കണ്ണൂർ: തലശ്ശേരി ഫസൽ വധക്കേസിലെ പ്രതികളും സി.പി.എം. നേതാക്കളുമായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ഒൻപത് വർഷത്തിനുശേഷം നാട്ടിൽ തിരിച്ചെത്തിയ ദിവസംതന്നെ ആദ്യ കുറ്റപത്രം ശരിവെച്ച് സി.ബി.ഐ. പുനരന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത് പാർട്ടിക്ക് തിരിച്ചടിയായി. ജാമ്യവ്യവസ്ഥയിൽ ഹൈക്കോടതി ഇളവ് നൽകിയതിനെത്തുടർന്ന് ജന്മനാട്ടിലെത്തിയ കാരായിമാർക്ക് വലിയ വരവേൽപ്പാണ് പ്രവർത്തകർ നൽകിയത്. പാർട്ടിസമ്മേളനങ്ങൾ നടക്കുന്ന വേളയിൽ നേതാക്കൾക്ക്് നാട്ടിലെത്തിയതിന്റെ സന്തോഷം നേതൃത്വത്തിനുണ്ട്. അതേസമയം കുറ്റപത്രത്തിൽ സി.ബി.ഐ. ഉറച്ചുനിൽക്കുന്നത് തിരിച്ചടിയാകുമോയെന്ന ആശങ്കയുമുണ്ട്. മറ്റൊരു കേസിൽ പിടിയിലായ ആർ.എസ്.എസ്. പ്രവർത്തകൻ പാറാൽ ചെമ്പ്ര സ്വദേശി കുപ്പി സുബീഷ് ഫസലിനെ കൊന്നത് സി.പി.എമ്മുകാരല്ലെന്നും ആർ.എസ്.എസുകാരാണെന്നും മൊഴിനൽകിയതാണ് കേസിൽ വഴിത്തിരിവായത്. മൊഴിയുടെ ഓഡിയോ, വീഡിയോ ക്ലിപ്പിങ്ങുകൾ പോലീസ് സി.ബി.ഐ.ക്ക് നൽകിയെങ്കിലും നടപടിയെടുത്തിരുന്നില്ല. കുപ്പി സുബീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഫസലിന്റെ സഹോദരൻ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ടത് ഹൈക്കോടതി അനുവദിക്കുകയായിരുന്നു. തുടർന്ന് പുനരന്വേഷണം നടത്തിയ സി.ബി.ഐ. നേരത്തേയുള്ള കണ്ടെത്തലിൽ ഉറച്ചുനിൽക്കുകയാണ്.കുപ്പി സുബീഷിന്റെ മൊഴികൾ സി.ബി.ഐ. വാദത്തിന്റെ മുനയൊടിക്കുമെന്ന് പാർട്ടി കരുതിയിരുന്നു. എന്നാൽ പോലീസ് ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണ് മൊഴിയെന്ന് സി.ബി.ഐ. പുനരന്വേഷണറിപ്പോർട്ടിൽ ആരോപിച്ചത് തിരിച്ചടിയായി. ഫസൽ വധക്കേസുമായി ബന്ധമില്ലെന്നാണ് കാരായി രാജനും ചന്ദ്രശേഖരനും പറയുന്നത്. ഫസലിന്റെ കൊലയ്ക്ക് കാരണക്കാർ സി.പി.എമ്മാണെന്ന്് ഭാര്യ മറിയം ഉറച്ചുവിശ്വസിക്കുമ്പോൾ ആർ.എസ്.എസാണെന്ന് അദ്ദേഹത്തിന്റെ സഹോദരൻ അബ്ദുൽഖാദർ പറയുന്നു.ഫസൽ വധക്കേസ് ഗൂഢാലോചനയിൽ പ്രതിചേർക്കപ്പെട്ടതോടെ 2012 ജൂണിലാണ് കാരായി രാജനും ചന്ദ്രശേഖരനും കോടതിയിൽ കീഴടങ്ങിയത്. ഒന്നരവർഷത്തെ ജയിൽവാസത്തിനുശേഷം ജാമ്യം കിട്ടിയെങ്കിലും ജാമ്യവ്യവസ്ഥ പ്രകാരം എറണാകുളത്തായിരുന്നു എട്ടുവർഷമായി താമസം. കേസിൽ ഉൾപ്പെട്ടിരിക്കെയാണ് 2015-ൽ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിച്ച് കാരായി രാജൻ കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റും കാരായി ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭാ ചെയർമാനുമായത്. ജാമ്യം ലഭിച്ചെങ്കിലും ജന്മനാട്ടിൽ പ്രവേശിക്കാൻ അനുവാദമില്ലാത്തതിനാൽ ഈ സ്ഥാനങ്ങൾ രാജിവെക്കേണ്ടിവന്നു.പത്രവിതരണക്കാരനായ ഫസൽ 2006 ഒക്ടോബർ 22-നാണ് തലശ്ശേരി സെയ്ദാർ പള്ളിക്കുസമീപം കൊല്ലപ്പെട്ടത്. ഫസലിന്റെ ഭാര്യ മറിയത്തിന്റെ അപേക്ഷപ്രകാരമാണ് കേസ് സി.ബി.ഐ. ഏറ്റെടുത്തത്. സി.പി.എം. പ്രവർത്തകനായ ഫസൽ പാർട്ടിവിട്ട് എൻ.ഡി.എഫിൽ ചേർന്നതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നായിരുന്നു ആരോപണം. കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ തുടങ്ങി എട്ടുപേരെയാണ് കേസിൽ അറസ്റ്റ്‌ചെയ്തത്.
from mathrubhumi.latestnews.rssfeed https://ift.tt/3EN5gij
via
IFTTT
No comments:
Post a Comment