തിരുവനന്തപുരം/ചെന്നൈ: മുല്ലപ്പെരിയാറിലെ മരംമുറിക്കാനുള്ള ഉത്തരവ് സംസ്ഥാനം അറിഞ്ഞെന്ന് വ്യക്തമാക്കിയുള്ള രേഖകൾ പുറത്ത്. കേരള-തമിഴ്‌നാട് ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തിയെന്ന് വ്യക്തമാക്കി മുല്ലപ്പെരിയാർ മേൽനോട്ടസമിതി അധ്യക്ഷൻ ഗുൽഷൻ രാജ് നൽകിയ കത്താണ് പുറത്തായത്. അതിനുപിന്നാലെ മരങ്ങൾ മുറിക്കാൻ അനുമതിനൽകുന്ന കേരള സർക്കാർ ഉത്തരവിന്റെ പകർപ്പ് തമിഴ്‌നാട് സർക്കാരും പുറത്തുവിട്ടു. ഇതോടെ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചപ്പോഴാണ് മരങ്ങൾ മുറിക്കാൻ അനുമതിനൽകിയകാര്യം അറിഞ്ഞതെന്ന വാദമുന്നയിച്ച സർക്കാർ പ്രതിരോധത്തിലായിരിക്കുകയാണ്.ബേബി ഡാമിനു സമീപത്തെ 15 മരങ്ങൾ മുറിക്കാനാവശ്യപ്പെട്ട് സെപ്റ്റംബർ മൂന്നിനാണ് മേൽനോട്ടസമിതി എക്‌സ് ഒഫീഷ്യോ ചെയർമാനും കേന്ദ്രജലകമ്മിഷനിലെ ചീഫ് എൻജിനിയറുമായ ഗുൽഷൻ രാജ് സംസ്ഥാന ജലവിഭവ അഡീ. ചീഫ് സെക്രട്ടറി ടി.കെ. ജോസിന് കത്തയച്ചത്. മേൽനോട്ടസമിതിയുടെ 14-ാം യോഗത്തോടനുബന്ധിച്ച് ജൂൺ 11-നാണ് തമിഴ്‌നാട് ഉദ്യോഗസ്ഥരും കേരള വനംവകുപ്പ് ഉദ്യോഗസ്ഥരും ഇവിടെ പരിശോധന നടത്തിയത്. ബേബി ഡാം ബലപ്പെടുത്തുന്നതിനായി 15 മരങ്ങൾ മുറിക്കാൻ തീരുമാനമെടുത്തു. ഇതുസംബന്ധിച്ച് പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടറെ അറിയിക്കാനും സമിതി തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു. കേരളത്തിലെ വനംവകുപ്പിന്റെ അനുമതി ലഭിക്കാൻ ഓൺലൈനിൽ അപേക്ഷിക്കാനും മരംവെട്ടാൻ അനുമതിനൽകാൻ വനംവകുപ്പിന് നിർദേശിക്കണമെന്നും കത്തിലുണ്ട്. തുടർന്നാണ് നവംബർ ഒന്നിന് ടി.കെ. ജോസിന്റെ ചേംബറിൽചേർന്ന യോഗത്തിൽ മരങ്ങൾ മുറിക്കാൻ തീരുമാനമെടുത്തത്. ഉത്തരവിന്റെ പകർപ്പ് പുറത്തുവിട്ട് തമിഴ്‌നാട് ബേബി ഡാമിന് സമീപമുള്ള മരങ്ങൾ മുറിക്കാൻ അനുമതിനൽകുന്ന കേരള വനംവകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന്റെ ഉത്തരവിന്റെ പകർപ്പ് തമിഴ്‌നാട് സർക്കാർ പുറത്തുവിട്ടു. അനുമതിനൽകി ഉത്തരവിട്ടതായി അറിയിച്ച പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ എ.