തിരുവനന്തപുരം: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിക്കുകയും സ്വർണാഭരണങ്ങളും പണവും കവർന്ന കേസിൽ ഒരാളെ ഫോർട്ട് പോലീസ് അറസ്റ്റുചെയ്തു. ഐരാണിമുട്ടം ചിറപ്പാലം സ്വദേശി സച്ചി(23)നെയാണ് പോലീസ് അറസ്റ്റുചെയ്തത്. കേസിലെ മറ്റ് പ്രതികൾക്കുവേണ്ടി അന്വേഷണം ഊർജിതമാക്കി. ഹണിട്രാപ്പിൽ യുവാവിനെ പെടുത്തുകയായിരുന്നെന്നും സംശയമുണ്ട്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാണാനാണ് നെടുമങ്ങാട് സ്വദേശിയായ യുവാവ് ആറ്റുകാൽ പാർക്കിങ് ഗ്രൗണ്ടിലെത്തിയത്. ആഴ്ചകൾക്കു മുൻപ് പരിചയപ്പെട്ട പെൺകുട്ടിയുമായി യുവാവ് നിരന്തരം ചാറ്റുചെയ്യുന്നുണ്ടായിരുന്നു. കാറിൽ ആറ്റുകാലിലെത്തിയ യുവാവിനെ സച്ചിൻ അടക്കമുള്ള അഞ്ചംഗം സംഘം മർദിക്കുകയും ഐരാണിമുട്ടം ഹോമിയോ കോളേജിനു സമീപത്തെ ഗ്രൗണ്ടിലെത്തിച്ച് ഇയാളുടെ കൈവശമുണ്ടായിരുന്ന സ്വർണ മോതിരം, 16,000 രൂപ, വാഹനത്തിന്റെ രേഖകൾ എന്നിവ തട്ടിയെടുക്കുകയായിരുന്നു. സംഭവത്തെപ്പറ്റി പരാതിപ്പെട്ടാൽ ചാറ്റ് പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. വീണ്ടും പണം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഇയാൾ പോലീസിൽ പരാതിപ്പെട്ടത്. പെൺകുട്ടിയെന്ന പേരിൽ യുവാവിനെ ബന്ധപ്പെട്ടത് പ്രതികൾതന്നെയാണെന്നാണ് കരുതുന്നത്. മറ്റ് പ്രതികൾകൂടി പിടിയിലായാൽ ഇക്കാര്യത്തെപ്പറ്റി വ്യക്തത ലഭിക്കും. ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ എസ്.ഷാജിയുടെ നിർദേശാനുസരണം ഫോർട്ട് സി.ഐ. ജെ.രാകേഷ്, എസ്.ഐ.മാരായ സജു എബ്രഹാം, ദിനേശ്, സി.പി.ഒ.മാരായ സാബു, പ്രബൽ, വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡുചെയ്തു.
from mathrubhumi.latestnews.rssfeed https://ift.tt/30aAKjx
via
IFTTT
No comments:
Post a Comment