തിരുവനന്തപുരം: ഇടുക്കി ഡാം പൂർണ സുരക്ഷിതമാണെന്നും ഈ സാഹചര്യത്തിൽ പരമാവധി വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് വേണ്ടതെന്നും ഇടുക്കി ഡാം നിർമ്മിച്ച എൻജിനീയർ എൻ ഭൂതലിംഗം. ഡാമിന്റെ നിർമ്മാണത്തിൽ നേരിട്ട് പങ്കെടുത്ത ഡെപ്യൂട്ടി ചീഫ് എൻജിനീയറും കെഎസ്ഇബി ചെയർമാനുമായിരുന്ന എൻ ഭൂതലിംഗം മാതൃഭൂമി ഡോട്ട്കോമിനോട് സംസാരിക്കുകയായിരുന്നു. അണക്കെട്ട് നിർമ്മാണത്തിനായി ഇടുക്കിയിലെത്തിയ അനുഭവങ്ങൾ എൻ ഭൂതലിംഗം ഓർത്തെടുക്കുന്നു. ഡാം നിർമ്മാണത്തിനായി എത്തുമ്പോൾ കാടുമാത്രമുള്ളൊരിടമായിരുന്നു അവിടം. ശരിയായി വാഹന സൗകര്യം പോലുമില്ല. സ്കൂളില്ല, ആശുപത്രിയില്ല, കത്തയക്കാൻ പോസ്റ്റ് ഓഫീസുപോലുമില്ല. ആനക്കൂട്ടങ്ങളെയും വന്യമൃഗങ്ങളെയും കാണുന്നത് സാധാരണയായി. താമസ സ്ഥലങ്ങളിൽ പാമ്പിന്റെ ശല്യവും രൂക്ഷമായിരുന്നു. ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകളുടെ നിർമ്മാണമായിരുന്നു ഭൂതലിംഗം അടങ്ങുന്ന സംഘത്തിന്റെ ദൗത്യം. വെല്ലുവിളികൾ ഏറെ. ആർച്ച് ഡാം പണിയുന്നതിന് വിദഗ്ധർ പോലും സംശയം പ്രകടിപ്പിച്ചു. എന്നാൽ കുറവൻ മലയ്ക്കും കുറത്തിമലയ്ക്കും ഇടയിലെ താഴ്വര ഒരു ആർച്ച് ഡാമിന് ഏറ്റവും അനുയോജ്യമായിരുന്നു. കുറവൻ മലയും കുറത്തിമലയും കാഴ്ചയിൽ ഒരുപോലെയാണെങ്കിലും രണ്ട് തരം ശിലയായുള്ള മലകളാണ് അവ. കുറവൻമല ചാർണക്കൈറ്റും കുറത്തിമല ഗ്രാനൈറ്റുമാണ്. എന്നിരുന്നാലും അവരണ്ടും വളരെ ഉറപ്പുള്ളതാണ്. ഡാം നിർമ്മാണത്തിലുണ്ടായിരുന്ന സംഘം മൂലമറ്റം പവർഹൗസ് നിർമ്മാണം, ഇടുക്കിയുടെ ഇൻസ്ട്രുമെന്റേഷൻ, സീസ്മിക്ക് സ്റ്റഡീസ് എന്നിവയായിരുന്നു അന്ന് പ്രധാമായി ചെയ്യേണ്ട ജോലികൾ. എന്നാൽ പ്രതിസന്ധികൾ ഒന്നിനുപുറമേ ഓന്നായി വന്നു. തൊഴിലാളി സമരമായിരുന്നു അതിൽ പ്രധാനം. തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച സമരം ഡാമിന്റെ ജോലികൾ നിർത്തിവയ്ക്കേണ്ട സാഹചര്യം വരെയുണ്ടാക്കി. ഇതിനുശേഷമാണ് ബാബു പോൾ ഐഎഎസിനെ ഡാം നിർമ്മാണത്തിന്റെ പ്രോജക്ട് കോർഡിനേറ്ററായി നിയമിച്ചു, ശേഷം