കുമരകം: ആധുനികസൗകര്യങ്ങളില്ലാതിരുന്ന 1992-ൽ ഇടുക്കി അണക്കെട്ടിൽ 2400 അടി ജലം സംഭരിക്കപ്പെട്ട സാഹചര്യത്തിലാണ് അധികജലം ഒഴുക്കിക്കളയാൻ ആദ്യമായി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തിയത്. എന്നാൽ പുറത്തേക്കൊഴുകിയ ജലം യാതൊരു കഷ്ടനഷ്ടങ്ങളും ഉണ്ടാക്കിയില്ലെന്ന് അന്നത്തെ ഡാം സേഫ്റ്റി അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന കുമരകം വയലാറ്റുശ്ശേരി എം.ജെ.ജോയി പറയുന്നു. സാങ്കേതികവിദ്യകൾ പുരോഗമിച്ച സാഹചര്യത്തിൽ ഷട്ടറുകൾ തുറക്കേണ്ടിവരില്ലെന്നും ജോയി തറപ്പിച്ചുപറയുന്നു. 1992-ൽ മുല്ലപ്പെരിയാർ സ്പിൽവേ കവിഞ്ഞ് വെള്ളം ക്രമാതീതമായി ഒഴുകിയെത്തിയതിനെ തുടർന്നാണ് ഇടുക്കിയുടെ ഷട്ടറുകൾ ഉയർത്തേണ്ടിവന്നത്. ഇന്നത്തെപ്പോലെ ആധുനികസൗകര്യങ്ങളൊന്നും അന്നുണ്ടായിരുന്നില്ല. കൺട്രോൾ റൂമിൽ നിന്ന് തന്റെ ഓഫീസിലേക്ക് വിവരങ്ങൾ കൈമാറിയിരുന്നത് പോലീസ് ഉദ്യോഗസ്ഥരുടെ വയർലെസ് സെറ്റ് ഉപയോഗിച്ചായിരുന്നു. ഇനി ഡാം തുറക്കേണ്ടിവന്നാൽ പോലും ആശങ്ക ആവശ്യമില്ലെന്നും എം.ജെ.ജോയി പറയുന്നു. 1969-ൽ അണക്കെട്ട് നിർമാണത്തിനായി ആദ്യ കോൺക്രീറ്റ് നടത്തിയതിനും ജോയി ദൃക്സാക്ഷിയായിരുന്നു. കുളമാവ് ഡാമിന്റെ ഹോളോ ജെറ്റ് വാൽവും ഒരു തവണ മാത്രമാണ് തുറന്നിട്ടുള്ളത്. ഇതു തുറക്കുന്നതിന് മറ്റു ഉദ്യോഗസ്ഥർ അനുകൂല നിലപാടല്ല അന്ന് അറിയിച്ചത്. വാൽവ് തുറന്ന ശേഷം അടയ്ക്കുമ്പോൾ വാൽവിൽ എന്തെങ്കിലും കരട് കയറിയാൽ നന്നായി അടയില്ല. ഇത് വെള്ളം പാഴാകുന്നതിനിടയാക്കും. ഒരടി വെള്ളം പാഴായാൽ ഒരു കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് അന്നത്തെ കണക്കുകൂട്ടൽ. മൂലമറ്റം പവർഹൗസിലേക്ക് വെള്ളം തുറന്നുവിടുന്ന ടണലിന്റെ മുൻവശത്തെ ചെളി നീക്കംചെയ്യുന്നതിനാണ് വാൽവ് സ്ഥാപിച്ചിരിക്കുന്നത്. 1994 മാർച്ച് 23-നാണ് വാൽവ് തുറന്ന് പരിശോധന നടത്തിയതെന്നും അന്ന് ചെളി മാറ്റിയില്ലെന്നും ജോയി ഓർമ്മിക്കുന്നു. അന്ന് വെറും പത്തു മിനിറ്റാണ് വാൽവ് തുറന്നുവെച്ചത്. കുളമാവ് ഹോളോ ജെറ്റ് വാൽവ് തുറന്ന് എട്ടു ദിവസത്തിനുശേഷമാണ് താൻ സർവീസിൽനിന്ന് വിരമിച്ചതെന്നും ജോയി പറഞ്ഞു. 1969-ൽ നിർമാണം ആരംഭിച്ച് 1976 ഫെബ്രുവരി 12-ന് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഡാമിന്റെ ട്രയൽ റൺ സ്വിച്ച് ഓൺ ചെയ്തപ്പോഴും പങ്കാളിയാവാൻ സാധിച്ചതിന്റെ സന്തോഷവുമുണ്ട് 80-കാരനായ ജോയിക്ക്.
from mathrubhumi.latestnews.rssfeed https://ift.tt/2OGxtyf
via
IFTTT
No comments:
Post a Comment