ന്യൂഡൽഹി: വെള്ളപ്പൊക്കക്കെടുതിയിൽപ്പെട്ട കേരളത്തിന് യു.എ.ഇ. പ്രഖ്യാപിച്ച 700 കോടി രൂപയുടേതടക്കമുള്ള വിദേശസഹായം ഇന്ത്യ സ്വീകരിക്കില്ല. പ്രളയംപോലുള്ള ദുരന്തങ്ങൾ നേരിടാൻ വിദേശസഹായം കൈപ്പറ്റേണ്ടെന്ന കീഴ്വഴക്കം മാറ്റില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ വ്യക്തമാക്കി. “പ്രളയക്കെടുതിയിൽപ്പെട്ടവരെ സഹായിക്കാനുള്ള വിദേശരാജ്യങ്ങളുടെ സന്നദ്ധതയെ ഇന്ത്യ വിലമതിക്കുന്നു. എന്നാൽ, ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങൾ സ്വയം നിർവഹിക്കുമെന്ന നയം തുടരും. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധികളിലേക്ക് പ്രവാസികളുടെയും വിദേശഇന്ത്യക്കാരുടെയും ഫൗണ്ടേഷനുകളടക്കമുള്ള അന്താരാഷ്ട്രസംഘടനകളുടെയും സംഭാവന സ്വീകരിക്കും -അദ്ദേഹം വ്യക്തമാക്കി. വിദേശത്തുനിന്ന് വ്യക്തികൾക്കോ സന്നദ്ധ സംഘടനകൾക്കോ കേരളത്തെ സഹായിക്കുന്നതിന് തടസ്സമില്ല. അതേസമയം, ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുമായി ചർച്ചചെയ്ത് തടസ്സം നീക്കാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യു.എ.ഇ., ഖത്തർ, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളാണ് ഇതുവരെ കേരളത്തിന് സാമ്പത്തികസഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. കേരളത്തിനുള്ള വിദേശരാജ്യങ്ങളുടെ സഹായവാഗ്ദാനങ്ങൾ വിനയത്തോടെയും നന്ദിപറഞ്ഞും നിരസിക്കണമെന്ന് നേരത്തേ ഇന്ത്യയുടെ എംബസികളോട് ഇ-മെയിൽ സന്ദേശം വഴി വിദേശകാര്യ മന്ത്രാലയം നിർദേശിച്ചിരുന്നു. “കേരളത്തിലെയും മറ്റുസംസ്ഥാനങ്ങളിലെയും ജനങ്ങളും വിദേശഇന്ത്യക്കാരും ഒരുമിച്ചുനിന്ന് സർക്കാർസംവിധാനത്തെ സഹായിക്കുന്നുണ്ടെന്ന് അവരോട് വ്യക്തമാക്കണം. ദുരന്തംനേരിടാൻ സ്വന്തം ശ്രമങ്ങളെ ആശ്രയിക്കാനാണ് ഇന്ത്യ പ്രാഥമിക പരിഗണനനൽകുന്നത് എന്നറിയിക്കണം. നിലവിലുള്ള സാഹചര്യം ഇന്ത്യയിലെ ജനങ്ങൾക്ക് കൈകാര്യം ചെയ്യാൻ കഴിയുന്നതാണ്. അതിനാൽ, വെള്ളപ്പൊക്കക്കെടുതി നേരിടാൻ ആഭ്യന്തരശ്രമങ്ങളെ ആശ്രയിക്കാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നതെന്ന് വിദേശരാജ്യ പ്രതിനിധികളോട് വ്യക്തമാക്കണം” -കത്തിൽ പറയുന്നു. 2004-ൽ അന്നത്തെ യു.പി.എ. സർക്കാരാണ് ദുരന്തംനേരിടാൻ വിദേശസഹായം വാങ്ങേണ്ടതില്ലെന്ന നിലപാട് ആദ്യമായി സ്വീകരിച്ചത്. 