓച്ചിറയിലെ വീട്ടിലേക്ക് പോകാനൊരുങ്ങി. എന്നാല്‍ വെള്ളം നന്നായി പൊങ്ങിയെന്ന് പറഞ്ഞ് മേട്രന്‍ വിട്ടില്ല. രാത്രിയില്‍ എല്ലാവരും അവിടെ തങ്ങി. രണ്ടാം ദിവസം താഴത്തെ നില പൂര്‍ണ്ണമായും മുങ്ങിയതോടെ സീനിയേഴ്‌സ് ജൂനിയേഴ്‌സിനെയും വിളിച്ചുകൊണ്ട് രണ്ടു ടെറസുകളുള്ള മുകളിലത്തെ നിലയിലേക്ക് കയറി.
ഇവിടെ നിന്നാല്‍ പത്തടി അകലെയുള്ള കോളേജു കാണാനാകും. തൊട്ടടുത്തുള്ള 624 പേരെ കയറ്റിപാര്‍പ്പിച്ച് അവിടം ദുരിതാശ്വാസ ക്യാമ്പാക്കിയിരുന്നത് കാണാമായിരുന്നു. എന്നാല്‍ ഈ ക്യാമ്പിലേക്ക് പോകാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് യാതൊരു മാര്‍ഗ്ഗവുമില്ലായിരുന്നു. അതേസമയം ക്യാമ്പിലുള്ളവര്‍ ഈ പെണ്‍കുട്ടികളെ കണ്ടത് ശത്രുക്കളെന്ന പോലെയാണ്.
സഹായത്തിനായി പെണ്‍കുട്ടികള്‍ ആദ്യം വിളിച്ചപ്പോള്‍ നിങ്ങള്‍ സുരക്ഷിതരാണെന്നായിരുന്നു മറ്റുള്ളവരുടെ മറുപടി. എന്നാല്‍ താഴത്തെ നില മുഴുവന്‍ വെള്ളം കയറിയിരുന്നു. അടുക്കളയില്‍ വെള്ളം കയറിയതിനാല്‍ ഭക്ഷണമോ വെള്ളമോ ഇല്ലായിരുന്നു. ശൗചാലയങ്ങളും ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതി. വൈദ്യൂതിയും ഇല്ലാത്തതിനാല്‍ ഫോണിലെ ചാര്‍ജ്ജും തീര്‍ന്നു. ഇങ്ങിനെ എത്രകാലമെന്ന് അറിയാത്ത സ്ഥിതി. എന്നാല്‍ സ്ഥിതി മുന്നില്‍ കണ്ട് ചിലരുടെ മൊബൈലുകള്‍ ചാര്‍ജ്ജ് പോകാതെയും സംസാരം കുറച്ചും എപ്പോഴും ഓണാക്കാതെയും സൂക്ഷിച്ചതിനാല്‍ അത് അവസാനം വരെ നിന്നു. അതിലൂടെയാണ് വീട്ടുകാരും പുറംലോകവുമായും ബന്ധപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരുന്നത്.
നാലു ദിവസം ഈ രീതിയില്‍ കഴിയേണ്ടി വന്നു. ആരും എങ്ങും പോകേണ്ടെന്നും ഹോസ്റ്റലില്‍ നിങ്ങള്‍ സുരക്ഷിതരാണെന്നും പറഞ്ഞത് മുതലാണ് പ്രശ്‌നം തുടങ്ങിയത്. പിന്നീട് ഹെലികോപ്റ്ററുകള്‍ പോകുമ്പോള്‍ പെണ്‍കുട്ടികള്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ ഒച്ച വെച്ചത് കാര്യങ്ങള്‍ വഷളാക്കി. ഹെലികോപ്റ്ററുകളുടെ ശ്രദ്ധ ക്ഷണിക്കാന്‍ ഒച്ച വെയ്ക്കുകയോ അടയാളങ്ങള്‍ കാട്ടുകയോ വേണമെന്ന് പെണ്‍കുട്ടികള്‍ മനസ്സിലാക്കിയിരുന്നു. നിങ്ങള്‍ ഇങ്ങിനെ ഒച്ചവെച്ചാല്‍ ഞങ്ങളെ അവര്‍ കാണില്ലെന്നായിരുന്നു ക്യാമ്പിലുള്ളവരുടെ പരാതി. എന്നാല്‍ ശ്രദ്ധക്ഷണിക്കാന്‍ ഇങ്ങിനെ ചെയ്യാനാണ് നിര്‍ദേശം എന്നായിരുന്നു പെണ്‍കുട്ടികളുടെ മറുപടി. ഹെലികോപ്റ്റര്‍ താഴ്ത്തുമ്പോള്‍ വീടുകളില്‍ തട്ടി അത് തകരുമോ എന്നായിരുന്നു അവരുടെ പേടി. അവരുടെ ഭക്ഷണം എന്ന പേടിയായിരിക്കുമെന്ന് രണ്ടു വിദ്യാര്‍ത്ഥിനികള്‍ സംശയിച്ചു.
