കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എയും വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സിയും തമ്മിൽ മാരത്തൺ ചർച്ച. ചൊവ്വാഴ്ച കൊച്ചിയിൽ ചേർന്ന എ.എം.എം.എ. എക്സിക്യൂട്ടീവിലാണ് ഡബ്ല്യു.സി.സി. അംഗങ്ങളായ രേവതി, പാർവതി, പത്മപ്രിയ എന്നിവർ ചർച്ച നടത്തിയത്. എന്നാൽ, ഡബ്ല്യു.സി.സി. അംഗങ്ങളെന്ന നിലയിലല്ല എ.എം.എം.എ. അംഗങ്ങളെന്ന നിലയിലാണ് ചർച്ചയ്ക്കെത്തിയതെന്ന് നടിമാർ പറഞ്ഞു. എക്സിക്യൂട്ടീവ് ചേർന്ന് ഒരു മണിക്കൂറിന് ശേഷം നാലരയോടെയാണ് നടിമാർ ചർച്ചയ്ക്കായി കയറിയത്. രണ്ടര മണിക്കൂറോളം നീണ്ട ചർച്ചയ്ക്കൊടുവിൽ ഇരുപക്ഷവും ചേർന്ന് വാർത്താസമ്മേളനം നടത്തി. ചർച്ച നല്ല രീതിയിലാണ് പുരോഗമിക്കുന്നതെന്നും എന്നാൽ പല കാര്യങ്ങളിലും ഇനിയും തീരുമാനമുണ്ടാകാനുണ്ടെന്നും എ.എം.എം.എ. പ്രസിഡന്റ് മോഹൻലാൽ പറഞ്ഞു. ഇതുവരെയുള്ള ചർച്ചയിൽ തൃപ്തിയുണ്ടെന്നും, ചർച്ചയ്ക്ക് തയ്യാറായി എന്നതു തന്നെ പ്രശ്നപരിഹാരത്തിന്റെ ആദ്യ പടിയാണെന്നും നടിമാരും പ്രതികരിച്ചു. രാജിവെച്ച ഡബ്ല്യു.സി.സി. അംഗങ്ങൾ തിരിച്ചുവരുന്ന കാര്യത്തിലുൾപ്പെടെ ചർച്ചകൾ പുരോഗമിക്കുകയാണെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അവർ പറഞ്ഞു. മോഹൻലാൽ ഉൾപ്പെടെയുള്ളവർക്ക് മറ്റ് പരിപാടികൾക്കായി പോകേണ്ടതിനാലാണ് വാർത്താസമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിച്ചത്. വാർത്താസമ്മേളനത്തിന് ശേഷവും ചർച്ച തുടർന്നു. എന്നാൽ, മോഹൻലാൽ പിന്നീട് ചർച്ചയിൽ പങ്കെടുത്തില്ല. അടുത്ത ദിവസങ്ങളിൽ തന്നെ കാര്യങ്ങളിൽ കൃത്യമായ തീരുമാനമുണ്ടാകുമെന്നും രണ്ടു ദിവസത്തിനകം ചർച്ചയുടെ വിശദാംശങ്ങൾ മാധ്യമങ്ങളെ അറിയിക്കുമെന്നും മോഹൻലാൽ പറഞ്ഞു. പുതിയ തീരുമാനങ്ങളെടുക്കാൻ ആവശ്യമെങ്കിൽ ജനറൽ ബോഡി വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ എ.എം.എം.എ. ജനറൽ ബോഡിയിൽ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനമാണ് എ.എം.എം.എയെയും ഡബ്ല്യു.സി.സിയെയും നേർക്കുനേർ കൊണ്ടുവന്നത്. തീരുമാനത്തെ തുടർന്ന് ആക്രമിക്കപ്പെട്ട നടിയും ഡബ്ല്യു.സി.സി. അംഗങ്ങളായ റിമ കല്ലിങ്കൽ, രമ്യാ നമ്പീശൻ, ഗീതു മോഹൻദാസ് എന്നിവരും എ.എം.എം.എയിൽ നിന്ന് രാജിവെച്ചിരുന്നു. എന്നാൽ, സംഘടനയുടെ ഭാഗമായി നിന്നുകൊണ്ട് വിഷയം ചോദ്യം ചെയ്യുമെന്ന നിലപാടായിരുന്നു രേവതിയും പാർവതിയും പത്മപ്രിയയുമെടുത്തത്. ദിലീപിനെ തിരിച്ചെടുത്ത വിഷയത്തിൽ ചർച്ച വേണമെന്നാവശ്യപ്പെട്ട് ഇവർ മൂന്നു പേരും എ.എം.എം.എയ്ക്ക് കത്തു നൽകിയിരുന്നു. കത്ത് ഡബ്ല്യു.സി.സി. ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് വഴി പുറത്തുവിടുകയും ചെയ്തു. ഇതേത്തുടർന്നാണ് എ.എം.എം.എ. എക്സിക്യൂട്ടീവിൽ ഇവരെ ചർച്ചയ്ക്ക് വിളിച്ചത്. തിലകൻ വിഷയത്തിൽ ആരോപണമുന്നയിച്ച ഷമ്മി തിലകനും സംഘടനാ നിലപാടുകളെ വിമർശിച്ച് കത്തെഴുതിയ ജോയ് മാത്യുവും ചർച്ചയ്ക്കെത്തിയിരുന്നു. പുതിയ ഭാരവാഹികൾ പഴയവരെ പോലെയല്ലെന്നും ഉന്നയിക്കുന്ന വിഷയങ്ങളിൽ ചർച്ചയ്ക്ക് തയാറാകുന്നത് നല്ല സൂചനയാണെന്നും ചർച്ചയ്ക്കു ശേഷം ജോയ് മാത്യു പ്രതികരിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2OijkpG
via
IFTTT
No comments:
Post a Comment