തിരുവനന്തപുരം: പതിവുപോലെ ഓണച്ചെലവിനുവേണ്ടി സർക്കാർ കടമെടുക്കുന്നു. ഇത്തവണ 2500 കോടി രൂപയാണ് പൊതുവിപണിയിൽനിന്നു കടമെടുക്കുന്നത്. ഓണക്കാലത്ത് ഏഴായിരം കോടി രൂപയാണ് ശമ്പളവും പെൻഷനും ഉൾപ്പെടെയുള്ള വിവിധ ചെലവുകൾക്കു വേണ്ടത്. വേണ്ടിവന്നാൽ ഈ മാസംതന്നെ ആയിരം കോടി രൂപകൂടി എടുക്കാനും ആലോചനയുണ്ട്.ഗഡുക്കളായി എടുക്കാൻ കേന്ദ്രം അനുവദിച്ച വായ്പാപരിധിയിൽ നിന്നുകൊണ്ടാണ് ഈ കടമെടുപ്പ്. റിസർവ് ബാങ്ക് വഴി പുറപ്പെടുവിക്കുന്ന കടപ്പത്രങ്ങളിലൂടെ ബാങ്കുകളിൽനിന്നാണ് ഈ പണം സമാഹരിക്കുന്നത്. 10 വർഷത്തെ കാലാവധിയിൽ മടക്കി നൽകണം.കഴിഞ്ഞ മാസവും പൊതുവിപണിയിൽനിന്ന് ആയിരം കോടി കടമെടുത്തിരുന്നു. ചെലവ് വൻതോതിൽ കൂടുന്നതുകൊണ്ട് എല്ലാ ഓണക്കാലത്തും സർക്കാർ വൻ തുക ഇത്തരത്തിൽ കടമെടുക്കാറുണ്ട്. 2500 കോടിയുടെ കടപ്പത്രം പുറപ്പെടുവിച്ചു. ഒാഗസ്റ്റ് ഏഴിനാണ് ലേലം.ജി.എസ്.ടി.യിൽനിന്നുള്ള വരുമാനത്തിലും നേരിയ കുറവുണ്ട്. ജൂണിൽ 1561 കോടി രൂപയായിരുന്നത് ജൂലായിൽ 1498 കോടി രൂപയായി കുറഞ്ഞു. മഴയും ലോറിസമരവുമാണ് നികുതി കുറയാൻ കാരണമായതെന്ന് വിലയിരുത്തുന്നു. എന്നാൽ നൂറോളം ഉത്പന്നങ്ങൾക്ക് ജി.എസ്.ടി. കൗൺസിൽ നികുതി കുറച്ചതിനാൽ കേരളത്തിന് ഇനിയും വരുമാനം കുറയാനാണ് സാധ്യതയെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. സംസ്ഥാനത്തിനകത്തെ വിൽപ്പനയിലൂടെയുള്ള വരുമാനം കാര്യമായി വർധിക്കുന്നില്ല. ഏപ്രിലിൽ 693 കോടിയും മേയിൽ 661 കോടിയും ജൂണിൽ 682 കോടിയും ജൂലായിൽ 650 കോടിയുമാണ് ഈയിനത്തിൽ ലഭിച്ചത്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ വൻതോതിൽ പുറത്തുനിന്നുള്ള ഉത്പന്നങ്ങൾ എത്തുന്നതിനാൽ അന്തസ്സംസ്ഥാന ജി.എസ്.ടി.യിൽനിന്ന് ഇതിന്റെ ഇരട്ടിയെങ്കിലും വരുമാനം കിട്ടണമെന്നാണ് നിഗമനം.അന്തസ്സംസ്ഥാന ജി.എസ്.ടി.യിൽ ക്രമമായ വർധനയുണ്ടെങ്കിലും അത് ഗണ്യമല്ല. ഏപ്രിലിൽ 802 കോടിരൂപയാണ് കേരളത്തിന് കിട്ടിയത്. ജൂലായിൽ ഇത് 848 കോടിയായി. എന്നാൽ അന്തസ്സംസ്ഥാന ജി.എസ്.ടി.യിൽ മുഴുവൻ തുകയും കേന്ദ്രം വീതിക്കാറില്ല. ഇത് എത്രയെന്ന് അറിയാനുമാവില്ല. ശേഷിക്കുന്ന തുക പിന്നീട് നൽകും. അടുത്തിടെ 1100 കോടിരൂപ കേരളത്തിന് ഇത്തരത്തിൽ കിട്ടിയിരുന്നു.ഇ-വേ ബിൽ നടപ്പാക്കിയതിലൂടെ ചരക്ക് കടത്തിലെ നികുതിവെട്ടിപ്പ് തടഞ്ഞ് കൂടുതൽ അന്തസ്സംസ്ഥാന നികുതി കേരളത്തിന് കിട്ടേണ്ടതാണ്. ഇത് ഉറപ്പാക്കാൻ വാഹനങ്ങളിലെ ഇ-വേ ബിൽ പരിശോധന കർശനമാക്കാൻ ധനവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി 100 സ്ക്വാഡുകൾ അധികമായി രൂപവത്കരിച്ചു. ഡിസംബറോടെ 20 ശതമാനം നികുതിവളർച്ച ഉറപ്പാക്കാനുള്ള കർശന പരിശോധനയാണ് ലക്ഷ്യം.
from mathrubhumi.latestnews.rssfeed https://ift.tt/2O7kNiA
via
IFTTT
No comments:
Post a Comment