ഒരു ദിവസം കഴിഞ്ഞപ്പോള്‍ ക്യാമ്പിലുള്ള ചിലര്‍ പെണ്‍കുട്ടികളെ കമന്റടിക്കാനും അശ്‌ളീലമായ രീതിയില്‍ സംസാരിക്കാനും തുടങ്ങി. ഇതിനിടയില്‍ ഇവര്‍ ഫോണില്‍ നിന്നും സന്ദേശങ്ങളായും കോളുകളായും നിരന്തരം ബന്ധപ്പെടാന്‍ തുടങ്ങി. തങ്ങള്‍ക്ക് വേണ്ടി കൂടി ക്യാമ്പില്‍ ഇട്ടുകൊടുത്ത ഭക്ഷണം പോലും ആരും തന്നുമില്ല. മൂന്ന് ദിവസം കഴിഞ്ഞ് ആഗസ്റ്റ് 18 നാണ് ഭക്ഷണം കിട്ടിയത്. അതും ക്യാമ്പിലുള്ളവര്‍ക്ക് എടുക്കാന്‍ കഴിയാതെ വന്ന ഭക്ഷണപ്പൊതി. എന്നാല്‍ തങ്ങള്‍ കഴിക്കുന്നത് അവരുടെ ഭക്ഷണമാണെന്നും പറഞ്ഞു. ഭക്ഷണത്തിന് വേണ്ടിയായിരുന്നു വഴക്ക്. ഭക്ഷണപ്പൊതി വീഴുമ്പോള്‍ എല്ലാവരും അതിനായി കടിപിടി കൂടുന്നത് കാണാമായിരുന്നെന്നും പെണ്‍കുട്ടികള്‍ പറയുന്നു.
ഇതിനിടയില്‍ ഹെലികോപ്റ്റിന്റെ ശ്രദ്ധ ക്ഷണിക്കാനായി പെണ്‍കുട്ടികള്‍ വേറെ ആശയം പരീക്ഷിച്ച് തുടങ്ങി. നിറമുള്ള ചാര്‍ട്ടുകളിലും ടൗവ്വലുകളിലും മഷികൊണ്ട് എഴുതിക്കാണിച്ചു. എന്നാല്‍ അത് വായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അതിന്റെ നിറം അവരുടെ കണ്ണില്‍ പെട്ടു. ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ ഗരുഡാ കമാന്റോ കേണല്‍ പ്രശാന്ത് താഴെയിറങ്ങി.
ഈ സമയത്ത വാര്‍ഡ് മെമ്പര്‍ സ്ഥലത്തെത്തി ഹെലികോപ്റ്റര്‍ എന്തിനാണ് ഇവിടെ ഇറക്കുന്നതെന്നും ഇത് ഞങ്ങളുടെ വീട് തകര്‍ക്കില്ലേയെന്നും ചോദിച്ചു. എന്നാല്‍ ഈ പെണ്‍കുട്ടികളെ രക്ഷപ്പെടുത്തേണ്ടേ് എന്ന് കേണല്‍ തിരിച്ചു ചോദിച്ചു. അവിടെ വലിയ വാഗ്വാദം തന്നെ നടന്നു. തുടര്‍ന്ന് കേണലിനോട് അശ്‌ളീലം പറഞ്ഞത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പെണ്‍കുട്ടികള്‍ പറഞ്ഞു. ഇന്ധനം നിറച്ച് ഒരു മണിക്കൂറിനുള്ളില്‍ കൊണ്ടുപോകാന്‍ തിരിച്ചെത്താം എന്ന് പറഞ്ഞ് കേണല്‍ പോയി.
