തൊടുപുഴ: ജിലുമോൾക്ക് കാറോടിക്കണമായിരുന്നു. കൈകളില്ലെന്നു പറഞ്ഞ് അധികൃതർ അവളെ വിലക്കി. എന്നാൽ അവളുടെ മനക്കരുത്തിനു മുമ്പിൽ വിലക്കുകൾ മാറിനിന്നു. നിയമപോരാട്ടം നടത്തി അവൾ ലേണേഴ്സ് എഴുതാൻ അനുമതി നേടി. ഇനി കാൽക്കരുത്തിലൂടെ കാറോടിക്കാൻ പഠിക്കാനൊരുങ്ങുകയാണ് ഈ മിടുക്കി. തൊടുപുഴ നെല്ലാനിക്കാട്ട് തോമസിന്റെയും അന്നക്കുട്ടിയുടെയും മകളായ ജിലുമോൾ മരിയറ്റ് തോമസിന് ജന്മനാ കൈകളില്ല. അതവൾക്ക് ഒരിക്കലും പ്രശ്നമായതുമില്ല. കൈക്ക് പകരം കാലുകൾ ചലിപ്പിച്ച് അവൾ ചിത്രം വരച്ചു, ഗ്രാഫിക് ഡിസൈനറായി ജോലിയും നേടി. കാറോടിക്കണമെന്നായിരുന്നു അടുത്ത ആഗ്രഹം. 2014-ൽ അതിനായി അധികൃതരെ സമീപിച്ചപ്പോൾ രണ്ട് കൈകളുമില്ലാത്ത ജിലുമോൾ എങ്ങനെ കാറോടിക്കുമെന്നായിരുന്നു ചോദ്യം. കാലുകൊണ്ടോടിക്കുമെന്ന ഉത്തരം അവർക്ക് വിശ്വസിക്കാനായില്ല. കൈകളില്ലാത്ത മറ്റാരുടെയെങ്കിലും ലൈസൻസ് ഹാജരാക്കിയാൽ ലേണേഴ്സിന്റെ അപേക്ഷ സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാം എന്നായിരുന്നു മറുപടി. ഒരുപാട് അന്വേഷിച്ചെങ്കിലും അങ്ങനെയൊന്ന് കണ്ടെത്താൻ ജിലുമോൾക്കായില്ല. ഇതിനിടെ കുമളിയിൽ ഒരു സ്കൂളിൽ നടന്ന പരിപാടിയിൽ വെച്ചാണ് അഭിഭാഷകനായ ഷൈൻ വർഗീസിനെ കാണുന്നത്. തന്റെ ആഗ്രഹത്തെക്കുറിച്ച് പറഞ്ഞപ്പോൾ നിയമപോരാട്ടം നടത്താൻ കൂടെനിൽക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഒടുവിൽ ചില നിബന്ധനകൾക്ക് വിധേയമായി ജിലുമോളുടെ ലേണേഴ്സ് ടെസ്റ്റിനായുള്ള അപേക്ഷ സ്വീകരിക്കാൻ തൊടുപുഴ ആർ.ടി.ഒ.ക്ക് കോടതി നിർദേശം നൽകി. വ്യാഴാഴ്ച ജിലുമോൾ ലേണേഴ്സ് ടെസ്റ്റിനുള്ള അപേക്ഷ നൽകി. ഇനി ജിലുമോൾക്ക് ഓടിക്കാൻ കഴിയുന്ന രീതിയിൽ രൂപമാറ്റം വരുത്തിയ കാർ ഹാജരാക്കിയാൽ ലേണേഴ്സ് എഴുതാം. ഇനി പഠനമാണ്. കഠിനമായി പരിശ്രമിച്ച് കാറുമായി നിരത്തിലിറങ്ങുമെന്ന നിശ്ചയദാർഢ്യത്തിലാണ് ഈ പോരാളി.
from mathrubhumi.latestnews.rssfeed https://ift.tt/2AEs4og
via
IFTTT
No comments:
Post a Comment