ന്യൂഡൽഹി:ഇന്ത്യയുടെ വ്യാവസായിക ഉത്പാദന വളർച്ച ജൂണിൽ ഏഴു ശതമാനമായി ഉയർന്നു. നാലു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വളർച്ചാ നിരക്കാണ് ഇത്. 2018 ഫെബ്രുവരിയിലും ഏഴു ശതമാനമായിരുന്നു വ്യാവസായിക വളർച്ച. ഉത്പാദന മേഖലയിലും മൂലധന സാമഗ്രി മേഖലയിലുമുള്ള ശക്തമായ വളർച്ചയാണ് ജൂണിൽ വ്യാവസായിക ഉത്പാദനം കൂടാൻ സഹായകമായത്. മേയ് മാസം വ്യാവസായിക ഉത്പാദന വളർച്ച 3.9 ശതമാനം മാത്രമായിരുന്നു. ഓണം ഉൾപ്പെടെയുള്ള ഉത്സവ സീസണിനു മുന്നോടിയായി കമ്പനികൾ ഉത്പാദനം വർധിപ്പിച്ചതാണ് ഉയർന്ന വളർച്ചയ്ക്ക് കാരണം. വ്യാവസായിക ഉത്പാദന സൂചികയുടെ 77.63 ശതമാനവും സംഭാവന ചെയ്യുന്ന മാനുഫാക്ചറിങ് മേഖല 6.9 ശതമാനം വളർച്ച കൈവരിച്ചു. മൂലധന സാമഗ്രി മേഖലയാകട്ടെ 9.6 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഗൃഹോപകരണങ്ങളുടെ ഉത്പാദനം 13.1 ശതമാനം വർധിച്ചു. സുപ്രധാന വ്യവസായ മേഖലകളുടെ മൊത്തം ഉത്പാദന വളർച്ച 6.7 ശതമാനമായിട്ടുണ്ട്. ഇത് ഏഴു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്. ഖനന മേഖല 6.6 ശതമാനവും വൈദ്യുതി ഉത്പാദനം 8.5 ശതമാനവും പ്രൈമറി ഗുഡ്സ് 9.3 ശതമാനവും ഉയർന്നു. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്നു മാസക്കാലയളവിൽ വ്യാവസായിക ഉത്പാദന വളർച്ച 5.2 ശതമാനമാണ്. 23 വ്യവസായ മേഖലകളിൽ 19 എണ്ണവും വളർച്ച രേഖപ്പെടുത്തി. കംപ്യൂട്ടർ-ഇലക്ട്രോണിക്സ് മേഖലയിലെ ഉത്പാദന വളർച്ച 44 ശതമാനമാണ്. ജൂലായ്-സെപ്റ്റംബർ കാലയളവിലും വ്യാവസായിക ഉത്പാദനം മെച്ചപ്പെട്ട നിലയിലായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, ഉത്സവകാല കച്ചവടം മോശമായാൽ അത് അടുത്ത മാസങ്ങളിൽ ഉത്പാദനത്തെ ബാധിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2MarTWX
via
IFTTT
No comments:
Post a Comment