ന്യൂഡൽഹി: നാട്ടിൽ പ്രിയതമ ശാന്തയുടെ ചിത എരിഞ്ഞുതീരും മുമ്പ് തലസ്ഥാനത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദിൽനിന്ന് ബാലൻ പൂതേരി പദ്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി. അർബുദരോഗബാധിതയായ ഭാര്യയുടെ ഏറ്റവും വലിയ ആഗ്രഹം അങ്ങനെ അകക്കണ്ണാൽ അക്ഷരോത്സവം തീർക്കുന്ന ഭർത്താവ് സാക്ഷാത്കരിച്ചു. 'അവളുടെ വലിയ മോഹമായിരുന്നു ഈ പുരസ്കാരം ഏറ്റുവാങ്ങണമെന്നത്. അതിനാൽ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കുന്നതിനു പകരം പുരസ്കാരം സ്വീകരിക്കാൻ തീരുമാനിച്ചു. ഇത്രയും വലിയ പുരസ്കാരം സ്വപ്നത്തിൽപ്പോലും കണ്ടിരുന്നില്ല. അത് വാങ്ങാനുള്ള സൗഭാഗ്യം കിട്ടി. സന്തോഷത്തിനൊപ്പം എല്ലായ്പോഴും ദുഃഖവുംകൂടി തേടിയെത്താറുണ്ട്''-പൂതേരി വേദന പങ്കുവെച്ചു. പദ്മശ്രീ പുരസ്കാരം ഏറ്റുവാങ്ങാൻ തിങ്കളാഴ്ച ഡൽഹിയിലെത്തിയ പൂതേരിയെ തേടി ചൊവ്വാഴ്ച പുലർച്ചെയാണ് ഭാര്യയുടെ വിയോഗ വാർത്ത എത്തിയത്. വൈകുന്നേരമായിരുന്നു പുരസ്കാര വിതരണം. ചടങ്ങു കഴിഞ്ഞ് നാട്ടിലെത്തുംവരെ മൃതശരീരം സൂക്ഷിക്കാനാവുന്ന സാഹചര്യമായിരുന്നില്ല. ഇതോടെയാണ് മൂന്നുമണിക്കുതന്നെ സംസ്കാരം നടത്താൻ തീരുമാനമായത്. ഭാര്യ കടവത്ത് ശാന്ത (59) അർബുദ ബാധയെത്തുടർന്ന് ചികിത്സയിലിരിക്കേ, ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെയാണ് മരിച്ചത്. പെരുവള്ളൂർ വലക്കണ്ടി അങ്കണവാടി അധ്യാപികയാണ്. മലപ്പുറം വേങ്ങര ജവാൻസ് കോളനിയിൽ കടവത്ത് അയ്യപ്പന്റെയും കരങ്ങാടൻ കുഞ്ഞമ്മയുടെയും മകളാണ്. മകൻ: രാംലാൽ. എന്നും ഒരു മനസ്സോടെ ഇരുമെയ്യെങ്കിലും ഒരു മനസ്സോടെ ജീവിച്ചവരായിരുന്നു പൂതേരിയും ശാന്തയും. ഇരുട്ടുകുത്തിയ ജീവിതത്തിൽനിന്ന് അക്ഷരവെളിച്ചത്തിലേക്ക് പൂതേരി വെച്ച ഓരോ ചുവടിലും ശാന്തടീച്ചറുടെ സാന്നിധ്യവുമുണ്ട്. പൂതേരിയുടെ എഴുത്തിന് എപ്പോഴും കൂടെയുണ്ടായിരുന്നു. പ്രൂഫ് വായിക്കാനും എഴുതാനുമടക്കം. 2006 മുതൽ ചികിത്സയിലായിരുന്നു ശാന്ത. എങ്കിലും പൂതേരിയുടെയും രോഗബാധിതനായ മകന്റെയും പരിചരണങ്ങളെല്ലാം കൃത്യമായി ചെയ്തു. 20 വർഷം മുമ്പ് കാഴ്ചശക്തി നഷ്ടമായിട്ടും 65 വയസ്സിനിടയിൽ ഹൈന്ദവാചാരാനുഷ്ഠാനങ്ങളെക്കുറിച്ച് 214 പുസ്തകങ്ങളെഴുതി ശ്രദ്ധേയനാണ് ബാലൻ പൂതേരി. കോഴിക്കോട് ഫറോക്ക് സ്വദേശി, മലപ്പുറം കാടപ്പടിയിൽ താമസം. തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിൽ എം.എ. ചരിത്ര പഠനത്തിനുശേഷം 1983-ൽ ആദ്യ പുസ്തകമായ 'ക്ഷേത്ര ആരാധന' പുറത്തിറക്കി. 1997-ൽ അമ്പതാം പുസ്തകമായ 'ഗുരുവായൂർ ഏകാദശി'. 63 പുസ്തകങ്ങളുടെ രചന പിന്നിട്ടശേഷം കാഴ്ച പൂർണമായും നഷ്ടമായെങ്കിലും ഐതിഹ്യകഥകളും സാരോപദേശ സന്ദേശങ്ങളും പുസ്തകമാക്കുന്നത് തുടർന്നു. നാട്ടിലെത്തിയാൽ ഭാര്യയുടെ സ്മരണയ്ക്ക് ഭിന്നശേഷിക്കാർക്കും അനാഥർക്കുമായി സ്ഥാപനം തുടങ്ങുകയെന്നതാണ് പൂതേരിയുടെ ആഗ്രഹം. വീട്ടിനടുത്ത പത്തുസെന്റ് സ്ഥലം ഇതിനായി ഉപയോഗിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/3C11C2B
via
IFTTT
No comments:
Post a Comment