ലോർഡ്സ്: ആദ്യമായി ഏകദിന ലോകകപ്പിൽ മുത്തമിട്ട അതേ ഗ്രൗണ്ടിൽ മുപ്പത്തിയഞ്ച് വർഷത്തിനുശേഷം ഇന്ത്യയ്ക്കൊരു നാണംകെട്ട ടെസ്റ്റ് തോൽവി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്നിങ്സിനും 159 റൺസിനുമാണ് ഇന്ത്യ തോറ്റത്. ടെസ്റ്റിന് തിരശ്ശീല വീഴാൻ ഒരു ദിവസം കൂടി ശേഷിക്കെയായിരുന്നു ഇന്ത്യയുടെ ദയനീയ തോൽവി. ഇതോടെ അഞ്ചു മത്സരങ്ങളുള്ള ടെസ്റ്റിൽ 2-0 എന്ന സ്കോറിൽ ഇംഗ്ലണ്ട് ലീഡ് നേടി. ഒന്നാം ടെസ്റ്റിൽ 31 റൺസിനായിരുന്നു ഇന്ത്യയുടെ പരാജയം. ഒന്നാമിന്നിങ്സിൽ 107 റൺസാണ് മാത്രമാണ് ഇന്ത്യ നേടിയത്. മറുപടിയായി ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 396 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലെയർ ചെയ്തു. 289 റൺസിന്റെ ഒന്നാമിന്നിങ്സ് ലീഡ് വഴങ്ങിയ ഇന്ത്യ നാലാം ദിനം കേവലം 47 ഓവറിൽ 130 റൺസിന് ഓൾഔട്ടായി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ആൻഡേഴ്സനാണ് ഇന്ത്യയെ കശാപ്പ് ചെയ്തത്. രണ്ടിന്നിങ്സിലുമായി മൊത്തം ഒൻപത് വിക്കറ്റാണ് ആൻഡേഴ്സൺ വീഴ്ത്തിയത്. ക്യാപ്റ്റൻ കോലി അടക്കം ഒരൊറ്റ ഇന്ത്യൻ ബാറ്റ്സ്മാനും ഇംഗ്ലീഷ് ബൗളിങ്ങിനെ ചെറുക്കാനായില്ല. 33 റൺസെടുത്ത അശ്വിനാണ് ടോപ് സ്കോറർ. ഒന്നാമിന്നിങ്സിലും അശ്വിൻ തന്നെയായിരുന്നു ഏറ്റുവും കൂടുതൽ റൺസ് നേടിയത്. മുരളി വിജയ് (0), കെ. എൽ. രാഹുൽ (10), ചേതേശ്വർ പൂജാര (17) രഹാനെ (13), കോലി (17), പാണ്ഡ്യ (26), കാർത്തിക് (0), കുൽദീപ് യാദവ് (0), മുഹമ്മദ് ഷമി (10 നോട്ടൗട്ട്) എന്നിങ്ങനെയായിരുന്നു ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെ പ്രകടനം. 13.2 ഓവറിലാണ് ആൻഡേഴ്സൺ അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. വോക്സ് രണ്ടും ബ്രോഡും കറനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഒന്നാമിന്നിങ്സിൽ 107 റൺസിന് പുറത്തായ ഇന്ത്യയ്ക്കെതിരേ വോക്സിന്റെയും (137 നോട്ടൗട്ട്) ബെയർസ്റ്റോയുടെയും (93) ബാറ്റിങ് മികവിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 396 റൺസാണ് ഇംഗ്ലണ്ട് നേടിയത്.ആദ്യ ഇന്നിങ്സിൽ 289 റൺസിന്റെ ലീഡായശേഷം ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. രണ്ടാമിന്നിങ്സിൽ മുരളി വിജയിയുടെ വിക്കറ്റെടുത്തതോടെ ലോർഡ്സിൽ 100 വിക്കറ്റ് സ്വന്തമാക്കുന്ന ബൗളറായി ആൻഡേഴ്സൺ. ആൻഡേഴ്സണ് മുമ്പ് മുത്തയ്യ മുരളീധരനാണ് ഒരു ഗ്രൗണ്ടിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത്. ശ്രീലങ്കയിലെ ഗോൾ സ്റ്റേഡിയത്തിൽ 111 വിക്കറ്റും കാൻഡിയിലെ അസ്ഗിരിയ സ്റ്റേഡിയത്തിൽ 117 വിക്കറ്റും കൊളംബോയിലെ എസ്.എസ്.സി സ്റ്റേഡിയത്തിൽ 166 വിക്കറ്റും നേടിയിട്ടുണ്ട് മുരളീധരൻ. ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം നമ്പർ ബൗളറായ ഇംഗ്ലീഷ് പേസറുടെ 550-ാമത്തെ ഇരയാണ് മുരളി വിജയ്. ആറു വിക്കറ്റിന് 357 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട് നാലാം ദിനം കളി തുടങ്ങിയത്. 39 റൺസ് കൂടി ഇന്നിങ്സിനോട് കൂട്ടിച്ചേർത്തതോടെ ഇംഗ്ലണ്ട് ഇന്നിങ്സ് അവസാനിപ്പിക്കുകയായിരുന്നു. 40 റൺസെടുത്ത സാം കറന്റെ വിക്കറ്റ് വീണതോടെയാണിത്. നേരത്തെ സെഞ്ചുറി പൂർത്തിയാക്കിയിരുന്ന ക്രിസ് വോക്ക്സ് 137 റൺസുമായി പുറത്താകാതെ നിന്നു. ഒരു ഘട്ടത്തിൽ അഞ്ചു വിക്കറ്റിന് 131 റൺസെന്ന നിലയിലായിരുന്ന ഇംഗ്ലണ്ട്, എന്നാൽ ആറാം വിക്കറ്റിൽ ഒത്തുചേർന്ന വോക്സ്-ബെയർസ്റ്റോ കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ടുവരികയായിരുന്നു. ഇരുവരും 189 റൺസാണ് സ്കോർബോർഡിലേക്ക് കൂട്ടിച്ചേർത്തത്. 129 പന്തിൽ നിന്നായിരുന്നു വോക്സ് തന്റെ ടെസ്റ്റ് കരിയറിലെ ആദ്യ സെഞ്ചുറി പൂർത്തിയാക്കിയത്. തൊട്ടുപിന്നാലെ ബെയർസ്റ്റോവും സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്നു. എന്നാൽ ഏഴു റൺസകലെ വെച്ച് ഹാർദിക് പാണ്ഡ്യ ബെയർസ്റ്റോവിനെ പുറത്താക്കി. ഇന്ത്യക്കായി ഷമിയും ഹാർദിക് പാണ്ഡ്യയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ജോസ് ബട്ലർ 24 റൺസെടുത്ത് പുറത്തായപ്പോൾ ക്യാപ്റ്റൻ ജോ റൂട്ടിന് 19 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ഇരുവരേയും മുഹമ്മദ് ഷമി വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. 32 റൺസെടുക്കുന്നതിനിടയിലാണ് ഇംഗ്ലണ്ടിന്റെ ഓപ്പണർമാർ പുറത്തായത്. 21 റൺസെടുത്ത അലെസ്റ്റയർ കുക്കിനെ ഇഷാന്ത് ശർമ്മ ദിനേശ് കാർത്തിക്കിന്റെ കൈയിലെത്തിച്ചു. 11 റൺസെടുത്ത ജെന്നിങ്സിനെ മുഹമ്മദ് ഷമി വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. പിന്നാലെ അരങ്ങേറ്റ താരം ഒളിവർ പോപ്പും ക്രീസ് വിട്ടു. 28 റൺസടിച്ച പോപ്പിനെ പാണ്ഡ്യ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. 19 റൺസെടുത്ത ജോ റൂട്ട് മുഹമ്മദ് ഷമിയുടെ ഇരയായി. അതും എൽ.ബി.ഡബ്ല്യുവായിരുന്നു. മഴ രണ്ടുവട്ടം കളിമുടക്കിയ രണ്ടാം ദിനം 35.2 ഓവറിൽ 107 റൺസിന് ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് ഇംഗ്ലണ്ട് അവസാനിപ്പിച്ചു. 29 റൺസെടുത്ത ആർ. അശ്വിനാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 💯 Test wickets for @jimmy9 at @HomeOfCricket - what an achievement!#ENGvIND #howzstat pic.twitter.com/X5gkNt3mBc — ICC (@ICC) August 12, 2018 Content Highlights: India vs England Second Test Lords
from mathrubhumi.latestnews.rssfeed https://ift.tt/2P2AOI0
via
IFTTT
No comments:
Post a Comment