തിരുവനന്തപുരം: കാസർകോട്-തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയിൽവേ പദ്ധതിയായ കെ-റെയിൽ കേരളത്തിന് സാമ്പത്തികമായും പാരിസ്ഥിതികാഘാതത്തിന്റെ അടിസ്ഥാനത്തിലും ദുരന്തമാകുമെന്ന് പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. പ്രത്യേകപാതയാണ് ഇതിനായി നിർമിക്കേണ്ടത്. അതിൽ കുന്നുകൾക്കും പുഴകൾക്കും വയലുകൾക്കും സ്വാഭാവിക നാശമുണ്ടാകും. പ്രകൃതിദുരന്തങ്ങളുണ്ടാകുന്ന കേരളത്തിൽ അതിന്റെ ആധിക്യം കൂട്ടാനേ ഇത്തരം പദ്ധതികൾ സഹായിക്കൂവെന്ന് തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയിൽ പ്രശാന്ത് ഭൂഷൺ പറഞ്ഞു.ഒരുലക്ഷം കോടിരൂപയാണ് കെ-റെയിലിന് ചെലവുകണക്കാക്കുന്നത്. ജപ്പാൻ ഏജൻസിയിൽനിന്ന് പലിശരഹിതവായ്പ കിട്ടുമെന്നാണ് സർക്കാർ പറയുന്നത്. പക്ഷേ, പണപ്പെരുപ്പത്തിന്റെ തോതനുസരിച്ച് അഞ്ചുശതമാനമെങ്കിലും ഓരോ വർഷം കേരളം അധികം നൽകേണ്ടിവരും. ഇതുണ്ടാക്കുന്ന സാമ്പത്തികാഘാതം കാണാതെപോകരുത്. നിലവിലുള്ള പാത വികസിപ്പിച്ച് 100-150 കിലോമീറ്ററിൽ പോകാവുന്ന തീവണ്ടികൾ കൊണ്ടുവരാവുന്നതേയുള്ളൂ. അത് പരിസ്ഥിതി ആഘാതവും സാമ്പത്തിക ആഘാതവും കുറയ്ക്കുമെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.വൻപദ്ധതികളെല്ലാം കേരളത്തിന്റെ പരിസ്ഥിതിയെ തകർക്കുന്നതാണ്. വിഴിഞ്ഞം പദ്ധതി ഉദാഹരണമാണ്. തീരദേശത്തിന്റെ പരിസ്ഥിതികവചം അതില്ലാതാക്കി. കേന്ദ്രസർക്കാർ പരിസ്ഥിതിസംരക്ഷണചട്ടങ്ങൾ ഓരോ ദിവസവും ദുർബലപ്പെടുത്തുകയാണ് -അദ്ദേഹം പറഞ്ഞു.സ്വതന്ത്ര മാധ്യമപ്രവർത്തനം സാധ്യമാകാത്ത അവസ്ഥയാണ്. സർക്കാരിന്റെ സാമ്പത്തികസഹായം കാട്ടിയും ഭീഷണിപ്പെടുത്തിയും മാധ്യമങ്ങളെ വരുതിയിലാക്കിക്കഴിഞ്ഞു. ത്രിപുരയിലെ കലാപം സംബന്ധിച്ച അഭിഭാഷകസമിതിയുടെ കണ്ടെത്തലിനെക്കുറിച്ച് ‘ത്രിപുര കത്തുന്നു’ എന്ന് ട്വീറ്റുചെയ്ത മാധ്യമപ്രവർത്തകന്റെ പേരിൽ രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയത്. കേന്ദ്രസർക്കാരിനെ അലോസരപ്പെടുത്തുന്ന പ്രതികരണം നടത്തുന്നവരെയെല്ലാം രാജ്യദ്രോഹ കുറ്റവാളികളാക്കുന്നുവെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3kgjoJ1
via
IFTTT
No comments:
Post a Comment