ഈ ഒരു മണിക്കൂറിനിടയില്‍ ഞങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായി. ഇതിന്റെ വീഡിയോയായിരുന്നു വൈറലായി മാറിയത്. അപ്പുറത്ത് ഉണ്ടായിരുന്നവര്‍ ഹോസ്റ്റലില്‍ എത്തുകയും പാര്‍വ്വതി, ജിഷ, അനു, സലിത എന്നിവരെ ആക്രമിച്ചു. പെണ്‍കുട്ടികളെ അടിക്കുകയൂം കസേരയും മറ്റും ഉപയോഗിച്ച് തല്ലുകയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്തതായി പാര്‍വ്വതി പറയുന്നു. തന്റെയും വൈഷ്ണവിയുടെയും കഴുത്തില്‍ കുത്തിപ്പിടിച്ചെന്നും വസ്ത്രങ്ങള്‍ വലിച്ചു കീറിയെന്നും പാര്‍വ്വതി പറയുന്നുണ്ട്.
ഒരു മണിക്കൂറിന് ശേഷം കമാന്റോ തിരിച്ചുവന്നതോടെ നഷ്ടപ്പെട്ട പ്രതീക്ഷ പെണ്‍കുട്ടികള്‍ക്ക് തിരിച്ചുകിട്ടി. ഓരോരുത്തരേയായി കയറ്റി. എന്നാല്‍ 13 പേരെ കയറ്റിയപ്പോള്‍ മഴ ശക്തമായി ഓപ്പറേഷന്‍ തുടരാന്‍ കഴിഞ്ഞില്ല. ബാക്കിയുള്ളവരെ രക്ഷിക്കാന്‍ രാവിലെ ആറു മണിക്ക് എത്താമെന്ന് പറഞ്ഞ് അദ്ദേഹം വീണ്ടും പോയി. എന്നാല്‍ പെണ്‍കുട്ടികള്‍ ഭീതിയിലായി. ഇത്തവണ അവര്‍ പ്രളയത്തേക്കാള്‍ ഭയപ്പെട്ടത് ചുറ്റുമുള്ള നാട്ടുകാരെയാണ്. അവര്‍ തങ്ങളെ കൊല്ലുമെന്ന ഭീതിയില്‍ രക്ഷപ്പെടാന്‍ പറ്റിയില്ലെങ്കില്‍ താഴെ വെള്ളത്തില്‍ ചാടി മരിക്കുമെന്ന് പറഞ്ഞ് 15 പേര്‍ ആത്മഹത്യാഭീഷണി മുഴക്കി. എന്നാല്‍ ഒടുവില്‍ വള്ളവും ബോട്ടുമെല്ലാം എത്തി ഇവരെ ചെങ്ങന്നൂരിലെ ക്യാമ്പിലേക്ക് കൊണ്ടുപോയി.
