കോഴിക്കോട്: സംസ്ഥാനത്ത് ഇന്ധനമെത്തുന്നില്ലെന്ന വ്യാജ പ്രചാരണം സംസ്ഥാനത്തെ പമ്പുകളിൽ വലിയ തിരക്കുണ്ടാക്കുന്നു. മഴക്കെടുതി മൂലം ചില പമ്പുകളിൽ വെള്ളം കയറിയതും റോഡ് മാർഗം ചില ഭാഗങ്ങളിൽ ഇന്ധനമെത്തിക്കാൻകഴിയാത്തതുമായ ചെറിയ പ്രശ്നമാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഇക്കാര്യം മുഖ്യമന്ത്രി തന്നെ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിനിടെ വ്യക്തമാക്കിയിരുന്നുവെങ്കിലും ഇതൊന്നും മുഖവിലക്കെടുക്കാതെ ജനങ്ങൾ കൂട്ടത്തോടെ പമ്പുകളിലേക്കെത്തുന്നത് പലയിടത്തും ഗതാഗത തടസ്സവുമുണ്ടാക്കുന്നു. മഴക്കെടുതി മൂലം റോഡിലൂടെഇന്ധനമെത്തിക്കാൻ കഴിയാത്ത വടക്കൻ കേരളത്തിലെ ചുരുക്കം ചില ജില്ലകളിൽ മാത്രമാണ് താൽക്കാലികമായി ഇന്ധനക്ഷാമം അനുഭവപ്പെടുന്നത്. മഴമാറി വെള്ളമിറങ്ങിത്തുടങ്ങിയതോടെ പലയിടങ്ങളിലും ഇന്ധനം എത്തിത്തുടങ്ങുകയും ചെയ്തിട്ടുണ്ട്. എന്നാൽ കോഴിക്കോട് നഗരത്തിലടക്കം പെട്രോൾപമ്പിന് പരിസര ഭാഗങ്ങളിൽ ഇന്നലെ മുതൽ അനുഭവപ്പെടുന്നത് വലിയ ക്യൂവാണ്. പലപ്പോഴും തിരക്ക് നിയന്ത്രിക്കാൻ പോലീസിന് ഇടപെടേണ്ടി വന്നു. മഴക്കെടുതി ഏറെ ബാധിച്ചിട്ടുള്ള വടക്കൻ കേരളത്തിലെ പ്രധാനമായും കോഴിക്കോട്, വയനാട് ഭാഗങ്ങളിലെ ചിലയിടങ്ങളിൽ മാത്രമാണ് കമ്പനികൾക്ക് ഇന്ധനമെത്തിക്കാൻ കഴിയാത്തതെന്ന് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.പി ശിവാനന്ദൻ ചൂണ്ടിക്കാട്ടി. റോഡുകളിൽ വെള്ളം കയറിയത് മൂലം കഴിഞ്ഞ ദിവസം ജീവനക്കാർക്ക് പലർക്കും പമ്പുകളിൽ ജോലിക്കെത്താൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ പമ്പുകൾ പ്രവർത്തിച്ചുമില്ല. ഇത് ഇന്ധന ലഭ്യതക്കുറവുകൊണ്ടാണെന്ന് തെറ്റിദ്ധരിച്ച് ജനങ്ങൾ കൂട്ടത്തോടെയെത്തുകയായിരുന്നുവെന്ന് പെട്രോൾ പമ്പ് ജീവനക്കാരും ചൂണ്ടിക്കാട്ടുന്നു. ചില പമ്പുകളിൽ പെട്രോൾ സ്റ്റോക്ക് പൂർണമായും തീർന്നിട്ടുണ്ട്. പക്ഷെ പെട്രോൾ ലോറികൾ എത്തിത്തുടങ്ങുന്നുമുണ്ട്. ചില പമ്പുകളിൽ നിന്ന് പല കാനുകളിലായി വലിയ തോതിൽ എണ്ണ വാങ്ങി സൂക്ഷിക്കുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2PkSdvJ
via
IFTTT
No comments:
Post a Comment