2004-ലെ സുനാമിയിലും 2013-ലെ ഉത്തരാഖണ്ഡ് പ്രളയത്തിലും ഇന്ത്യ വിദേശസഹായം സ്വീകരിച്ചില്ല. 2013-ൽ ഉത്തരാഖണ്ഡ് വെള്ളപ്പൊക്കസമയത്ത് റഷ്യ നൽകിയ സഹായവാഗ്ദാനം ഇന്ത്യ നിരസിച്ചിരുന്നു. കീഴ്വഴക്കം നിലനിൽക്കെത്തന്നെ, ദുരിതാശ്വാസനടപടികൾക്കപ്പുറമുള്ള പുനർനിർമാണം, പുനരധിവാസം തുടങ്ങിയ ആവശ്യങ്ങൾക്ക് വിദേശസഹായം സ്വീകരിക്കുന്ന കാര്യം പരിശോധിക്കാമെന്ന സമീപനവും കേന്ദ്രത്തിനുണ്ട്. പ്രധാനമന്ത്രിയുമായി ചർച്ചചെയ്യും -മുഖ്യമന്ത്രി തിരുവനന്തപുരം: യു.എ.ഇ. സർക്കാർ വാഗ്ദാനംചെയ്ത 700 കോടി രൂപ സ്വീകരിക്കുന്നതിലെ തടസ്സങ്ങൾ നീക്കാൻ പ്രധാനമന്ത്രിയുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യു.എ.ഇ. സർക്കാർ പണം വാഗ്ദാനം ചെയ്തയുടൻ പ്രധാനമന്ത്രി നരേന്ദ്രമോദി അതിനെ സ്വാഗതം ചെയ്ത് ട്വീറ്റ് ചെയ്തിരുന്നു. രാജ്യങ്ങൾ തമ്മിൽ പരസ്പരം സഹായിക്കുന്നത് സ്വാഭാവികമാണ്. 2016-ലെ ദേശീയ ദുരന്തനിവാരണ നയത്തിൽ മറ്റു രാജ്യങ്ങൾ സ്വമേധയാ നല്കുന്ന സഹായങ്ങൾ സ്വീകരിക്കാൻ തടസ്സമില്ല. യു.എ.ഇ.യുടെ സഹായവുമായി ബന്ധപ്പെട്ട് ചില തടസ്സങ്ങൾ ഉള്ളതായ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടു. അത് ഔദ്യോഗികതലത്തിൽ ചർച്ച ചെയ്ത് പരിഹരിക്കും. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും ലഭിക്കുന്ന സഹായങ്ങൾ സർക്കാർ സ്വാഗതംചെയ്യുന്നു. അത് നേടിയെടുക്കാനുള്ള ശ്രമമാണ് നാടിനെ സ്നേഹിക്കുന്ന എല്ലാവരും ചെയ്യേണ്ടത്. ഒറ്റക്കെട്ടായ പരിശ്രമങ്ങൾക്ക് തടയിടാനും അതിൽ വിള്ളൽ വീഴ്ത്താനും നടത്തുന്ന ഒരു പ്രവർത്തനവും ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കടകവിരുദ്ധമായി 2016-ലെ ദുരന്തനിവാരണനയം പ്രളയംപോലുള്ള ദുരന്തസമയത്ത് വിദേശസഹായം സ്വീകരിക്കുന്നതു സംബന്ധിച്ച് 2016-ൽ ഇതേ സർക്കാരിന്റെ കാലത്ത് പുറത്തിറക്കിയ ദേശീയ ദുരന്തനിവാരണനയത്തിൽ പറയുന്നത് ഇപ്പോഴെടുത്ത നിലപാടിന് കടകവിരുദ്ധമായ കാര്യം. 2016-ൽ പുറത്തിറക്കിയ നയത്തിലെ 145-ാം പേജിൽ പറയുന്നത്: ദുരന്തംനേരിടാൻ ഇന്ത്യാ ഗവൺമെന്റ് വിദേശസഹായത്തിനുവേണ്ടി പ്രത്യേകം അഭ്യർഥന നടത്തില്ല. എന്നാൽ, ഏതെങ്കിലുമൊരു രാജ്യം സ്വമേധയാ സഹായം നൽകാൻ തയ്യാറായാൽ അത് കേന്ദ്രസർക്കാരിനു വേണമെങ്കിൽ സ്വീകരിക്കാം. വിദേശകാര്യമന്ത്രാലയം, ബന്ധപ്പെട്ട സംസ്ഥാനസർക്കാർ എന്നിവരുമായി ആലോചിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് വിദേശസഹായം സ്വീകരിക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ടത്.
from mathrubhumi.latestnews.rssfeed https://ift.tt/2BA0BVl
via
IFTTT
No comments:
Post a Comment