വേറെ സ്ഥലത്തു നിന്നും വന്നതിനാലാണ് ഇവരോട് മറ്റുള്ളവര്‍ക്ക് ഇഷ്ടക്കേട് ഉണ്ടായതെന്നാണ് ഇവര്‍ കരുതുന്നത്. നന്നായി പെരുമാറിയവര്‍ പെട്ടെന്ന് എതിരായത് എന്താണെന്ന ഇവര്‍ക്ക് ഇതുവരെ ബോധ്യമായിട്ടില്ല. ഇത്രയും നാള്‍ സ്‌നേഹത്തോടെ പെരുമാറിയിരുന്നവര്‍ പെട്ടെന്ന് ശത്രുക്കളായത് ദുരിത സാഹചര്യവും ഭക്ഷണകാര്യവുമായിരിക്കാമെന്നു പെണ്‍കുട്ടികള്‍ പറയുന്നു. പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ സുരക്ഷിതരാണെന്ന രീതിയില്‍ ക്യാമ്പില്‍ ഉണ്ടായിരുന്നവര്‍ മോശമായതും തെറ്റായതുമായ പ്രചരണവും നടത്തിക്കൊണ്ടിരുന്നു. ബോട്ടും ഹെലികോപ്റ്ററുകളും രക്ഷിക്കാന്‍ വന്നിട്ടും പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ നിന്നും പുറത്തു കടക്കാന്‍ തയ്യാറായില്ലെന്നായിരുന്നു പ്രചരണം. നാലു ദിവസം ടോയ്‌ലറ്റില്‍ പോലും പോകാന്‍ കഴിയാത്ത അവസ്ഥയില്‍ ഇരിക്കുമ്പോള്‍ എന്തിന് ഇങ്ങിനെ ചെയ്യണമെന്നാണ് ഈ ആരോപണത്തിന് മറുചോദ്യം.
കോളേജ് പ്രിന്‍സിപ്പാളും അദ്ധ്യാപകരും പോലും അവരെയാണ് വിശ്വസിക്കാന്‍ തയ്യാറായതെന്നും സ്വന്തം കുട്ടികളെ വിശ്വസിക്കാതിരുന്നത് ഏറെ സങ്കടപ്പെടുത്തിയെന്നും ഇവര്‍ പറയുന്നു. പെണ്‍കുട്ടികള്‍ ഈ ദുരിതം നേരിടുമ്പോഴെല്ലാം ഹൃദ്രോഗി കൂടിയായ കോളേജിലെ പ്യൂണ്‍ അനീഷ് അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. പ്രായമായ ഇയാള്‍ക്ക് പുറമേ മേട്രനും പാചകക്കാരിയൂം പെണ്‍കുട്ടികള്‍ശക്കാപ്പം നിന്നു. അതേസമയം ആക്രമിക്കപ്പെട്ടെന്ന് പ്രശാന്തിന് പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഭക്ഷണവും വെള്ളവും കുട്ടികള്‍ക്ക് പാലും കിട്ടാതെ നെട്ടോട്ടമോടുകയായിരുന്നു തങ്ങളെന്നും കയ്യില്‍ നയാപൈസ ഇല്ലായിരുന്നെന്നും പെണ്‍കുട്ടികള്‍ പറഞ്ഞതെല്ലാം കള്ളമാണെന്നുമാണ് വാര്‍ഡ് മെമ്പര്‍ രഞ്ജിത്ത് പറഞ്ഞത്. സംഭവത്തിന്റെ വീഡിയോ ഐഎസി കേഡറ്റ് അംബരീഷ് കാട്ടിയപ്പോള്‍ എല്ലാം കള്ളമാണെന്നും രഞ്ജിത്ത് പറഞ്ഞു.
പാവപ്പെട്ട ഗ്രാമീണര്‍ ദുരിതത്തിലൂടെയാണ് പോകുന്നതെന്നും അവിടെ വന്നാല്‍ നിങ്ങള്‍ക്ക് അത് മനസ്സിലാകുമെന്നുമാണ് പറയുന്നത്. പേടിച്ചിരിക്കുമ്പോള്‍ ഹെലികോപ്റ്റര്‍ കൂടുതല്‍ താഴ്ത്തിയാല്‍ വീടുകള്‍ തകരുമെന്ന് അവര്‍ക്ക് ഭയമുണ്ടായിരുന്നതായൂം ഇയാള്‍ പറഞ്ഞു. സംഭവത്തില്‍ വനിതാകമ്മീഷനും കേസെടുത്തിരിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ ഇപ്പോള്‍ പേടിക്കുന്നത് തങ്ങളുടെ പഠനം തുടരാന്‍ കഴിയുമോ എന്നാണ്.
from mangalam.com https://ift.tt/2wjodaz
via IFTTT
No comments:
Post a Comment