ന്യഡൽഹി: കേരള ഹൈക്കോടതിയിൽ ജഡ്ജിമാരായി നിയമിക്കാൻ ഹൈക്കോടതിയുടെ കൊളീജിയം ശുപാർശചെയ്ത അഭിഭാഷകരുടെ പേരുകൾ കേന്ദ്രസർക്കാർ പരിഗണിച്ചില്ല. ഏഴ് അഭിഭാഷകരുടെയും രണ്ടു ജില്ലാജഡ്ജിമാരുടെയും പേരുകളാണ് കേന്ദ്രത്തിനു സമർപ്പിച്ചിരുന്നത്. ചില ജഡ്ജിമാരുടെ ബന്ധുമിത്രാദികൾ പട്ടികയിലുണ്ടെന്ന പരാതിയെത്തുടർന്നാണ് അവരെ പരിഗണിക്കാതിരിക്കുന്നതെന്ന് ഉന്നതവൃത്തങ്ങൾ 'മാതൃഭൂമി'യോടു പറഞ്ഞു. അതേസമയം, പട്ടികയിലെ രണ്ടു ജില്ലാജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരാക്കുന്നതിനു നിയമമന്ത്രാലയം പച്ചക്കൊടി കാട്ടി; ഹൈക്കോടതിയിലെ രജിസ്ട്രാർ ജനറൽ എൻ. അനിൽ കുമാർ, ജുഡീഷ്യൽ അക്കാദമി ഡയറക്ടറായ ടി.വി. അനിൽ കുമാർ എന്നിവരെ. ഈ പേരുകൾ സുപ്രീംകോടതി കൊളീജിയം അംഗീകരിക്കുന്ന മുറയ്ക്ക് ഫയൽ പ്രധാനമന്ത്രിയുടെ ഓഫീസിനു കൈമാറും. പ്രധാനമന്ത്രി അംഗീകരിച്ചാൽ രാഷ്ട്രപതിയാണ് നിയമന ഉത്തരവു പുറപ്പെടുവിക്കേണ്ടത്. മുൻ ചീഫ് ജസ്റ്റിസിന്റെ കാലത്താണ് കൊളീജിയം ശുപാർശ സമർപ്പിച്ചത്. ബന്ധുമിത്രാദി ആരോപണത്തിനു പുറമെ ചിലർക്കു അഭിഭാഷകവൃത്തിയിൽ വേണ്ടത്ര അറിവോ അനുഭവമോ ഇല്ലെന്നും ആക്ഷേപമുയർന്നിരുന്നു. പൊതുജനങ്ങളിൽനിന്നും ഒട്ടേറെ അഭിഭാഷകരിൽനിന്നും കേന്ദ്രത്തിനു പരാതികൾ ലഭിച്ചു. അതിനുശേഷം ജസ്റ്റിസ് കെമാൽ പാഷ അദ്ദേഹത്തിന്റെ വിടവാങ്ങൽ പ്രസംഗത്തിൽ, ജഡ്ജിമാരുടെ നിയമനം കുടുംബസ്വത്തുപോലെ വീതംവെക്കലല്ലെന്നു തുറന്നടിച്ചിരുന്നു. കൊളീജിയം ശുപാർശ ചോദ്യംചെയ്തുള്ള ഹർജി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുണ്ട്. പരാതികൾ സംബന്ധിച്ച് കേന്ദ്രം പ്രാഥമികാന്വേഷണം നടത്തിയതായാണറിയുന്നത്. അഭിഭാഷകരുടെ പേരുകൾ കേന്ദ്രം തിരിച്ചയക്കുകയാണെങ്കിൽ കൊളീജിയം വീണ്ടും ഒരുകൂട്ടം പേരുകൾ സമർപ്പിക്കേണ്ടിവരും. വേണമെങ്കിൽ പഴയപേരുകൾതന്നെ ആവർത്തിക്കാം. സാധാരണഗതിയിൽ അതുണ്ടാവില്ല. അങ്ങനെ സംഭവിച്ചാൽ അത് കേന്ദ്രവുമായുള്ള തുറന്ന ഏറ്റുമുട്ടലിലേക്കാവും നീങ്ങുക. അലഹബാദ് ഹൈക്കോടതിയിൽ ജഡ്ജിമാരാകാൻ ശുപാർശ ചെയ്തവരിൽ ചിലർക്കെതിരേയും ആരോപണമുയർന്നിരുന്നു. അക്കാര്യത്തിലും ഇതേ നിലപാടാണ് കേന്ദ്രം കൈക്കൊണ്ടത്. അടുത്തകാലത്ത് കർണാടകത്തിൽനിന്ന് കൊളീജിയം ശുപാർശ ചെയ്ത ഒരു ജില്ലാ ജഡ്ജിക്കെതിരേ അന്വേഷണം നടത്താൻ കേന്ദ്രം ആവശ്യപ്പെടുകയും സുപ്രീംകോടതി കൊളീജിയം അതിലിടപെട്ട് അന്വേഷണം തടയുകയും ചെയ്തിരുന്നു. ജസ്റ്റിസ് കെ.