റായ്പൂര്‍ : വെന്റിലേറ്ററുമായി ബന്ധിപ്പിച്ചിരുന്ന സിലിണ്ടറിലെ ഓക്‌സിജന്‍ തീര്‍ന്നതിനെ തുടര്‍ന്ന് അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം. ചത്തീസ്ഗഡിലെ ബിജാപുര്‍ ജില്ലാ ആശുപതിയില്‍ എത്തിച്ച കുട്ടിയെ വിഗദ്ധ ചികിത്സയ്ക്കായി 160 കിലോമീറ്റര്‍ അകലെയുള്ള ജഗ്ദല്‍പുര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് ആംബുലന്‍സില്‍ കൊണ്ടുപോകവേ സിലിണ്ടറിലെ ഓക്‌സിജന്‍ തീര്‍ന്നായിരുന്നു മരണം സംഭവിച്ചത്. ടോക്പാലിലെ ഒരു ആശുപത്രിക്ക് സമീപത്തു വച്ചാണ് ഓക്‌സിജന്‍ തീര്‍ന്നത്. ഓക്‌സിജന്‍ സിലിണ്ടറിനായി അവിടുത്തെ ആശുപത്രിയെ സമീപിച്ചുവെങ്കിലും നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നു.
സ്‌കൂളില്‍ ബോധരഹിതയായി വീണതിനെ തുടര്‍ന്ന് ഈ മാസം 22 നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാധാരണ മെഡിക്കല്‍ കോളജിലേയ്ക്ക് കൊണ്ടുപോകുന്ന രോഗികള്‍ക്ക് ഒരു ഓക്‌സിജന്‍ സിലിണ്ടര്‍ മാത്രമേ നല്‍കാറുള്ളൂ എന്നും അത് തീര്‍ന്നതിന്റെ സാഹചര്യം പരിശോധിക്കുമെന്നും ഡോക്ടര്‍ വ്യക്തമാക്കി.
108 ആംബുലന്‍സിലെ മെഡിക്കല്‍ ടെക്‌നീഷ്യന്‍ മറ്റൊരിടത്ത് ആയതിനാല്‍ പെണ്‍കുട്ടിയെ ആശുപത്രിയിലേയ്ക്ക് മാറ്റുമ്പോള്‍ ഒപ്പം ജീവനക്കാരും ഉണ്ടായിരുന്നില്ല. കൃത്യസമയത്ത് ബിജാപുര്‍ ആരോഗ്യവകുപ്പിനെ ഡ്രൈവര്‍ വിവരം അറിയിച്ചിരുന്നുവെങ്കില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ നല്‍കാമായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.
സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബിജാപുര്‍ കളക്ടര്‍ കെ.ഡി കുഞ്ജാം പറഞ്ഞു.
from mangalam.com https://ift.tt/2BTEWra
via IFTTT
No comments:
Post a Comment