ചിറയിൻകീഴ്: വളർന്ന് തമ്മിൽ മുട്ടാറായ ശാർക്കരയിലെ ദേവസ്വം ആനകളുടെ കൊമ്പുമുറിക്കാനുള്ള നടപടികൾക്ക് ഒടുവിൽ അനക്കം വച്ചു. രണ്ടുവർഷമായി വനം വകുപ്പിന്റെ കനിവും കാത്തുകഴിയുന്ന ശാർക്കര ക്ഷേത്രത്തിലെ ദേവസ്വംവക ആനകളായ ആഞ്ജനേയന്റെയും ചന്ദ്രശേഖരന്റെയും ദുരിതം മാതൃഭൂമി ബുധനാഴ്ച വാർത്തയാക്കിയതിനു പിന്നാലെയാണ് വനംവകുപ്പിന്റെ നടപടി. കൊമ്പുമുറിക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം വെറ്ററിനറി ഡോക്ടറുടെ റിപ്പോർട്ട് ഉൾപ്പെടുന്ന ബോർഡിന്റെ അപേക്ഷ വനംവകുപ്പ് തിരുവനന്തപുരം ഓഫീസിൽനിന്ന് ആറ്റിങ്ങൽ റേഞ്ച് ഓഫീസർക്ക് അടിയന്തരമായി കൈമാറുകയായിരുന്നു. തുടർന്ന് വനംവകുപ്പിന്റെ ആറ്റിങ്ങൽ ഓഫീസിൽനിന്നുള്ള ഉദ്യോഗസ്ഥർ വ്യാഴാഴ്ച ശാർക്കരയിലെത്തി ആനകളുടെ അവസ്ഥ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഉടൻ സ്വീകരിക്കുമെന്ന് വനം, ദേവസ്വം വകുപ്പ് അധികൃതർ പറഞ്ഞു. ഒരുവർഷം മുൻപെങ്കിലും മുറിച്ചുമാറ്റേണ്ട ആനകളുടെ കൊമ്പുകളാണ് വനം വകുപ്പിന്റെ മെല്ലെപ്പോക്കുകാരണം ആനകളെ കഷ്ടത്തിലാക്കിയത്. ഇതിനിടയിൽ ചങ്ങലയുരഞ്ഞ് ആഞ്ജനേയന്റെ കൊമ്പിന് സാരമായ കേടുപാടുകളും സംഭവിച്ചു. വനംവകുപ്പിനോട് നടപടി ആവശ്യപ്പെട്ടു ചിറയിൻകീഴ്: ശാർക്കര ക്ഷേത്രത്തിലെ ദേവസ്വം ബോർഡ് വക ആനകളുടെ ദുരിതം മാതൃഭൂമിയിലൂടെ അറിഞ്ഞ കേരള ലീഗൽ സർവീസസ് അതോറിറ്റി അധികൃതർ ശാർക്കരയിലെത്തി ആഞ്ജനേയനേയും ചന്ദ്രശേഖരനേയും സന്ദർശിച്ച് വനംവകുപ്പ് അധികൃതരോട് നടപടി ആവശ്യപ്പെട്ടു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ കെ.വിദ്യാധരനാണ് ബുധനാഴ്ച ആനകളെ കണ്ടത്. ആനകളുടെ സ്ഥിതി വളരെ പരിതാപകരമാണെന്ന് അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ല. വനംവകുപ്പിന്റെ ഭാഗത്താണ് അലംഭാവം ഉണ്ടായത്. സോഷ്യൽ ഫോറസ്ട്രി ഉദ്യോഗസ്ഥനുമായി ഫോണിൽ സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ മൂന്നുദിവസത്തിനുള്ളിൽ അപേക്ഷയിൽ നടപടിയെടുക്കുമെന്ന് ഉറപ്പുനൽകിയതായും സെക്രട്ടറി പറഞ്ഞു. നൽകിയ അപേക്ഷാ ഫോമിലുണ്ടായ സാങ്കേതിക പ്രശ്നമാണ് നടപടി വൈകാൻ കാരണമെന്നാണ് വനം വകുപ്പ് അറിയിച്ചത്. എങ്കിലും ഇത്രയും കാലതാമസം ഉണ്ടായതിന് ന്യായീകരണമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3D19v9s
via
IFTTT
No comments:
Post a Comment