എം.ജോസഫിനെ ഉടനെ പരിഗണിക്കില്ല ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കാൻ കൊളീജിയം വീണ്ടും ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ നിയമനത്തിനുള്ള അന്തിമാനുമതി ഉടനെയുണ്ടാവില്ല. ജസ്റ്റിസ് ജോസഫിന്റെ പേരില്ലാതെ തത്കാലം മറ്റു രണ്ടു ജഡ്ജിമാരുടെ ഫയലുകളാണ് നിയമന ഉത്തരവിനായി മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിനു കൈമാറുക. ചെന്നൈ ഹൈക്കോടതി ജഡ്ജി ഇന്ദിരാ ബാനർജി, ഒഡിഷാ ഹൈക്കോടതി ജഡ്ജി വിനീത് ശരൺ എന്നിവരുടെ നിയമനമാണ് ആദ്യം നടക്കുക. ജസ്റ്റിസ് ജോസഫിനെയാണ് സുപ്രീംകോടതി കൊളീജിയം ആദ്യം ശുപാർശ ചെയ്തിരുന്നത്. എന്നാൽ, അതംഗീകരിക്കാതെ ആ ശുപാർശ പുനഃപരിശോധിക്കാൻ നിയമമന്ത്രാലയം കൊളീജിയത്തോട് ആവശ്യപ്പെട്ടത് ഏറെ വിവാദമുണ്ടാക്കി. എന്നാൽ, കൊളീജിയം വീണ്ടും ജസ്റ്റിസ് ജോസഫിനെ ശുപാർശ ചെയ്തു. നിയമനത്തിനുള്ള നടപടി ക്രമങ്ങൾ ശക്തമാക്കണമെന്ന് സർക്കാർ ജഡ്ജിമാരുടെ നിയമനക്കാര്യത്തിൽ സ്വജനപക്ഷപാതം പ്രകടമായതിനാൽ നിയമനവുമായി ബന്ധപ്പെട്ട 'മെമ്മോറാണ്ടം ഓഫ് പ്രൊസീജിയർ'(എം.ഒ.പി.) ശക്തിപ്പെടുത്തണമെന്ന് സർക്കാർ സുപ്രീംകോടതി കൊളീജിയത്തോടാവശ്യപ്പെട്ടു. നിയമനത്തിനു കൂടുതൽ പേരുകൾ സമർപ്പിക്കുക, പരിശോധന ശക്തമാക്കുക, കൊളീജയത്തിനു സ്ഥിരം സെക്രട്ടേറിയറ്റ് രൂപവത്കരിക്കുക എന്നീ നിർദേശങ്ങളാണ് കേന്ദ്രം മുന്നോട്ടുവെക്കുക. 2015-ലെ ദേശീയ ജുഡീഷ്യൽ നിയമന കമ്മിഷൻ നിയമം സുപ്രീംകോടതി അസാധുവാക്കിയതിനുശേഷം എം.ഒ.പി.യുടെ കാര്യത്തിൽ സർക്കാരും സുപ്രീംകോടതിയും തർക്കം തുടരുകയാണ്. ജഡ്ജിമാരുടെ നിയമനകാര്യത്തിൽ സുതാര്യത വേണമെന്നാണ് സർക്കാർ നിലപാട്.
from mathrubhumi.latestnews.rssfeed https://ift.tt/2AzshZL
via
IFTTT
No comments:
Post a Comment