പി. സുനിൽ ബാബുവിന്റെ കത്തിന്റെ പകർപ്പും പുറത്തുവിട്ടിട്ടുണ്ട്. ബേബി ഡാമിനു സമീപമുള്ള 23 മരങ്ങൾ മുറിച്ചുമാറ്റുന്നതിനാണ് തമിഴ്‌നാട് സർക്കാർ അനുമതിതേടിയതെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നവംബർ അഞ്ചിന് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. നവംബർ ആറിനാണ് അനുമതി നൽകിയതായി അറിയിച്ച് പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ തമിഴ്‌നാട് ജലവിഭവവകുപ്പ് പെരിയാർ സ്പെഷ്യൽ ഡിവിഷൻ എക്‌സിക്യുട്ടീവ് എൻജിനിയർ സാം ഇർവിന് കത്തുനൽകിയത്. മുറിച്ച മരങ്ങളുടെ തടിയും കമ്പുകളും പെരിയാർ വന്യജീവി സംരക്ഷണകേന്ദ്രത്തിനു പുറത്തേക്ക് കൊണ്ടുപോകാൻ പാടില്ലെന്ന് നിബന്ധന ഉത്തരവിൽ പറയുന്നുണ്ട്. പാട്ടക്കരാറിലും അനുമതിബേബി ഡാം പരിസരത്തെ മരം മുറിക്കാൻ തമിഴ്‌നാടിന് അനുമതിയുണ്ടെന്ന് മൂല പാട്ടക്കരാറിലുമുണ്ട്. പാട്ടക്കരാറിലെ അഞ്ചാം ക്ലോസ് പ്രകാരം അറ്റകുറ്റപ്പണികൾക്കായി മരം മുറിക്കാൻ തമിഴ്‌നാടിന് അനുമതിയുണ്ടെന്നാണ് രേഖ. മൂലക്കരാറിലെ പരാമർശം ഉൾപ്പെടുത്തിയാണ് ബെന്നിച്ചൻ തോമസ് മരങ്ങൾ മുറിക്കാനുള്ള അനുമതിനൽകി ഉത്തരവിറക്കിയതെന്നും പറയുന്നു. ഉദ്യോഗസ്ഥവീഴ്ച ചീഫ് സെക്രട്ടറി അന്വേഷിക്കും മുല്ലപ്പെരിയാറിൽ ബേബി ഡാമിനു സമീപത്തെ മരം മുറിക്കാൻ അനുമതിനൽകിയതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന കാര്യം ചീഫ് സെക്രട്ടറി വി.പി. ജോയി അന്വേഷിക്കും. ചീഫ് സെക്രട്ടറിയുടെ അന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടി. ഉത്തരവ് റദ്ദാക്കിയേക്കുംമരം മുറിക്കാൻ അനുമതിനൽകി ഇറക്കിയ ഉത്തരവ് റദ്ദാക്കാമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ മരവിപ്പിച്ചുനിർത്തിയ ഉത്തരവ് റദ്ദാക്കിയേക്കും. പാരിസ്ഥിതിക അനുമതിയും മറ്റും ആവശ്യമില്ലാത്തതിനാൽ സർക്കാരിന് ഉത്തരവ് റദ്ദാക്കാമെന്നാണ് അഡ്വക്കേറ്റ് ജനറൽ നൽകിയ ഉപദേശം. ഉത്തരവ് റദ്ദാക്കിയില്ലെങ്കിൽപ്പോലും മരം മുറിക്കണമെങ്കിൽ വള്ളക്കടവ് റേഞ്ച് ഓഫീസറുടെ അനുമതിവേണം. അതിനായി തമിഴ്‌നാട് ആവശ്യപ്പെട്ടാൽ അപ്പോൾ തടസ്സമുന്നയിക്കാമെന്ന കാര്യവും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നുണ്ട്. ബേബി ഡാമും എർത്ത് ഡാമും ശക്തിപ്പെടുത്താനും അപ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണി നടത്താനുമുള്ള അനുമതി ആവശ്യപ്പെട്ട് കേന്ദ്ര ജലവിഭവ ജോയന്റ് സെക്രട്ടറി സഞ്ജയ് അശ്വതി സംസ്ഥാനത്തിന് കത്തുനൽകിയിട്ടുണ്ട്. തമിഴ്‌നാടിന്റെ ആവശ്യം പരിഗണിച്ചാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്ന് നവംബർ എട്ടിന് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസിന് അയച്ച കത്തിൽ പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3F1qn0t
via
IFTTT
No comments:
Post a Comment