തിരുവനന്തപുരം: വിവാഹമോചനത്തിന് കോടതികളിലെത്തുന്ന കേസുകളുടെ കാര്യകാരണങ്ങൾ മാറുന്നു. കേസുകളുടെ എണ്ണവും ഓരോവർഷവും കൂടുന്നു. 1990-കളിൽ മദ്യപാനവും അതുവഴിയും അല്ലാതെയുമുണ്ടാകുന്ന കുടുംബവഴക്കുകളും അക്രമങ്ങളുമായിരുന്നു വിവാഹമോചനക്കേസുകളിലെ പ്രധാന കാരണങ്ങളെങ്കിൽ ഇപ്പോൾ സാമൂഹികമാധ്യമങ്ങളും ആ സ്ഥാനത്തേക്ക് കടന്നുവരുന്നു. സാമൂഹികമാധ്യമങ്ങൾവഴി ഉണ്ടാകുന്ന ബന്ധങ്ങളും അതേച്ചൊല്ലി ദമ്പതിമാർക്കിടയിലുണ്ടാകുന്ന തർക്കങ്ങളും വിവാഹമോചനത്തിന് കാരണമായി വരുന്നുണ്ട്. ജീവിതത്തിൽ സാമൂഹികമാധ്യമങ്ങളടക്കമുള്ളവയുടെ ഇടപെടലുകൾവഴി വിവാഹബന്ധം വേർപെടുത്തുന്നവരുടെ എണ്ണം 33 ശതമാനത്തോളമായി ഉയർന്നിട്ടുണ്ട്. മുമ്പ് കുടുംബനാഥന്മാരുടെ മദ്യപാനവും ഗാർഹികപീഡനങ്ങളുമായിരുന്നു 30 ശതമാനത്തിലേറെ കേസുകൾക്കും കാരണം. എന്നാൽ, 2010-നുശേഷം ഇക്കാരണം പറഞ്ഞ് എത്തുന്നവരുടെ എണ്ണം പത്തുശതമാനമായി കുറഞ്ഞതായി കൗൺസലർമാർ ചൂണ്ടിക്കാട്ടുന്നു. 1990-കൾവരെ സാമ്പത്തികമായി മധ്യവർഗത്തിലും താഴെയുള്ളവരാണ് കൂടുതലും കുടുംബകോടതികളിൽ എത്തിയിരുന്നത്. 60 ശതമാനംവരെ ഇത്തരക്കാരായിരുന്നു. എന്നാൽ, ഇത് മാറി ഇടത്തരക്കാരാണ് കൂടുതലും; 40 ശതമാനം വരെ. 20 ശതമാനത്തോളം ഉയർന്ന സാമ്പത്തികനിലയിലുള്ളവരുമാണ്. വിവാഹമോചനത്തിന്റെ കാരണങ്ങൾ മാറുന്നതും സാമ്പത്തികസ്ഥിതിക്ക് അനുസരിച്ചാണെന്ന് മനശ്ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ അപരിചതരുമായി കൂടുതൽ ബന്ധങ്ങൾ സ്ഥാപിക്കാനുള്ള അവസരം ലഭിക്കുന്നത് പലപ്പോഴും ദമ്പതിമാർക്കിടയിൽ സംശയങ്ങൾക്ക് കാരണമാകുന്നുണ്ട്. മൊബൈൽഫോണും ഇതിലൊരു പ്രധാന പങ്കുവഹിക്കുന്നു. ഇത്തരം സംശയങ്ങളാണ് ഇപ്പോൾ മിക്ക കേസുകളിലുമുള്ളതെന്ന് കൗൺസലർമാർ ചൂണ്ടിക്കാട്ടുന്നു. സിനിമ, ടെലിവിഷൻ തുടങ്ങിയവയിലൂടെ കടന്നുവരുന്ന കുടുംബത്തെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകളും മറ്റൊരു പ്രധാന കാരണമാണെന്ന് മനശ്ശാസ്ത്രജ്ഞർ പറയുന്നു. വിവാഹമോചനം മുൻതലമുറയ്ക്ക് ചിന്തിക്കാൻപോലും പ്രയാസമുള്ള കാര്യമായിരുന്നെങ്കിൽ ഇപ്പോഴത്, ഏറക്കുറേ സാധാരണമായിരിക്കുന്നു. വിവാഹമോചനവും പുനർവിവാഹവും ആവാമെന്ന ധാരണ മിക്കവരിലുമുണ്ട്. ചെറിയ കുടുംബങ്ങൾ, വരുമാനം തുടങ്ങി പല കാരണങ്ങൾ വിവാഹമോചനം കൂടാനിടയാക്കുന്നു. 2011-ലെ കണക്കനുസരിച്ച് രാജ്യത്തെ വിവാഹമോചനത്തോത് 1000-ത്തിൽ 11 എന്നതാണ്. എന്നാൽ, കേരളത്തിൽ ഇത് ആയിരത്തിൽ 64 ആണ്. ബെംഗളൂരു, മുംബൈ എന്നീ നഗരങ്ങളാണ് കേരളത്തിന്റെ ശരാശരിക്കടുത്തുള്ളത്. രണ്ടായിരത്തിനുശേഷം കേരളത്തിൽ ഓരോ വർഷവും ശരാശരി എട്ടോ ഒമ്പതോ ശതമാനം കേസുകൾ കൂടിവരുന്നു. 2017-ലും ഏഴുശതമാനത്തോളം വർധനയുണ്ടായി. 28 കുടുംബകോടതികളാണ് കേരളത്തിലുള്ളത്. ഒരേ കുടുംബംതന്നെ വിവാഹമോചനം, സ്വത്ത് വിട്ടുകിട്ടൽ, ജീവനാംശം, കുട്ടികളെ വിട്ടുകിട്ടൽ എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കായി കേസുകൾ ഫയൽ ചെയ്യുന്നതാണ് എണ്ണം കൂടാൻ കാരണം. ഉഭയസമ്മതപ്രകാരമുള്ള വിവാഹമോചനകേസുകളും ഇപ്പോൾ കൂടുതലാണ്. തിരുവനന്തപുരം ജില്ലയിൽ 2011-ൽ 4700-ഓളം കേസുകളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ 2016-ൽ ഇത് 6400-അയി. കുടുംബകോടതികളിലെ കേസുകൾ 2011 29,000 2014 48,000 2016 60,000 സാമൂഹികമാധ്യമങ്ങളുടെ വ്യാപനത്തോടെ വിവാഹമോചനക്കേസുകൾക്ക് കൗൺസലിങ്ങിനെത്തുന്നവർ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങളും വ്യത്യസ്തമാണ്. മൊബൈൽ ഫോണുപയോഗവും സാമൂഹികമാധ്യമങ്ങൾ വഴിയുള്ള ബന്ധങ്ങളും വിവാഹമോചനത്തിന് കാരണമാകുന്ന നിരവധി കേസുകളുണ്ട്. -ഡോ. മോഹൻ രാജ് ജെ. റിട്ട. പ്രിൻസിപ്പൽ കൗൺസലർ
from mathrubhumi.latestnews.rssfeed https://ift.tt/2Begali
via
IFTTT
No comments:
Post a Comment