തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ സൈന്യത്തെ വിളിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ ദുരഭിമാനം വെടിയണമെന്നും പ്രളയക്കെടുതി നാലാം ദിവസമാണെന്നും ഇത് ജനങ്ങളുടെ ജീവന്റെ കാര്യമാണെന്നും കൈകൂപ്പി അഭ്യര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രളയക്കെടുതിയില്‍ നാലാം ദിവസമാണ് സൈന്യത്തിന് ചെറിയ രീതിയില്‍ പോലും പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
സൈന്യത്തെ വിളിക്കണമെന്ന് താന്‍ പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി പുച്ഛിച്ച് തള്ളിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ദുരിതമനുഭവിക്കുന്നവരുടെ ദീനരോദനത്തിന് മുന്നില്‍ നിസ്സഹായരായി നില്‍ക്കാനേ നമുക്കു കഴിയൂ എന്നും സംസ്ഥാനത്തുടനീളം ദയനീയമായ കാഴ്ചയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ അവസ്ഥയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ലൈഫ് ജാക്കറ്റുകളുടെയും ബോട്ടുകളുടെയും കണക്ക് പറഞ്ഞിരിക്കാതെ ആവശ്യമുള്ള സൈന്യത്തെ ആവശ്യപ്പെടുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്ന് ചെന്നിത്തല പറഞ്ഞു.
കുട്ടനാട്ടില്‍ നിന്നും നൂറു കണക്കിന് പേരാണ് പ്രതിപക്ഷനേതാവിന്റെ ഓഫീസിലെ കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കുന്നത്. വിദേശത്ത് നിന്നു പോലും സഹായാഭ്യര്‍ത്ഥന വരുന്നു. ഇവയെല്ലാം മുഖ്യമന്ത്രിക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും കൈമാറുകയാണ്. കേരളം ഒന്നിച്ചു നിന്നിട്ടും എല്ലാവരേയും രക്ഷിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇത്ര വലിയ സേനാസംവിധാനമുള്ള രാജ്യമാണ് നമ്മുടേതെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. വെള്ളത്തിന് നടുവില്‍ അനേകരാണ് ഒറ്റപ്പെട്ടിരിക്കുന്നത്. ഈ ദാരുണ സാഹചര്യത്തില്‍ പ്രതിപക്ഷം പൂര്‍ണ്ണമായും സര്‍ക്കാരിനോട് ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ചെയ്യുന്ന കാര്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുകയും ദുരന്തമേഖലകളില്‍ മുഖ്യമന്ത്രിക്കൊപ്പം സന്ദര്‍ശിക്കാന്‍ പോകുകയും ചെയ്തു. ഇത്തരം സാഹചര്യത്തില്‍ സൈന്യത്തിന്റെ സഹായം തേടുകയാണ് വേണ്ടതെന്നും പറഞ്ഞു. എല്ലായിടത്തും കുടിവെള്ളം, ഭക്ഷണം, മരുന്ന് എന്നിവ എത്തിക്കാന്‍ അവര്‍ക്ക് കഴിയും. ഒരു ഹെലികോപ്റ്ററില്‍ 1000 കിലോ ഭക്ഷണം കൊണ്ടുപോകാനാകും. അതുപോലെ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ ആളില്ലാ വിമാനം ഉപയോഗപ്പെടുത്തുകയും അതുവഴി സൈന്യത്തിന് അവരെ എളുപ്പം രക്ഷപ്പെടുത്താനും കഴിയും. സൈനിക ഡോക്ടര്‍മാരുടെ സേവനവും തേടാനാകുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
സൈന്യത്തെ ആവശ്യപ്പെടണമെന്ന ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് എതിരേ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത് വന്നു. ഭരണം സൈന്യത്തെ ഏല്‍പ്പിക്കണമെന്നാണ് ചെന്നിത്തല ഉദ്ദേശിക്കുന്നതെങ്കില്‍ അത് നടക്കില്ലെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. സൈന്യത്തിന്റെ സഹായം ആവശ്യപ്പെടുന്നത് എങ്ങിനെ ഭരണത്തില്‍ ഇടപെടലാകുമെന്ന് ചെന്നിത്തല ചോദിച്ചു. ഇതെല്ലാം സര്‍ക്കാരിന്റെ പ്രശ്‌നമാണെന്ന് ഇപ്പോഴും പറയുന്നില്ല. എന്നാല്‍ വീഴ്ചകള്‍ പരിഹരിച്ച് രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏര്‍പ്പെടുത്തണമെന്നാണ് തങ്ങള്‍ പറയുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
25,000 കോടിയിലേറെ നാശനഷ്ടം ഉണ്ടായ സ്ഥാനത്ത് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് വെറും 500 കോടിയാണ്. 1000 കോടിയെങ്കിലും താന്‍ പ്രതീക്ഷിച്ചിരുന്നെന്നും ഈ പ്രളയക്കെടുതിയെ ദേശീയദുരന്തമായി പ്രഖ്യാപിച്ചില്ലെങ്കില്‍ പിന്നെന്താണ് ദേശീയ ദുരന്തമെന്നും അദ്ദേഹം ചോദിച്ചു. സൈന്യത്തെ ഇറക്കണമെന്നും ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും ഉള്ള രണ്ടു ആവശ്യം മാത്രമാണ് ചോദിച്ചതെന്നും പറഞ്ഞു. 500 കോടി തന്നതു തന്നെ നന്നായെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി ജില്ലയിലേക്ക് സര്‍ക്കാരിന്റെ ശ്രദ്ധപോലും ചെന്നിട്ടില്ല. ആവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ പോലും കഴിയാത്ത രീതിയില്‍ സ്ഥിതി മോശമാണ്. രാഷ്ട്രീയമൊക്കെ ആവശ്യപ്പെട്ട് സൈന്യത്തിന്റെ സഹായം ആവശ്യപ്പെടാന്‍ അഭ്യര്‍ഥിക്കുകയാണെന്നും പറഞ്ഞു.
from mangalam.com https://ift.tt/2BmCp8L
via IFTTT
No comments:
Post a Comment