പ്രശ്നങ്ങൾ അവസാനിക്കുകയും നിർമ്മാണം സുഗമമായി മുന്നോട്ട് പോവുകയും ചെയ്തു. ചെറുതോണി അണക്കെട്ട് ആദ്യം നിർമ്മിച്ചത് കല്ലുകൊണ്ടായിരുന്നു. ശേഷം കോൺക്രീറ്റ് കൊണ്ട് പണിയുകയായിരുന്നു. കല്ലുകൊണ്ട് നിർമ്മാണം ഏറ്റെടുത്ത കോൺട്രാക്ടറുടെ മരണവും ഏറെ പ്രശ്നങ്ങൾക്ക് കാരണമായി. ജല സംഭരണ പ്രദേശത്ത് നിന്ന് അവിടെ താമസമാക്കിയവരെ കുടിയിറക്കേണ്ടതുണ്ടായിരുന്നു. കുറേപ്പേർ മാറിപ്പോകാൻ വിസമ്മതിച്ചതും പ്രശ്നങ്ങളുണ്ടാക്കി. ബാബുപോൾ അടക്കമുള്ളവരുടെ പ്രവർത്തനങ്ങൾ അവിടെയും പ്രശ്നങ്ങൾ പരിഹരിച്ചു. കോൺക്രീറ്റ് നിറയ്ക്കുന്നതിനിടെ അപകടങ്ങളും ഉണ്ടായി. അതിൽ നിന്ന് താൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് സംഭവത്തെ ഓർത്തുകൊണ്ട് ഭൂതലിംഗം പറഞ്ഞു. അന്ന് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടിരുന്നു. ഇടുക്കി അണക്കെട്ടിന്റെ നിർമ്മാണ ശേഷം ഉത്പാദിപ്പിക്കുന്ന അത്രയും വൈദ്യുതിയ്ക്ക് ആവശ്യക്കാരില്ലാതിരുന്ന കാലമുണ്ടായിരുന്നു. അധികമായി വന്ന വൈദ്യുതി അന്ന് തമിഴ്നാടിന് യൂണിറ്റിന് എട്ട് പൈസ നിരക്കിൽ വിൽക്കുകയായിരുന്നു. ഇടുക്കിയിൽ അപകടപരമായ ഭൂകമ്പത്തിന് സാധ്യത വളരെ കുറവാണ്. ഒരിക്കൽ റിക്ടർ സ്കെയിലിൽ നാല് ദശാംശം അഞ്ച് രേഖപ്പെടുത്തിയതാണ് തന്റെ ഓർമ്മയിൽ ഏറ്റവും വലിയ ഭൂകമ്പമെന്നും ഭൂതലിംഗം ഓർക്കുന്നു. എന്നാൽ അത് അണക്കെട്ടിനോട് ചേർന്ന പ്രദേശത്ത് ആയിരുന്നില്ല. ഭൂകമ്പ സാധ്യത ഇല്ലാതിരുന്നിട്ടും ഭൂകമ്പത്തെ പ്രതിരോധിക്കാൻ കഴിയുന്ന തരത്തിലാണ് അണക്കെട്ടുകൾ നിർമ്മിച്ചിരിക്കുന്നത്. ഡാം നിർമ്മാണത്തിലുണ്ടായിരുന്ന സംഘം സംഭരണ ശേഷി പൂർണമായാലും ഷട്ടറുകൾ തുറക്കുന്നതിൽ അപകടമൊന്നുമില്ല. ഷട്ടർ തുറക്കുന്നതിനായി ഓപ്പറേഷൻ മാന്വൽ ഉണ്ട്. അത് ഉപയോഗിച്ച് ഷട്ടറുകൾ ഉയർത്തുന്നതിനും താഴ്ത്തുന്നതിനുമുള്ള യന്ത്രങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്നുള്ള നിരീക്ഷണം ഇടയ്ക്കിടെ നടത്താറുണ്ട്. ഈ പരിശോധനാ ക്രമം മാന്വലിൽ വിശദമാക്കുന്നുമുണ്ട്. അതിനാൽ തന്നെ സർക്കാരിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളും ഡാമുമായി ബന്ധപ്പെട്ട് നടത്തിയ ക്രമീകരണങ്ങളും കൃത്യവും സുരക്ഷിതവുമാണ്. വൈദ്യുതിയ്ക്കായുള്ള സമ്പത്ത് ജലമാണ്. പരമാവധി വൈദ്യുതി ഉത്പാദിപ്പിക്കാനാവുന്നതിനാൽ ഇപ്പോൾ ഇലക്ട്രിസിറ്റി ബോർഡ് സമ്പന്നമാണ്. എന്നാലും അധികമായി വെള്ളം അണക്കെട്ടിലേയ്ക്ക് എത്തിയാൽ തുറന്നുവിടുക തന്നെ വേണം, അത് ചെയ്യുന്നതിൽ അപകടം ഒന്നും തന്നെയില്ലെന്നും എൻ ഭൂതലിംഗം പറയുന്നു. ജലവൈദ്യുത പദ്ധതിയിൽ നമുക്ക് സാധ്യതയുള്ളതിന്റെ 35 ശതമാനം മാത്രമാണ് നാം ഉപയോഗപ്പെടുത്തുന്നത്. മിനി, മൈക്രോ സ്റ്റേഷനുകൾ നിർമ്മിക്കാൻ നമുക്ക് കഴിയും. ഇക്കാര്യത്തിൽ ചൈനയുടെ അടക്കമുള്ള മാതൃകകൾ നമുക്ക് സ്വീകരിക്കാനാകും. വലിയ പദ്ധതികൾ നടപ്പിലാക്കുമ്പോൾ ഗുണത്തിന് മറ്റൊരു വശമായി ദോഷം സംഭവിക്കും. സൈലന്റ് വാലി, കല്ലാർ, അതിരപ്പിള്ളി പദ്ധതികൾ എതിർക്കപ്പെടുന്നത് ഇക്കാരണത്താലാണ്. എന്നാൽ അത് വേണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടതും നമ്മൾ തന്നെയാണ്. പെരിങ്ങൽക്കുത്ത് അണക്കെട്ട്, പൊന്മുടി ഡാം, നേര്യമംഗലം പവർഹൗസ് ഡിസൈൻ, കലാർകുട്ടി ഡാം, ആനയിറങ്കൽ ഡാം മൂഴിയാർ പവർഹൗസിന്റെ നവീകരണം എന്നീ പ്രവർത്തനങ്ങളും ഭൂതലിംഗത്തിന്റെ മേൽനോട്ടത്തിലായിരുന്നു. കൂടാതെ ഭൂട്ടാനിലെ ചുഖാ ഡാം നിർമ്മാണത്തിലും ഭൂതലിംഗത്തിന് മുഖ്യപങ്കുണ്ട്. ഇറാൻ- ഇറാഖ് യുദ്ധകാലത്ത് അവിടെ വീടുകൾ നിർമ്മിക്കുന്ന വലിയ പദ്ധതിയുടെയും ഭാഗമായിരുന്നു ഈ സമർത്ഥനായ എൻജിനീയർ. തിരുവനന്തപുരം കരമന സ്വദേശിയായ 86 വയസുകാരനായ എൻ ഭൂതലിംഗം ഇപ്പോൾ വിശ്രമജീവിതം നയിക്കുകയാണ്. 1976ൽ കമ്മീഷൻ ചെയ്ത ഡാമിന്റെ നിർമ്മാണത്തിൽ എൻ ഭൂതലിംഗം ആദ്യന്തം പങ്കെടുത്തിരുന്നു. 1953ൽ ജൂനിയർ എൻജിനീയർ ആയി വൈദ്യുതി വകുപ്പിൽ നിയമിതനായ ഭൂതലിംഗം 1987-88 കാലഘട്ടത്തിൽ കെസ്ഇബി ചെയർമാനായും സേവനം അനുഷ്ടിച്ചു. Content Highlights:Idukki Dam
from mathrubhumi.latestnews.rssfeed https://ift.tt/2AIXolN
via
IFTTT
No comments:
Post a Comment